വരുണ്‍ തേജയുടെ വിവാഹനിശ്ചയത്തിന് ഒറ്റയ്ക്കെത്തി നിഹാരിക; ചൈതന്യയുമായി വേര്‍പിരിഞ്ഞെന്ന് സൂചന

നിഹാരിക കൊനിഡേലയും ചൈതന്യ ജൊനലഗഡയും | Photo: instagram/ stories photography
നിഹാരിക കൊനിഡേലയും ചൈതന്യ ജൊനലഗഡയും | Photo: instagram/ stories photography

ചിരഞ്ജീവിയുടെ സഹോദരനും തെലുങ്ക് താരവുമായ നാഗേന്ദ്ര ബാബുവിന്റെ മകള്‍ നിഹാരിക കൊനിഡേല പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മയക്കുമരുന്ന് റെയ്ഡില്‍ നിഹാരികയുടെ പേരും ഉയര്‍ന്നുവന്നിരുന്നു, ബഞ്ചാര ഹില്‍സില്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് നടന്ന റെയ്ഡില്‍ നിഹാരിക ഉള്‍പ്പെടെ 140 പേരെ പോലീസ് കസ്റ്റഡയില്‍ എടുത്തുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ഇപ്പോഴിതാ നിഹാരികയുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്. ബിസിനസ് സ്ട്രാറ്റജിസ്റ്റായ ചൈതന്യ ജൊനലഗഡയേയാണ് നിഹാരിക വിവാഹം ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം സഹോദരനും നടനുമായ വരുണ്‍ തേജയുടെ വിവാഹനിശ്ചയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ നിഹാരിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ ചിത്രങ്ങളിലൊന്നും ചൈതന്യയുണ്ടായിരുന്നില്ല. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കളും പങ്കെടുത്ത ചടങ്ങില്‍ ചൈതന്യയുണ്ടായിരുന്നില്ല. രാം ചരണും അല്ലു അര്‍ജുനും ചിരഞ്ജീവിയുമെല്ലാം പരിപാടിക്കെത്തിയിരുന്നു. 

ഇതോടെ നിഹാരികയുടെ പോസ്റ്റിന് താഴെ ആരാധകര്‍ ചോദ്യങ്ങളുമായെത്തി. ചൈതന്യ എവിടെയാണെന്നും അദ്ദേഹവുമായി വേര്‍പിരിഞ്ഞോ എന്നും ആളുകള്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ നിഹാരിക ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ ചൈതന്യയെ നിഹാരിക അണ്‍ഫോളോ ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് വിവാഹ ഫോട്ടോകളും ഡിലീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇരുവരും വേര്‍പിരിയുകയാണെന്ന തരത്തില്‍ പ്രചാരണങ്ങളുമുണ്ടായി. 

2020 ഡിസംബര്‍ ഒമ്പതിന് ഉദയ്പുര്‍ പാലസിലായിരുന്നു ഇരുവരുടേയും വിവാഹം. താരസമ്പന്നമായ വിവാഹം ആര്‍ഭാടങ്ങളോടെയാണ് നടത്തിയത്. ചിരഞ്ജീവി, അല്ലു അര്‍ജുന്‍, ഭാര്യ സ്‌നേഹ റെഡ്ഡി, രാം ചരണ്‍, ഭാര്യ ഉപാസന തുടങ്ങിയവരെല്ലാം വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഒക മനസു, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ തെലുങ്ക് ചിത്രങ്ങളില്‍ നിഹാരിക അഭിനയിച്ചിട്ടുണ്ട്.
 

Content Highlights: actress niharika konidela confirms divorce from chaitanya jonnalagadda