'സ്വിറ്റ്‌സര്‍ലന്‍ഡിലായിരുന്നു ആദ്യ കൂടിക്കാഴ്ച്ച,അന്ന് ഞാന്‍പറഞ്ഞതൊന്നും ഐശ്വര്യയ്ക്ക് മനസിലായില്ല'

ബോളിവുഡിലെ ഏറ്റവും ജനപ്രീതിയുള്ള താരദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. 1995-ലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് അഭിഷേക് സിനിമയിലേക്ക് ചുവടുവെയ്ക്കുന്നതേ ഉണ്ടായിരുന്നുള്ളു. ഐശ്വര്യ തിരക്കുള്ള നടിയായി മാറിക്കഴിയുകയും ചെയ്തിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡില്‍വെച്ചായിരുന്നു ആ കൂടിക്കാഴ്ച്ച. അഭിഷേക് തന്റെ പിതാവ് അമിതാഭ് ബച്ചന്റെ 'മൃത്യുദാതാ' എന്ന സിനിമയുടെ പ്രൊഡക്ഷന്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു.
നയന്‍ദീപ് രക്ഷിതിന്റെ യുട്യൂബ് ചാനല്‍ അഭിമുഖത്തില്‍ ആ കൂടിക്കാഴ്ച്ചയെ കുറിച്ച് അഭിഷേക് മനസ് തുറക്കുന്നു. 'ഞാന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍, മെഹുല്‍ കുമാറിനൊപ്പം, എന്റെ പിതാവിന്റെ സിനിമയായ മൃത്യുദാതയുടെ ലൊക്കേഷന്‍ തിരയുകയായിരുന്നു. ഞാന്‍ അവിടെ വളര്‍ന്നതുകൊണ്ടും ബോര്‍ഡിംഗ് സ്‌കൂളില്‍ പഠിച്ചതുകൊണ്ടും എനിക്ക് സ്ഥലങ്ങളെക്കുറിച്ച് നന്നായി അറിയാമെന്ന് കരുതി അമ്മയാണ് എന്നെ അയച്ചത്. ഞാന്‍ ബോബിയുമായി (ഡിയോളുമായി) വളരെ അടുത്ത സൗഹൃദത്തിലായിരുന്നു. അദ്ദേഹം 'ഓര്‍ പ്യാര്‍ ഹോ ഗയാ' എന്ന സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു. ഞങ്ങള്‍ ലൊക്കേഷന്‍ തിരയുന്ന ദിവസം, അദ്ദേഹത്തെ കാണാന്‍ സെറ്റിലെത്തി. അദ്ദേഹം ഐശ്വര്യയോടൊപ്പമായിരുന്നു ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്. ഞാന്‍ അവളെ ആദ്യമായി നേരിട്ട് കാണുന്നത് അന്നാണ്. മുമ്പ് മിസ് വേള്‍ഡ് മത്സരത്തില്‍ കണ്ടിട്ടുണ്ട്. പക്ഷേ നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ച്ചയായിരുന്നു.
അന്ന് വൈകുന്നേരം ബോബി പറഞ്ഞു, 'എന്തുകൊണ്ട് നിങ്ങള്‍ എന്റെ ഹോട്ടലിലേക്ക് വരുന്നില്ല, നമുക്ക് ഒരുമിച്ച് അത്താഴം കഴിക്കാം?' എനിക്ക് മിക്കി കോണ്‍ട്രാക്ടറെ നന്നായി അറിയാമായിരുന്നു. അദ്ദേഹം ഐശ്വര്യയുടെ മേക്കപ്പ് ചെയ്യുകയായിരുന്നു. എന്റെ അമ്മയുടെ മേക്കപ്പും അദ്ദേഹം ചെയ്തിട്ടുണ്ട്. അദ്ദേഹം എന്നെ കുട്ടിക്കാലം മുതലേ കണ്ടിട്ടുണ്ട്. അങ്ങനെ ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് ഇരുന്നു. അപ്പോഴാണ് ഞാന്‍ അവളെ ആദ്യമായി കണ്ടത്.'-അഭിഷേക് പറയുന്നു.
ഈ അത്താഴ സമയത്ത് ഐശ്വര്യക്ക് താന്‍ പറഞ്ഞതൊന്നും മനസ്സിലായില്ലെന്ന് അഭിഷേക് ഓര്‍ത്തെടുത്തു. കാരണം അഭിഷേകിന്റെ ഉച്ചാരണത്തിന്റെ പ്രത്യേകതയായിരുന്നു . എന്റെ ബ്രിട്ടീഷ് ബോര്‍ഡിങ് സ്കൂൾ ആക്‌സന്റ് കാരണം താന്‍ പറഞ്ഞ ഒരു വാക്ക് പോലും അവള്‍ക്ക് മനസ്സിലായില്ലെന്ന് അവള്‍ പിന്നീട് എന്നോട് പറഞ്ഞു.' അഭിഷേക് ചിരിച്ചുകൊണ്ട് ഓര്‍ത്തെടുത്തു.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ആ കൂടിക്കാഴ്ച്ച കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇരുവരും പ്രണയത്തിലായത്. മണിരത്‌നത്തിന്റെ ഗുരു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അഭിഷേക് ഐശ്വര്യയോട് വിവാഹാഭ്യര്‍ഥന നടത്തിയത്. സിനിമയില്‍ ഐശ്വര്യ ധരിച്ചിരുന്ന അതേ മോതിരം ഉപയോഗിച്ചാണ് അഭിഷേക് പ്രൊപ്പോസ് ചെയ്തത്. 2007 ജനുവരിയില്‍ അവര്‍ വിവാഹനിശ്ചയം നടത്തുകയും ഏപ്രിലില്‍ വിവാഹിതരാവുകയും ചെയ്തു.
Content Highlights: abhishek bachchan recalls first meeting in switzerland