'മകളുമായൊരുമിച്ച് തെറാപ്പിക്ക് പോകുന്നുണ്ട്, എത്ര ബുദ്ധിമാനും ചില കാര്യങ്ങൾ സ്വയം പരിഹരിക്കാനാകില്ല'

പലപ്പോഴും ഒരാള് കടന്നു പോകുന്ന മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് അവസാനമായി അറിയുന്നത് മാതാപിതാക്കളായിരിക്കും. തുറന്ന് സംസാരിക്കാനുള്ള പരിമിതികളും മാതാപിതാക്കളില് നിന്ന് മാറി താമസിക്കുന്ന മക്കളുമാണെങ്കില് മിനിറ്റുകള് മാത്രം നീണ്ടു നില്ക്കുന്ന ഫോണ് സംഭാഷണങ്ങള്കൊണ്ടുമാത്രം ഓരാള് കടന്നു പോകുന്ന വികാരങ്ങളെ മനസ്സിലാക്കാനായെന്നും വരില്ല. തന്റെ മകള് കടന്നു പോയ മാനസിക ബുദ്ധിമുട്ടുകളെ പറ്റിയും അച്ഛനെന്ന നിലയില് ആ വെല്ലുവിളികളെ താന് എങ്ങനെ നേരിട്ടുവെന്നും ഒരു അഭിമുഖത്തില് തുറന്നു പറയുകയാണ് ബോളീവുഡ് താരം ആമിർ ഖാന്.
നെറ്റ്ഫ്ളിക്സ് ഇന്ത്യക്കായി യു.എസ് സര്ജന് ജനറല് ഡോ.വിവേക് മൂര്ത്തിക്ക് നല്കിയ അഭിമുഖത്തിലാണ് ആമിര് ഖാനും മകള് ഇറ ഖാനും മാനസിക ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുന്നത്.
തന്റെ അടുത്ത ബന്ധു സൈക്കോളജിസ്റ്റ് ആയിരുന്നതിനാല് മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും തുറന്ന് സംസാരിക്കാനുള്ള അന്തരീക്ഷം വീട്ടിനുള്ളില് ഉണ്ടായിരുന്നതായി ഇറ പറയുന്നുണ്ട്. മാനസികമായി നേരിടേണ്ടിവരുന്നവെല്ലുവിളികളെ പറ്റി വ്യക്തമായ ബോധ്യം വീട്ടിലുള്ളര്ക്ക് ഇല്ലായിരുന്നുവെങ്കിലും ഇത്തരം കാര്യങ്ങള് തുറന്നുപറയുന്നതില് നാണക്കേട് ഉണ്ടായിരുന്നില്ല. പല കാര്യങ്ങളിലും താന് പ്രവിലേജ്ഡ് ആണെന്ന വ്യക്തമായ ബോധ്യമുണ്ട്.
ഭക്ഷണം തീര്ത്തും കഴിക്കാതായതാണ് മാനസിക ആരോഗ്യം തകരാറിലാണന്നതിന്റെ അവസാന ലക്ഷണമായി താന് മലസ്സിലാക്കിയത്. അതു വരെ തനിക്ക് പരിഹരിക്കാനാകുമെന്ന വിശ്വാസത്തിലായിരുന്നു. അമിതമായി ഉറങ്ങുകയോ അല്ലെങ്കില് ഒട്ടും ഉറക്കം കിട്ടാത്തതോ ആയ അവസ്ഥയായിരുന്നു. ശാരീരികമോ മാനസികമോ ആയ ഒരു പ്രവര്ത്തനവും ചെയ്യാനായിരുന്നില്ല. ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് ചലിക്കാന് ആകാത്ത അവസ്ഥയായിരുന്നു. 20 മണിക്കൂര് തുടര്ച്ചായായി ടി.വി കാണുമായിരുന്നു. ശരീരകമായും മാനസികമായും വേദന അസഹനീയമായപ്പോഴാണ് നെതര്ലന്ഡ്സില് നിന്ന് അമ്മക്ക് സഹായഭ്യര്ത്ഥിച്ച് കത്തയക്കുന്നത്.
