'ഈ സ്‌നേഹത്തിനായി ഒരുപാട് കരഞ്ഞു, പോരാടി'- നടി നയന ജോസന്‍ വിവാഹിതയായി

നയന ജോസനും ഗോകുലും | Photo: instagram/ nayana josan
നയന ജോസനും ഗോകുലും | Photo: instagram/ nayana josan

നടിയും നര്‍ത്തകിയുമായ നയന ജോസന്‍ വിവാഹിതയായി. ഡാന്‍സറും മോഡലുമായ ഗോകുല്‍ കാകരോട്ടാണ് വരന്‍. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരും. കഴിഞ്ഞ വര്‍ഷം മെയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. 

വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നുള്ളവരായതിനാല്‍ ഏറെ എതിര്‍പ്പുകള്‍ മറികടന്നാണ് വിവാഹത്തിലെത്തിയതെന്ന് വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന വ്യക്തമാക്കിയിരുന്നു. 'വ്യത്യസ്ത മതവിഭാഗത്തില്‍പെട്ടവരായാതിനാല്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ സ്‌നേഹത്തിന് വേണ്ടി ഞങ്ങള്‍ ഒരുമിച്ച് പോരാടി. വളരെ പിന്തുണ നല്‍കുന്ന, കരുതലുള്ള, എന്നെ പിന്തുണയ്ക്കുന്ന ഈ മനുഷ്യനെ ലഭിക്കാന്‍ ഞാന്‍ ഒരുപാട് കരഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ ആഘോഷം തുടങ്ങാന്‍ പോകുന്നു.' അന്ന് നയന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.

ഓറഞ്ച് നിറത്തിലുള്ള സാരിയും വയലറ്റ് ബ്ലൗസുമായി വിവാഹത്തിന് നയന തിരഞ്ഞെടുത്തത്. ഓറഞ്ച് സാരിക്ക് വയലറ്റില്‍ ഗോള്‍ഡന്‍ വര്‍ക്കോട് കൂടിയ ഹെവി ബോര്‍ഡറും നല്‍കിയിരുന്നു. പേസ്റ്റല്‍ നിറത്തിലുള്ള കുര്‍ത്തയും പൈജാമയുമായിരുന്നു ഗോകുലിന്റെ ഔട്ട്ഫിറ്റ്.

കാത്തിരുന്ന ദിവസമായിരുന്നു ഇതെന്നും എല്ലാവരുടേയും പ്രാര്‍ഥനയും പിന്തുണയും വേണമെന്നും വിവാഹശേഷം നയന പ്രതികരിച്ചു. 'വളരെയധികം സന്തോഷമുണ്ട്. കുറച്ച് വര്‍ഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്. ഇനി ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിന് നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ഥനയും പിന്തുണയും വേണം. വിവാഹത്തിന്റെ ഈ ലുക്ക് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു. കല്ല്യാണത്തിലെ ആദ്യത്തെ ചടങ്ങിന്റെ സാരി കാഞ്ചീവരത്തില്‍ നിന്നാണെടുത്തത്. സ്റ്റൈലിസ്റ്റ് ശബരീഷ് ചേട്ടനാണ്. മേക്കപ്പ് ചെയ്തത് സജിത്ത് ആന്റ് സുജിത്താണ്. കല്ല്യാണത്തിന്റെ ലുക്ക് മാത്രമല്ല, സദ്യയും അടിപൊളിയാണെന്ന് എല്ലാവരും പറഞ്ഞു.'-നയന പറയുന്നു. 

വിവാഹത്തിന് മുന്നോടിയായി മധുരംവെപ്പ്, ബ്രൈഡല്‍ ഷവര്‍, മെഹന്ദി ആഘോഷങ്ങളും നടന്നിരുന്നു. കൂടാതെ സേവ് ദ ഡേറ്റ് വീഡിയോയും ചിത്രങ്ങളും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
 

Content Highlights: actress nayana josan got married