'ഒരുപാട് നാളുകള്‍ക്ക് ശേഷം സന്തോഷം നിറഞ്ഞൊരു വിഷു ആഘോഷിച്ചു'; മകള്‍ക്ക് കൈനീട്ടം നല്‍കി ഭാമ

നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ഭാമ. തുടര്‍ന്ന് സൈക്കിള്‍, കളേഴ്സ്, ഇവര്‍ വിവാഹിതരായാല്‍, സെവന്‍സ്, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ അഭിനയിച്ചു. 2020-ല്‍ വിവാഹിതയായ താരം പിന്നീട് വെള്ളിത്തിരയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ച് കാലങ്ങളായി ഭാമ വിവാഹബന്ധം വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഭാമ പങ്കുവെയ്ക്കുന്ന ചിത്രങ്ങളിലും വീഡിയോകളിലും ഭര്‍ത്താവ് അരുണിന്റെ അഭാവം ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. മകള്‍ ഗൗരിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയിലും ഭര്‍ത്താവുണ്ടായിരുന്നില്ല. അതു മാത്രമല്ല, വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം ഭാമ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ മകള്‍ക്കൊപ്പം വിഷു ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി. വീട്ടിലെ പൂജാമുറിയില്‍ ഒരുക്കിയ വിഷുക്കണിക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രവും മകള്‍ക്ക് വിഷുക്കൈനീട്ടം നല്‍കുന്ന ചിത്രവും ഭാമ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ മകളുടെ മുഖം ഒരു സ്‌മൈലി കൊണ്ട് മറച്ചിട്ടുണ്ട്. മഞ്ഞപ്പൂക്കള്‍ പ്രിന്റ് ചെയ്ത സെറ്റ് സാരിയും പച്ച ബ്ലൗസുമാണ് ഭാമയുടെ വേഷം.
'എല്ലാവര്‍ക്കും എന്റേയും മകളുടേയും വിഷും ആശംസകള്‍. ഒരുപാട് നാളുകള്‍ക്ക് ശേഷം ഞാനും മകളും സന്തോഷം നിറഞ്ഞ വിഷു ആഘോഷിച്ചു' എന്നും ചിത്രങ്ങള്‍ക്കൊപ്പം ഭാമ കുറിച്ചിട്ടുണ്ട്.
അടുത്തിടെ വാസുകി എന്ന പേരില്‍ പുതിയ വസ്ത്ര ബ്രാന്‍ഡും താരം തുടങ്ങിയിരുന്നു. പട്ടുസാരിയില്‍ നിന്ന് തുടങ്ങി എത്നിക് വസ്ത്രങ്ങളുടെ ഒരു വലിയ കളക്ഷനാണ് വാസുകി. വാസുകിയുടെ വസ്ത്രങ്ങള്‍ അണിഞ്ഞുള്ള നിരവധി ഫോട്ടോഷൂട്ടുകള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlights: actress bhama celebrates vishu with daughter gauri