'നഖത്തിന്റെ നിറവ്യത്യാസം നെയില്‍ പോളിഷ് ഇട്ടതുമൂലമല്ല...'; കാരണം വ്യക്തമാക്കി ഹിന ഖാന്‍

സ്‌റ്റേജ് 3 സ്തനാര്‍ബുദത്തോടുള്ള ധീരമായ പോരാട്ടത്തിലാണ് നടി ഹിനാ ഖാന്‍. രോഗത്തേക്കുറിച്ചും ചികിത്സയിലെ പുരോഗതിയെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ അവര്‍ ആരാധകരുമായി സാമൂഹികമാധ്യത്തിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ കൈനഖത്തിലെ നിറവ്യത്യാസത്തിന് കാരണമെന്തെന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഹിന. അര്‍ബുദചികിത്സയുടെ ഭാഗമായ കീമോതെറാപ്പിയുടെ പാര്‍ശ്വഫലമായാണ് നഖത്തിന് നിറവ്യത്യാസം വന്നതെന്നാണ് നടിയുടെ മറുപടി. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് അവരുടെ പ്രതികരണം.
നിങ്ങളില്‍ ഒരുപാടുപേര്‍, ഞാന്‍ താമസിക്കുന്ന കെട്ടിടത്തിലെ ചിലര്‍ ഉള്‍പ്പെടെ എന്റെ നഖങ്ങളേക്കുറിച്ച് ചോദിക്കാറുണ്ട്. ഞാന്‍ നെയില്‍ പോളീഷ് ഒന്നും ഉപയോഗിച്ചിട്ടില്ല. നെയില്‍ പോളിഷ് ഇട്ട് എനിക്ക് എങ്ങനെ പ്രാര്‍ഥിക്കാനാകും. എന്റെ പ്രിയപ്പെട്ടവരെ തലച്ചോറ് അല്‍പം പ്രവര്‍ത്തിപ്പിച്ചു നോക്കൂ. കീമോ തെറാപ്പിയുടെ ഏറ്റവും സാധാരണമായ പാര്‍ശ്വഫലങ്ങളില്‍ ഒന്നാണ് നഖത്തിലുണ്ടാകുന്ന നിറവ്യത്യാസം. എന്റെ നഖങ്ങള്‍ എളുപ്പത്തില്‍ ഒടിയുന്നവിധത്തിലായിക്കഴിഞ്ഞു. വരണ്ടിരിക്കുകയാണ്. ചിലപ്പോള്‍ അത് അടിയിലെ ത്വക്കില്‍നിന്ന് ഉയര്‍ന്നുനില്‍ക്കും. പക്ഷേ.. നിങ്ങള്‍ക്കറിയാമോ ഇതിന്റെ നല്ല വശം എന്താണെന്ന്. ഇതെല്ലാം താല്‍ക്കാലികമാണ്.. മാത്രമല്ല ഓര്‍ക്കൂ.. നാം രോഗമുക്തി നേടിക്കൊണ്ടിരിക്കുകയാണ്, ഹിന ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു.
2024 ജൂണ്‍മാസത്തിലാണ് അര്‍ബുദബാധിതയാണെന്ന് ഹിന ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ വെളിപ്പെടുത്തുന്നത്. ഹിന്ദി ടെലിവിഷന്‍ പരമ്പരകളായ യേ രിഷ്താ ക്യാ കെഹ്‌ലാതാ ഹേ, കസൗട്ടി സിന്ദ്ഗി കീ തുടങ്ങിയവയിലൂടെ പ്രശസ്തയാണ് ഹിന.
Content Highlights: actress hina khan on change of nail colour