‘അന്ന് 90 ദിവസത്തിനകം ജോലി കിട്ടിയില്ലെങ്കിൽ രാജ്യം വിടണമായിരുന്നു,വിവാഹം കഴിക്കുമ്പോൾ തൊഴിൽരഹിതൻ’

താത്പര്യമുള്ള വിഷയം പഠിക്കാനും ഇഷ്ടമുള്ള ജോലി ചെയ്ത് ജീവിക്കാനും സാഹചര്യങ്ങൾ അനുവദിക്കാത്തവർ അനവധിയാണ്. അതുകൊണ്ടുതന്നെ പരിമിതികൾക്കിടയിൽ നിന്നുകൊണ്ട് ആഗ്രഹിച്ച ജീവിതം കെട്ടിപ്പടുത്ത ആളുകൾ മറ്റുള്ളവർക്ക് പ്രചോദനമാകാറുണ്ട്.
ഐഐടി പ്രവേശന പരീക്ഷയിലെ പരാജയത്തിൽ നിന്നും ലോകത്തെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബിന്റെ പ്രോഡക്ട് മാനേജർ പദവിയിലേക്ക് എത്തിയ യുവാവിന്റെ അനുഭവം ഇത്തരത്തിലൊന്നാണ്. ഹ്യൂമൻസ് ഓഫ് ബോംബെയുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച അഭിജയ് അറോറയുടെ വളർച്ച പ്രവാസികൾക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രചോദനമാകുന്നതാണ്.
സിംഗിൾ മദറായിരുന്ന അമ്മ തന്നെയും സഹോദരനെയും വളർത്താൻ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചാണ് അഭിജയ് കുറിപ്പിൽ ആദ്യം ഓർത്തെടുത്തത്. 2012-ൽ ജെഇഇ പരീക്ഷയിൽ പരാജയപ്പെട്ടപ്പോൾ അമ്മയുടെ എല്ലാ ത്യാഗങ്ങളെയും താൻ വഞ്ചിച്ചതുപോലെയാണ് തോന്നിയതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ അവിടെ തളരാതെ ഐഐഐടി ബാംഗ്ലൂരിൽ ചേർന്ന് പഠിച്ച അദ്ദേഹം പിന്നീട് മലേഷ്യയിൽ ജോലി നേടി.
ഗൂഗിളിൽ ജോലി ചെയ്യണമെന്ന ആഗ്രഹത്തോടെ ഹാർവാർഡ് പോലുള്ള ഐവി ലീഗ് സർവ്വകലാശാലകളിൽ എംബിഎ ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. ഐഐടി ബിരുദമില്ലാതെ ഹാർവാർഡിൽ അഡ്മിഷൻ കിട്ടില്ലെന്ന് പലരും പരിഹസിച്ചെന്ന് അഭിജയ് പറയുന്നു. എന്നാൽ ആ പരിഹാസങ്ങളെ അവഗണിച്ച് അദ്ദേഹം ഒരു കോടി രൂപ ലോണെടുത്ത് ഹാർവാർഡിൽ ചേർന്നു.
പഠനം കഴിഞ്ഞിറങ്ങിയപ്പോൾ വിപണിയിലെ മാന്ദ്യം കാരണം ജോലി കണ്ടെത്തുക പ്രയാസമായിരുന്നു. 90 ദിവസത്തിനുള്ളിൽ ജോലി കിട്ടിയില്ലെങ്കിൽ രാജ്യം വിടേണ്ടി വരുമെന്ന സാഹചര്യത്തിലും തളരാതെ കൂടെ നിന്നത് അഭിജയ്യുടെ ഭാര്യയായിരുന്നു.
‘എനിക്ക് ജോലിയില്ലാത്ത സമയത്താണ് അവൾ എന്നെ വിവാഹം കഴിച്ചത്. ഒട്ടനവധി റിജക്ഷനുകൾ നേരിടുമ്പോഴും കുടുംബത്തിന്റെ ഭാരം മുഴുവൻ അവൾ ചുമലിലേറ്റി’- അഭിജയ് കുറിച്ചു.
സ്വയം വികസിപ്പിച്ചെടുത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളിലൂടെ റെസ്യൂമെ മെച്ചപ്പെടുത്തുകയും എഐ അധിഷ്ഠിത തൊഴിൽ അപേക്ഷകളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കണ്ടന്റ് പങ്കുവെക്കാനും തുടങ്ങിയത് ഗൂഗിളിന്റെ ശ്രദ്ധയിൽപ്പെട്ടു. നിലവിൽ യൂട്യൂബിൽ പ്രോഡക്ട് മാനേജരായ അദ്ദേഹത്തിന് ഇൻസ്റ്റാഗ്രാമിൽ ആറ് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്.
അടുത്തിടെ തന്റെ അമ്മയെ ഗൂഗിൾ ഓഫീസിൽ കൊണ്ടുപോയ നിമിഷത്തെക്കുറിച്ച് അദ്ദേഹം വികാരാധീനനായി പങ്കുവെച്ചു. തന്റെ ഇരിപ്പിടവും യൂട്യൂബ് ലോഗോയും കണ്ട് അമ്മ കണ്ണുനിറഞ്ഞപ്പോൾ എല്ലാ കഷ്ടപ്പാടുകൾക്കും ഫലം ലഭിച്ചുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇക്കാലയളവിൽ ജീവിതത്തിൽ നേടിയ വിജയങ്ങൾക്ക് അമ്മയ്ക്കും ഭാര്യയ്ക്കും നന്ദി പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.