'ആ നടൻ മാത്രം സമ്മാനം തിരികെനല്‍കി'; വിവാഹം വലിയ ആഘോഷമാക്കാതിരുന്നതിന്റെ കാരണം പറഞ്ഞ് അഭിഷേക് ബച്ചൻ

ഫയല്‍ചിത്രം | ഫോട്ടോ: എ.പി.
ഫയല്‍ചിത്രം | ഫോട്ടോ: എ.പി.

2007-ലായിരുന്നു ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹിതരായത്. അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത, തീര്‍ത്തും സ്വകാര്യമായ വിവാഹചടങ്ങായിരുന്നു അത്. ബച്ചന്‍ കുടുംബവുമായി ബന്ധമുള്ള സിനിമയിലെ പല സുഹൃത്തുക്കള്‍ക്കും അഭിഷേക്-ഐശ്വര്യ വിവാഹചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നില്ല. എന്നാല്‍, എന്തുകൊണ്ടാണ് അന്ന് വിവാഹം വലിയ ആഘോഷമായി നടത്താതിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ അഭിഷേക് ബച്ചന്‍. 

വിവാഹചടങ്ങിന് ക്ഷണിച്ചില്ലെങ്കിലും വേണ്ടപ്പെട്ടവര്‍ക്കെല്ലാം ബച്ചന്‍ കുടുംബം സമ്മാനങ്ങള്‍ അയച്ചുനല്‍കിയിരുന്നു. എന്നാല്‍, പ്രമുഖ ബോളിവുഡ് താരമായ ശത്രുഘ്‌നനന്‍ സിന്‍ഹ മാത്രം ആ സമ്മാനം തിരിച്ചയച്ചെന്നും അഭിഷേക് ബച്ചന്‍ പറഞ്ഞു. 'കോഫി വിത്ത് കരണ്‍' ഷോയിലാണ് അഭിഷേക് ബച്ചന്‍ തന്റെ വിവാഹവിശേഷങ്ങള്‍ പങ്കുവെച്ചിരുന്നത്. മുത്തശ്ശിയായ തേജി ബച്ചന്‍ അസുഖബാധിതയായി ആശുപത്രിയിലായതിനാലാണ് തന്റെ വിവാഹചടങ്ങുകള്‍ ലളിതമായരീതിയില്‍ സംഘടിപ്പിച്ചതെന്നായിരുന്നു അഭിഷേക് പറഞ്ഞത്. 

''സത്യസന്ധമായി പറയാമല്ലോ, എന്തുകൊണ്ടാണ് ഞങ്ങളുടെ കുടുംബം വിവാഹം വളരെ ചെറിയരീതിയില്‍ നടത്തിയതെന്നതിന്റെ പ്രധാനം കാരണം എല്ലാവരും മറക്കുകയാണ്. ആ സമയത്ത് മുത്തശ്ശി സുഖമില്ലാതെ ആശുപത്രിയിലായിരുന്നു. അപ്പോള്‍ വലിയ ആഘോഷങ്ങള്‍ നടത്തുന്നത് നല്ലതായി തോന്നുന്നില്ലെന്ന് അച്ഛന്‍ പറഞ്ഞു. എനിക്കും എന്റെ കുടുംബത്തിനും എല്ലാവരെയും ക്ഷണിക്കാന്‍ ആഗ്രഹമുണ്ടായിരുന്നോ? അവളുടെ കുടുംബവും ഈ ലോകത്തെ മുഴുവന്‍ ക്ഷണിക്കാന്‍ ആഗ്രഹിച്ചിരുന്നോ? -അതെ എന്നാണ് അതിന്റെ ഉത്തരം. പക്ഷേ, അങ്ങനെയൊരു സന്ദര്‍ഭത്തില്‍ വിവാഹത്തിന് അനുഗ്രഹം തേടി ഒരു കാര്‍ഡും സമ്മാനമായി മധുരപലഹാരങ്ങളും എല്ലാവര്‍ക്കും അയച്ചുനല്‍കുകയായിരുന്നു. സമ്മാനം തിരികെ നല്‍കിയ ഒരാളൊഴികെ എല്ലാവരും അതില്‍ സംതൃപ്തരായിരുന്നു. ശത്രുഘ്‌നന്‍ അങ്കിളായിരുന്നു അത്. അദ്ദേഹം കാര്‍ഡ് തിരികെ നല്‍കി. അത് നന്നായി. ഞങ്ങള്‍ അത് തിരികെ സ്വീകരിക്കുകയുംചെയ്തു. നമുക്ക് എല്ലാവരെയും തൃപ്തിപ്പെടുത്താനാകില്ലല്ലോ'', അഭിഷേക് പറഞ്ഞു. 

അതിനിടെ, അഭിഷേകിന്റെ ഈ വെളിപ്പെടുത്തല്‍ സംബന്ധിച്ച് നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹ പിന്നീട് മറ്റൊരു അഭിമുഖത്തില്‍ മറുപടി നല്‍കിയിരുന്നു. ''നിങ്ങളെ ക്ഷണിച്ചിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് മധുരപലഹാരം അയക്കുന്നത്. മധുരം സ്വീകരിച്ച് അവരെ ഞാന്‍ വിഷമിപ്പിക്കില്ല. മധുരം അയക്കുന്നതിന് മുമ്പ് അമിതാഭോ ബച്ചന്‍ കുടുംബത്തിലെ ആരെങ്കിലുമോ എന്നെ ഒന്ന് വിളിക്കുമെന്ന് കരുതി. അതുണ്ടായില്ല. പിന്നെ എന്തിനാണ് മിഠായി?', ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

Content Highlights: Abhishek reveals why his wedding to Aishwarya Rai was a private affair, citing grandmother illness