പാപ്പരാസികള്ക്ക് പിടികൊടുക്കാതെ 18 മാസം, മുന് പങ്കാളികളുടെ സ്നേഹം, ചര്ച്ചയായി ആമിറും ഗൗരിയും

ബെംഗളൂരു സ്വദേശിയുമായി ബോളിവുഡ് താരം ആമിര് ഖാന് പ്രണയത്തിലാണെന്ന വിവരം പാപ്പരാസികള് ഗോസിപ്പായി കൊണ്ടുനടക്കുമ്പോഴാണ് താരം തന്റെ 60-ാം പിറന്നാള് ആഘോഷ വേളയില് പ്രണയിനിയെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തുന്നത്. വേര്പിരിഞ്ഞതിനു ശേഷവും ജീവിത പങ്കാളികളുമായി പക്വതയോടെ സൗഹൃദം സൂക്ഷിക്കുന്ന ആമിറിന്റെ പ്രണയത്തെപറ്റിയറിയാന് ആരാധകരും കാത്തിരിക്കുകയായിരുന്നു. 25 വര്ഷത്തെ സൗഹൃദത്തിനൊടുവില് പ്രണയിനിയായി മാറിയ ഗൗരി സ്പ്രാറ്റ്, ആമിർ ആരാധകരുടെ ചര്ച്ചാവിഷയമാകാനും അധികം സമയം വേണ്ടിവന്നില്ല.
ആരാണ് താര പരിവേഷമില്ലാത്ത ആമിറിന്റെ പ്രണയിനി ഗൗരി സ്പ്രാറ്റ്?
നിലവില് ആമിര് ഖാന് പ്രൊഡക്ഷന്സുമായി ചേര്ന്നു പ്രവര്ത്തിക്കുന്ന ബെംഗളൂര് സ്വദേശിയായ ഗൗരി ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് ആര്ട്ട്സില് നിന്ന് FDA സ്റ്റൈലിങ് ആന്റ് ഫോട്ടോഗ്രഫിയില് നിന്ന് ഫാഷന് കോഴ്സ് പൂര്ത്തിയാക്കിയിട്ടുണ്ട്. മുംബൈയില് പ്രവര്ത്തിക്കുന്ന ബിബിബ്ലെൻഡ് സലോണിന്റെ ബിസിനസ് പങ്കാളിയായും കഴിഞ്ഞ 18 വര്ഷമായി പ്രവര്ത്തിക്കുന്നുവെന്നും അവരുടെ ലിങ്ക്ഡിൻ പ്രൊഫൈലില് പറയുന്നു.
ഗൗരിയുടെ ആറു വയസ്സുള്ള മകനൊപ്പാണ് ഇരുവരും നിലവില് താമസിക്കുന്നതെന്ന് ആമിര് മാധ്യമങ്ങളോട് പറഞ്ഞു. മുംബൈയിലെ വസതിയില് വെച്ച് സല്മാനും ഷാറൂഖിനും തന്റെ പ്രണയിനിയെ പരിചയപ്പെടുത്തി എന്നറിയിച്ച ആമിര്, സൂപ്പര് സ്റ്റാര് പരിവേഷത്തോട് തീരെ താത്പര്യമില്ലാത്ത ഗൗരി തൻ്റെ ദങ്കല്, ലഗാന് എന്നീ ചിത്രങ്ങള് മാത്രമാണ് കണ്ടിട്ടുളളതെന്നും ആമിര് പറയുന്നുണ്ട്.
കഴിഞ്ഞ 18 മാസമായി പാപ്പരാസികൾക്ക് കണ്ടെത്താനാകാത്ത ബന്ധം
മാസങ്ങള്ക്കു മുമ്പു തന്നെ ബെംഗളൂരു സ്വദേശിയായ യുവതിയുമായി ആമിര് പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള് ബോളിവുഡിലെ ഗോസിപ്പിങ് ലോകം പുറത്തുവിട്ടിരുന്നു. ഇത് ശരിവെക്കുന്നതായിരുന്നു ഗൗരിയും താനും കഴിഞ്ഞ 18 മാസമായി പ്രണയത്തിലാണെന്ന ആമിറിന്റെ വെളിപ്പെടുത്തലെങ്കിലും കൂടുതൽ വിവരങ്ങൾ ഇവർക്ക് ലഭിച്ചിരുന്നില്ല. 'ഇതിനെ പറ്റി നിങ്ങള്ക്ക് ഒരു വിവരം പോലും ഇത്രയും നാള് ഞാന് തരാതിരുന്നില്ലേ' എന്ന് ആമിർ തമാശ രൂപേണ മാധ്യമങ്ങളോട് പറഞ്ഞു.
ഇതെങ്ങനെ സാധിച്ചുവെന്നും താരം പിന്നാലെ വ്യക്തമാക്കിയിരുന്നു. ഗൗരി ബെംഗളൂരുവില് താമസിച്ചിരുന്നതുകൊണ്ടു തന്നെ കൂടിക്കാഴ്ചകള് അവിടെവെച്ചായിരുന്നു. മുംബൈയിലേതുപോലുള്ള മാധ്യമങ്ങളുടെ പൊല്ലാപ്പുകള് അവിടെ കുറവാണ്. അങ്ങനെ മാധ്യങ്ങളുടെ കണ്ണില്പെടാതെ കഴിയാനായി. ആമിര് പറഞ്ഞു. തന്റെ കുടുംബക്കാര്ക്കും മക്കള്ക്കും പ്രണയിനിയെ പരിചയപ്പെടുത്തിയതായും ആമിര് പറയുന്നുണ്ട്.
അറുപതാം പിറന്നാള് ആഘോഷവുമായി ബന്ധപ്പെട്ട പരിപാടിയില് ഏറെ നേരം മാധ്യമങ്ങളുമായി ആമിര് സംസാരിച്ചിരുന്നു.
സിനിമാ നിര്മ്മാതാവായ റീന ദത്തയും ആമിറും 1986-ലാണ് വിവാഹിതരാകുന്നത്. അഗത്സു എന്ന എന്.ജി.ഒ നടത്തുകയും മാനസികാരോഗ്യ വിഷയങ്ങളില് നിരന്തരമായി ചര്ച്ചകളില് ഇടപെടുകയും ചെയ്യുന്ന ഇറ ഖാന്, നടന് ജൂനൈദ് ഖാന് എന്നിവര് റീനയുടെയും ആമിറിന്റെയും മക്കളാണ്. 16 വര്ഷത്തെ ദാമ്പത്യത്തിനൊടുവില് 2002-ലാണ് ഇരുവരും വേര്പിരിയുന്നത്. 2005-ലാണ് സിനിമാ നിര്മ്മാതാവായ കിരണ് റാവുവുമായി ആമിര് വിവാഹിതനാകുന്നത്. ഇരുവര്ക്കും ആസാദ് എന്ന മകനുമുണ്ട്. 2021-ല് ഇരുവരും വേര്പിരിഞ്ഞു.
Content Highlights: ammir khan talks about his love life, relationship with ex partners on pre birthday event