'ആ രണ്ട് ചെറുവരകള്‍ കണ്ടപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു, 6 വര്‍ഷത്തെ കാത്തിരിപ്പ്'

ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി സീരിയല്‍ താരം പ്രീത പ്രദീപും ഭര്‍ത്താവ് വിവേക് വി നായരും. ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുള്ള സന്തോഷവാര്‍ത്ത പ്രീത ഇന്‍സ്റ്റഗ്രാം റീലിലൂടെ ആരാധകരെ അറിയിച്ചു. ഗര്‍ഭിണിയാണെന്ന വിവരം ഭര്‍ത്താവിനോട് വെളിപ്പെടുത്തുന്ന റീലാണ് പ്രീത പോസ്റ്റ് ചെയ്തത്. ഇതിനൊപ്പം വൈകാരികമായ കുറിപ്പും അവര്‍ പങ്കുവെച്ചിട്ടുണ്ട്.
'ജീവിതത്തെ മാറ്റിമറിക്കുന്ന ചില നിമിഷങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാവും. അങ്ങനെയൊരു നിമിഷമായിരുന്നു ആ രണ്ട് ചെറു വരകള്‍ ഞാന്‍ കണ്ടപ്പോള്‍. ആ പ്രഭാതം, ലോകം ചെറുതായ പോലെ തോന്നി, മനസ്സ് നിശ്ശബ്ദമായി, പെട്ടെന്നുള്ള സന്തോഷം കണ്ണുകള്‍ നനയിച്ചു. എല്ലാം ജഗദീശ്വരന്‍ എഴുതിയ ഒരനുഗ്രഹീത പദ്ധതിയുടെ ഏടുകളാണെന്ന ബോധ്യം കൊണ്ടായിരിക്കാം. പുതിയൊരു അധ്യായം ആരംഭിക്കുന്നു. ഞങ്ങള്‍ ഇരുവരുടേയും ഹൃദയം ഇതിനകം തന്നെ സ്‌നേഹത്താല്‍ നിറഞ്ഞിരിക്കുന്നു.' -പ്രീത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പ്രഗ്നന്‍സി കിറ്റ് വാങ്ങി ടെസ്റ്റ് ചെയ്തുനോക്കിയ പ്രീത രണ്ട് ലൈനുകള്‍ കണ്ടതോടെ സന്തോഷത്തോടെ കരയുന്നത് റീലില്‍ കാണാം. തുടര്‍ന്ന് പായസമുണ്ടാക്കുകയും അത് ഭര്‍ത്താവിന് നല്‍കുകയും ചെയ്തു. അതിനുശേഷം പായസം ഒരു കുഞ്ഞ് ക്ലാസില്‍ പകര്‍ന്നു നല്‍കിയാണ് പ്രീത സന്തോഷവാര്‍ത്ത ഭര്‍ത്താവിനെ അറിയിച്ചത്. ഈ സര്‍പ്രൈസില്‍ സന്തോഷംകൊണ്ട് ഭര്‍ത്താവിന്റെ കണ്ണുകള്‍ നിറയുന്നതും റീലില്‍ കാണാം. ടെസ്റ്റ് റിസല്‍ട്ട് കൂടി പ്രീത ഭര്‍ത്താവിനെ കാണിക്കുന്നുണ്ട്.
സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഇരുവര്‍ക്കും അഭിനന്ദനം അറിയിച്ച് പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. നടിമാരായ സ്വാസിക, മൃദുല വിജയ്, അമൃത നായര്‍, അശ്വതി ശ്രീകാന്ത് തുടങ്ങിയവര്‍ അഭിനന്ദനം അറിയിച്ചു. 'സൂപ്പര്‍, അഭിനന്ദനങ്ങള്‍, ഉമ്മ' എന്നാണ് സ്വാസിക കുറിച്ചത്.
അടുത്ത സുഹൃത്തായ വിവേകിനെ 2019 ഓഗസ്റ്റിലാണ് പ്രീത വിവാഹം ചെയ്യുന്നത്. നിലവില്‍ ഭര്‍ത്താവിനൊപ്പം ലണ്ടനില്‍ താമസിക്കുന്ന പ്രീത സീരിയല്‍ രംഗത്ത് സജീവമല്ല.
Content Highlights: actress preetha pradeeps pregnancy reveal video