മകള് മാനസികമായി തളര്ന്നിരുന്ന കാലത്ത് തന്റെ സിനിമാതിരക്കുകള്കാരണം അവള്ക്ക് നല്കേണ്ട പിന്തുണ നല്കാനാകാതെ പോയതിനെ പറ്റി ആമിര് പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്.
മകള് ഇത്തരമൊരു അവസ്ഥയിലൂടെ കടന്നു പോകുന്നതായി അറിഞ്ഞപ്പോള് എങ്ങനെ സഹായിക്കണമെന്ന് അറിയില്ലായിരുന്നുവെന്ന് ആമിര് പറയുന്നുണ്ട്. സിനിമയിലും ചെയ്യുന്ന കഥാപാത്രങ്ങളിലും പുതിയ കഥകള് കേള്ക്കുന്നതിലും താന് അമിതമായി ശ്രദ്ധപുലര്ത്തിയിരുന്നു. ജോലിയേയും വ്യക്തി ജീവിതത്തെയും ബാലന്സ് ചെയ്ത് കൊണ്ടുപോകാന് തനിക്കായിരുന്നില്ല. മക്കളുടെ പേടിയെന്താണെന്നോ അവരുടെ പ്രതീക്ഷയെന്താണെന്നോ ഞാന് ബോധവാനായിരുന്നില്ല. ഈ തിരിച്ചറിവുകള് വന്നതോടെ അത് തിരുത്താനുള്ള മാറ്റങ്ങള് താന്കൊണ്ടുവരാന് ശ്രമിച്ചു.
തെറാപ്പി എടുക്കണമെന്ന് തന്നോട് പറഞ്ഞത് മകളാണ്. വര്ഷങ്ങളായി ഞങ്ങള്ക്കിടയിലുള്ള പ്രശ്നങ്ങള് പരിഹരിക്കുന്നതിനും ഐറയും ഞാനുമായുള്ള ബന്ധം ആരോഗ്യകരമാക്കുന്നതിനും ഞങ്ങള് രണ്ടു പേരും ചേര്ന്ന് തെറാപ്പി എടുക്കുന്നുണ്ട്. മാതാപിതാക്കളുമായുള്ള മക്കള്ക്കുള്ള ബന്ധത്തില് വരുന്ന വിള്ളലുകള് തനിയേ ശരിയാകുമെന്നാണ് പൊതു ധാരണ. എന്നാല് അത് അങ്ങനെയല്ല. എത്ര ബുദ്ധിമാനായലും ചില കാര്യങ്ങള് പരിഹരിക്കാന് സ്വയം കഴിഞ്ഞെന്നു വരില്ല.
സിനിമയുടെ ലോകത്തില് മാത്രം ജീവിച്ചിരുന്ന വര്ഷങ്ങളില് വീട്ടിലുള്ളവരുടെ കൂടെ സമയം ചെലവഴിക്കാനാകാത്തതിനെ പറ്റി ആമിര് ഖാന് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.'വിഷാദത്തിലൂടെ കടന്ന് പോയിരുന്ന സമയത്ത് ഇറയ്ക്ക് എന്റെ സാനിധ്യം വളരെ അത്യാവശ്യമായിരുന്നെന്നും അന്നൊന്നും തന്റെ സാന്നിധ്യം അവര്ക്ക് ലഭിച്ചിരുന്നില്ല.
വിഷാദത്തിലൂടെ കടന്നുപോകുമ്പോഴും മാനസിക ആരോഗ്യവുമായി വെല്ലുവിളി നേരിടുന്നവരെ സഹായിക്കണമെന്നാണ് ഇറയുടെ ജീവിത ലക്ഷ്യമെന്ന് ആമിര് പറഞ്ഞിട്ടുണ്ട്. . ബന്ധങ്ങളെക്കുറിച്ചും വികാരങ്ങളെക്കുറിച്ചും ഒരോ സാഹചര്യങ്ങളും എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചും തന്നെത്തന്നെ സ്വയം മനസ്സിലാക്കാന് സാധിച്ചതും തെറാപ്പിയിലൂടെയാണെന്നും ആമിര് പറഞ്ഞിരുന്നു.
Content Highlights: Amir khan and Ira khan shares experience with Mental health challenges