'ആദ്യം അവര്‍ വിവാഹം എപ്പോഴാണെന്ന് തീരുമാനിക്കും, പിന്നാലെ വിവാഹമോചനവും'; അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി അഭിഷേക്

ബോളിവുഡിലെ താരദമ്പതികളായ ഐശ്വര്യാ റായ്‌യും അഭിഷേക് ബച്ചനും വേര്‍പിരിയുകയാണെന്ന അഭ്യൂഹം കുറേ കാലമായി പ്രചരിക്കുന്നുണ്ട്. കിംവദന്തികള്‍ ഇങ്ങനെ പ്രചരിക്കുമ്പോഴും ഇരുവരും മകള്‍ ആരാധ്യയ്‌ക്കൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ്. വിവാഹമോചനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ ഇരുവരും പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ അഭിഷേക് ബച്ചന്‍ ഇതേക്കുറിച്ച് സംസാരിക്കുകയാണ്.
'നിങ്ങളൊരു സെലിബ്രിറ്റിയാണെങ്കില്‍ ആളുകള്‍ നിങ്ങളെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഊഹിച്ചെടുക്കാന്‍ ആഗ്രഹിക്കും. അവര്‍ എഴുതുന്നതൊന്നും വസ്തുതയെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല; തെറ്റായതും ഞങ്ങളെ ദ്രോഹിക്കുന്നതുമായ കാര്യങ്ങളാണ്. ഞങ്ങളുടെ വിവാഹത്തിന് മുമ്പും അവര്‍ ഇത് തന്നെയാണ് ചെയ്തിരുന്നത്.' -അഭിഷേക് ബച്ചന്‍ പറയുന്നു. 'പീപ്പിങ് മൂണി'ന് നല്‍കിയ അഭിമുഖത്തിലാണ് അഭിഷേക് ബച്ചന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
'എപ്പോഴാണ് ഞങ്ങള്‍ വിവാഹിതരാകുക എന്ന് ആദ്യം അവര്‍ തീരുമാനിച്ചു. പിന്നീട് ഞങ്ങളുടെ വിവാഹം കഴിഞ്ഞപ്പോള്‍ എപ്പോഴാണ് വിവാഹമോചനം എന്ന് തീരുമാനിച്ചുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം അസംബന്ധമാണ്. അവളെ എനിക്ക് നന്നായി അറിയാം. അവള്‍ക്ക് എന്നേയും. ഞങ്ങള്‍ സന്തോഷം നിറഞ്ഞ ആരോഗ്യകരമായ കുടുംബജീവിതം നയിക്കുകയാണ്. അതാണ് പ്രധാനം.' -അഭിഷേക് തുടര്‍ന്നു.
മാതാപിതാക്കളുടെ വിവാഹമോചനം സംബന്ധിച്ച കിംവദന്തികള്‍ മകള്‍ ആരാധ്യയ്ക്ക് അറിയുമോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് കരുതുന്നത് എന്നാണ് അഭിഷേക് മറുപടി പറഞ്ഞത്. ആരാധ്യ വളരെ പക്വമതിയായ പെണ്‍കുട്ടിയാണെന്നും അവള്‍ക്ക് സ്വന്തമായി ഫോണ്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'അവള്‍ക്കിതൊന്നും അറിയില്ലെന്നാണ് ഞാന്‍ കരുതുന്നത്. അവള്‍ വളരെ പക്വതയുള്ള പെണ്‍കുട്ടിയാണ്. അവളൊരു അടിപൊളി പെണ്‍കുട്ടിയാണ്. അവള്‍ക്കിതൊന്നും അറിയില്ല എന്ന് മാത്രമല്ല, ഇത്തരം കാര്യങ്ങള്‍ക്കൊന്നും അവള്‍ പ്രാധാന്യം കൊടുക്കുന്നില്ലെന്നുമാണ് ഞാന്‍ കരുതുന്നത്. അവള്‍ക്ക് സ്വന്തമായി ഫോണ്‍ ഇല്ല. അവള്‍ക്ക് 14 വയസാണ്. അവളുടെ സുഹൃത്തുക്കള്‍ക്ക് അവളോട് സംസാരിക്കണമെങ്കില്‍ അവര്‍ അവളുടെ അമ്മയെ വിളിക്കും. ഇക്കാര്യം വളരെ മുമ്പ് തന്നെ ഞങ്ങള്‍ തീരുമാനിച്ചതാണ്.' -അഭിഷേക് പറഞ്ഞു.
അതേസമയം ആരാധ്യ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട് എന്നും അഭിഷേക് വ്യക്തമാക്കി. എന്നാല്‍ അവളുടെ മാതാപിതാക്കളെ കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ അവള്‍ക്ക് താത്പര്യമില്ല. മറിച്ച് ഹോംവര്‍ക്കുകള്‍ ചെയ്യാനാണ് താത്പര്യം. സ്‌കൂള്‍ അവള്‍ക്ക് വലിയ ഇഷ്ടമാണ്. ഞങ്ങളുടെ പേരുകള്‍ അവള്‍ ഗൂഗിളില്‍ തിരയുമെന്ന് ഞാന്‍ കരുതുന്നില്ല. അവള്‍ ഒന്നും വിശ്വസിക്കില്ല. വായിക്കുന്നതെല്ലാം വിശ്വസിക്കരുതെന്ന് അവളുടെ അമ്മ അവളെ നന്നായി പഠിപ്പിച്ചിട്ടുണ്ട് -അഭിഷേക് ബച്ചന്‍ പറഞ്ഞു.
Content Highlights: Abhishek Bachchan Dismisses Divorce Rumors With Aishwarya Rai as Baseless Speculation