അബുദാബി ലോകത്തിലെ പ്രധാന വെഡ്ഡിങ് ഡെസ്റ്റിനേഷൻ; ഒരു മണിക്കൂറിൽ 13 വിവാഹങ്ങൾ

Photo: AI generated image
Photo: AI generated image

അബുദാബി: ലോകത്തിലെ പ്രധാനപ്പെട്ട വെഡ്ഡിങ് ഡെസ്റ്റിനേഷനായി അബുദാബി എമിറേറ്റ്. അബുദാബി സിവിൽ ഫാമിലി കോടതി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം എമിറേറ്റിലെ സിവിൽ വിവാഹ രജിസ്‌ട്രേഷനിൽ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയത്. 2021-ൽ പുതിയ നിയമം നിലവിൽ വന്നതിന് ശേഷം ഇതുവരെ ഏകദേശം 53,000 പേർ വിവാഹിതരായി. വിദേശികൾക്ക് വിവാഹ രജിസ്‌ട്രേഷന് ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യമുണ്ട് എന്നതാണ് പ്രത്യേകത. ഒരേ ദിവസം വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള എക്‌സ്പ്രസ് സർവീസും ലഭ്യമാണ്.

വിദേശികൾക്കും താമസക്കാർക്കും അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി സിവിൽ വിവാഹ സേവനങ്ങൾ പ്രയോജനപ്പെടുത്താം. വിദേശികളുടെ വിവാഹ നിരക്ക് പരിശോധിക്കുമ്പോൾ ഒരു മണിക്കൂറിൽ 13 വിവാഹങ്ങൾ നടന്നിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓരോ മാസവും ശരാശരി 2,500 ലേറെ വിവാഹങ്ങളാണ് അബുദാബിയിൽ നടക്കുന്നത്. ഈ വർഷം തുടക്കത്തിൽതന്നെ മുൻവർഷങ്ങളെ അപേക്ഷിച്ച് രജിസ്‌ട്രേഷനിൽ 20 മുതൽ 30 ശതമാനം വരെ വർധനവുണ്ട്.

മതപരമായ നിയന്ത്രണങ്ങളില്ലെന്നതും അപേക്ഷ നൽകി മണിക്കൂറുകൾക്കുള്ളിൽ വിവാഹ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നതും ലളിതമായ നടപടിക്രമങ്ങളാണ് എന്നതുമാണ് അബുദാബിയിൽ വിവാഹ രജിസ്‌ട്രേഷനിൽ വർധനവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മുസ്ലിം ഇതര വിഭാഗങ്ങൾക്കും വിവിധ മതങ്ങളിൽപ്പെട്ടവർക്കും വളരെ എളുപ്പത്തിൽ വിവാഹിതരാകാം. ലളിതനായതും വേഗത്തിലുള്ളതുമായ നടപടിക്രമങ്ങൾ വിനോദസഞ്ചാരികളെ വലിയ രീതിയിൽ ആകർഷിക്കുന്നുമുണ്ട്. ഓൺലൈനായി അപേക്ഷിക്കുമ്പോൾ രേഖയായി എമിറേറ്റ്‌സ് ഐഡിയോ പാസ്പോർട്ടോ മാത്രം മതിയാകും. പ്രവാസികൾക്ക് അവരുടെ എംബസികളിൽ രേഖകൾ നൽകി മാസങ്ങളോളം കാത്തുനിൽക്കാതെ തന്നെ നിയമപരമായി വിവാഹിതരാകാം. സാക്ഷികളുടെ സാന്നിധ്യത്തിൽ ജഡ്ജിക്ക് മുന്നിൽ വെച്ച് വിവാഹം ഔദ്യോഗികമായി നടക്കും.

അബുദാബി സിവിൽ കോടതി നൽകുന്ന വിവാഹ സർട്ടിഫിക്കറ്റിന് അന്താരാഷ്ട്ര തലത്തിൽ വലിയ അംഗീകാരമുണ്ട്. പല പാശ്ചാത്യ രാജ്യങ്ങളിലും ഈ സർട്ടിഫിക്കറ്റ് നേരിട്ട് സ്വീകരിക്കുകയും ചെയ്യാറുണ്ട്. വെഡ്ഡിങ് ടൂറിസം പദ്ധതിയുടെ ഭാഗമായി വിദേശരാജ്യങ്ങളിൽനിന്നുപോലും ഒട്ടേറെപേരാണ് വിവാഹം കഴിക്കാനായി മാത്രം അബുദാബിയിലെത്തുന്നത്. ഇത് ഹോട്ടൽ, വിനോദസഞ്ചാര മേഖലയ്ക്കും വലിയ ഉണർവ് നൽകുന്നുണ്ട്. വിവാഹത്തിൽ മാത്രമല്ല വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം , സ്വത്ത് വിഭജനം എന്നിവയിലും സിവിൽ കോടതിയുടെ പിന്തുണ വിദേശികൾക്കുണ്ടാകാറുണ്ട്. ദമ്പതികളിൽ ഒരാൾ മറ്റൊരാൾക്ക് മേൽ കുറ്റങ്ങൾ ആരോപിക്കാതെ തന്നെ വിവാഹമോചനം നേടാൻ അനുവദിക്കുന്ന നിയമപരമായ 'നോ ഫോൾട്ട് ഡിവോഴ്‌സ്' എന്ന രീതി പിന്തുടരുന്നതിനാൽ നിയമനടപടികൾ കൂടുതൽ വേഗത്തിലും സുതാര്യവുമാണ്.

Content Highlights: Discover Abu Dhabi as a premier wedding destination. With over 53,000 civil marriages registered since 2021 and a record rate of 13 weddings per hour, experience swift, seamless, and internationally recognized wedding services. Plan your dream wedding effortlessly.