പരിക്കുകൾ മറികടക്കാൻ ജിമ്മിൽ പോയിത്തുടങ്ങി, ഇന്ന് പവർ ലിഫ്റ്റിങ് ചാമ്പ്യൻ; പവറാണ് ഈ പ്രിൻസിപ്പൽ

പാലക്കാട്: ഏഴുവർഷം മുൻപുണ്ടായ വാഹനാപകടത്തിന്റെ പരിക്കുകളെ മറികടക്കാൻ വേണ്ടിയാണ് മകന്റെ നിർദേശപ്രകാരം പാലക്കാട് കുമരപുരം ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ ഇൻചാർജ് എ. ജയശ്രീ ജിംനേഷ്യത്തിൽ പോയിത്തുടങ്ങിയത്. ഭർത്താവ് സി. ഉണ്ണിക്കൃഷ്ണൻ (റിട്ട. വ്യോമസേന) കട്ടയ്ക്ക് കൂടെനിന്നപ്പോൾ 55-ാം വയസ്സിലും ആവേശം ഇരട്ടിയായി.
മകൻ സി. അശ്വിന്റെ സഹപാഠിയായിരുന്ന പി.സി. സത്യനും സഹോദരൻ പി.സി. ശരത്കുമാറും ചേർന്നു നടത്തുന്ന ജിംനേഷ്യത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പുതുപ്പരിയാരം ‘അക്ഷയ’യിൽ ജയശ്രീ ഈ വർഷം മേയ് മുതൽ പോയിത്തുടങ്ങിയത്. മുട്ടുവേദന ഉൾപ്പെടെയുള്ള ശരീരവേദനകൾ ഭേദപ്പെടുകയും തടി കുറയ്ക്കുകയുമായിരുന്നു അപ്പോഴൊക്കെ ലക്ഷ്യം.
ഇതിനിടയ്ക്കാണ് ജില്ലാ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് എത്തുന്നത്. പരിശീലകൻ കൂടിയായ സത്യൻ മത്സരത്തിന്റെ കാര്യം പറഞ്ഞെങ്കിലും ജയശ്രീ ആദ്യം കൂട്ടാക്കിയില്ല. എന്നാൽ, രണ്ടും കൽപ്പിച്ച് സത്യൻ പേരുകൊടുത്തു. കാര്യം പറഞ്ഞപ്പോൾ ടീച്ചർ ഒരുകൈ നോക്കാമെന്ന് സമ്മതിച്ചു. മത്സരത്തിനിറങ്ങിയ ജയശ്രീ ഒന്നാംസമ്മാനം തന്നെ കരസ്ഥമാക്കി.
മാസ്‌റ്റേഴ്‌സ്-2 ഇനത്തിൽ 69 കിലോഗ്രാം വിഭാഗത്തിലായിരുന്നു മത്സരം. സ്‌ക്വാട്ട് വിഭാഗത്തിൽ 57 കിലോഗ്രാം, ബെഞ്ച് പ്രസിൽ 27 കിലോഗ്രാം, ഡെഡ് ലിഫ്റ്റിൽ 57 കിലോഗ്രാം എന്നിങ്ങനെ ആകെ 141 കിലോഗ്രാം ഉയർത്തിയാണ് ജയശ്രീ ഒന്നാമതെത്തിയത്.
ദിവസേന വൈകീട്ട് ഏഴുമുതൽ ഒരു മണിക്കൂറാണ് ഭർത്താവിനൊപ്പം വ്യായാമം. 21 വർഷമായി രസതന്ത്രം അധ്യാപികയാണ്. മറ്റൊരു മകൻ സി. അക്ഷയ്.
Content Highlights: A Jayasree, higher secondary school principal from Palakkad becomes powerlifting champion