സ്ക്രിപ്റ്റുകളില്ലാത്ത ജീവിതകഥകൾ; 'ചെറിയ, വലിയ കാര്യങ്ങളു'മായി അബിൻ മൈക്കിളും മകൾ ഹന്നാ റോസും

#പി. ശില്പ
അബിൻ മൈക്കിളിന്റെ വ്ലോ​ഗിൽനിന്ന് |സ്ക്രീൻ​ഗ്രാബ്
അബിൻ മൈക്കിളിന്റെ വ്ലോ​ഗിൽനിന്ന് |സ്ക്രീൻ​ഗ്രാബ്

തൃക്കരിപ്പൂർ: കൈയിലൊരു കഷ്ണം കേക്കും ചുണ്ടിൽ മായാത്ത പുഞ്ചിരിയും ഉള്ളിൽ കടലോളം സ്നേഹവുമായി ഹന്നാ റോസ് എന്ന നാലുവയസ്സുകാരി നടത്തിയ യാത്ര ഒരുപക്ഷേ നിങ്ങളുടെ ഉള്ള് തൊട്ടിട്ടുണ്ടാകും. കേക്കിൻകഷ്ണം കുടുംബാംഗങ്ങൾക്ക് ഓരോരുത്തർക്കായി പങ്കുവെക്കാൻ കുഞ്ഞ് ഹന്ന നടത്തിയ യാത്ര ഒരു കഥയായപ്പോൾ, അച്ഛൻ അബിൻ മൈക്കിൾ ഒരു കഥപറച്ചിലുകാരനുമായി. സാമൂഹികമാധ്യമങ്ങളിൽ സ്ക്രിപ്റ്റുകളില്ലാത്ത ജീവിതകഥകളുമായി സ്നേഹത്തിന്റെയും നിഷ്കളങ്കതയുടെയും തുരുത്തായി മാറിയിരിക്കുകയാണ് കാസർകോട് പാലാവയലിലെ അബിൻ മൈക്കിളും മകൾ നാലുവയസ്സുകാരി ഹന്നാ റോസും.

അബിൻ മകൾ ഹന്നയിലൂടെയും ചുറ്റുമുള്ള മനുഷ്യരിലൂടെയും പങ്കുവെക്കുന്നത് കേവലം കാഴ്ചകളല്ല. മറിച്ച് മലയാളി വീണ്ടെടുക്കാൻ ശ്രമിക്കുന്ന നിഷ്കളങ്കതയുടെ മൂല്യങ്ങളും വീട്ടുവിശേഷങ്ങളുമാണ്. ഒപ്പം കുഞ്ഞ് ഹന്നാ റോസ് പങ്കുവെക്കുന്ന 'ചെറിയ, വലിയ കാര്യങ്ങളും'. വീടിന്റെയോ നാടിന്റെയോ ഹന്ന പോകുന്ന അങ്കണവാടിയുടെയോ പശ്ചാത്തലത്തിൽ, തികച്ചും സ്വാഭാവികമായ സാഹചര്യത്തിലാണ് ഇവരുടെ വീഡിയോകൾ ജനിക്കുന്നത്. ചായങ്ങളോ ചമയങ്ങളോ അഭിനയങ്ങളോ ഇല്ലാതെ ജീവിതം തന്നെയാണ് ഇവർ പറയുന്നത്. അബിൻ കഥകൾ പറഞ്ഞുതുടങ്ങിയപ്പോൾ മലയാളികൾ ഒന്നടങ്കം അത് കേട്ടിരുന്നു.

തുടക്കം അഞ്ചുമാസം മുൻപ്

ഹയർ സെക്കൻഡറി അധ്യാപകനായിരുന്നു അബിൻ. കാത്തോലിക്കാസഭയിലെ 'ജീസസ് യൂത്ത്' എന്ന പ്രസ്ഥാനവുമായുള്ള ബന്ധം വഴിത്തിരിവായി. പ്രസ്ഥാനത്തിന്റെ ഭാഗമായി ഇന്ത്യയിലും വിദേശത്തും പ്രവർത്തിച്ചു. പാപ്പുവ ന്യൂ ഗിനിയയിൽ നാലുവർഷത്തോളം കുടുംബത്തോടൊപ്പമാണ് സേവനംചെയ്തത്. വിവിധ സ്ഥലങ്ങളിലെയും അവിടത്തെ മനുഷ്യരുടെയും ഇടയിലുള്ള ഈ വർഷങ്ങൾ ജീവിതത്തോടുള്ള കാഴ്ചപ്പാടിനെയും മനോഭാവത്തെയും പൂർണമായും മാറ്റിമറിച്ചു. 2025 ഓഗസ്റ്റിലാണ് മിഷൻ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയത്. അതിനുശേഷമാണ് സാമൂഹികമാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങിയത്.

യാത്രകളിലെ, സേവനങ്ങളിലെ അനുഭവങ്ങൾ കൊച്ചുകൊച്ചു വീഡിയോകളിലൂടെയും റീലുകളിലൂടെയും അബിൻ മറ്റുള്ളവരുമായി പങ്കുവെച്ചുതുടങ്ങി. ഫെയ്സ്ബുക്കിലാണ് ഹന്നാ റോസിന്റെ വീഡിയോ ആദ്യമായി അബിൻ പങ്കുവെച്ചത്. പിന്നീടാണ് അബിൻ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്നത്. നിലവിൽ അബിന് ഫെയ്സ്ബുക്കിൽ 1.25 ലക്ഷം ഫോളോവേഴ്സും ഇൻസ്റ്റഗ്രാമിൽ 1.37 ഫോളോവേഴ്‌സും യൂട്യൂബിൽ 33,800 സബ്സ്‌ക്രൈബേഴ്സുമുണ്ട്.

കഥപറച്ചിൽ തുടരും

നേരത്തേ തീരുമാനിച്ചവയല്ല മറിച്ച് ചുറ്റുമുള്ള മനുഷ്യരും അവർ ജീവിക്കുന്ന സ്ഥലങ്ങളും അവരുടെ ചെറിയ വലിയ കാര്യങ്ങളുമാണ് അബിന്റെ വീഡിയോകളുടെ ഉള്ളടക്കം. ആളുകളെ വിമർശിക്കാതെ, കുറ്റപ്പെടുത്താതെ സ്നേഹം പങ്കുവെക്കുന്നതാണവ. കഥയും കഥ പറച്ചിലും തുടരുമെന്ന് അബിൻ പറഞ്ഞു. മരിയ അബിനാണ് ഭാര്യ. നോവ തെരേസയാണ് ഇളയ മകൾ.

Content Highlights: Abin Michael, a former teacher and missionary, has become a social media sensation alongside his four-year-old daughter Hanna Rose by sharing unscripted, soul-touching stories of love and innocence from their daily life in Kasaragod.