'അച്ഛന് മരുന്ന് വാങ്ങണം, പഠിക്കണം; ഞാന്‍ ഈ ഓട്ടോ ഓടിച്ച് ജീവിച്ചോട്ടെ'

അനീഷ്യ സുനില്‍ | Photo: Mathrubhumi
അനീഷ്യ സുനില്‍ | Photo: Mathrubhumi

കലവൂര്‍ (ആലപ്പുഴ):  'അച്ഛന്റെ ചികിത്സയ്ക്കും എന്റെ പഠനത്തിനും പണം കണ്ടെത്താനാണ് ഓട്ടോ ടാക്‌സിയുമായി റോഡിലേക്കിറങ്ങിയത്. പക്ഷേ എന്റെ ഓട്ടോ ഓടിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് ഒരു കൂട്ടം ഓട്ടോച്ചേട്ടന്‍മാര്‍'-ആലപ്പുഴ എസ്.ഡി കോളേജിലെ അവസാന വര്‍ഷ ബി.എ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിദ്യാര്‍ഥിനി അനീഷ്യാ സുനിലിന്റെ വാക്കുകളില്‍ അമര്‍ഷവും വേദനയും ഒരുപോലെ.

പണിക്കിടേയുണ്ടായ അപകടത്തില്‍ കെട്ടിടനിര്‍മാണ തൊഴിലാളിയായ അച്ഛന്‍ സുനിലിന്റെ ഇരുകൈകളുടേയും ഞരമ്പു മുറിഞ്ഞു. ജോലിക്കുപോകാന്‍ പറ്റാത്ത അവസ്ഥ. കുടുംബം പോറ്റാനാണ് ഓട്ടോറിക്ഷ വാങ്ങിയത്. എന്നാല്‍ കൈകളുടെ ബലക്ഷയം മൂലം സുനിലിന് ഓട്ടോ ഓടിക്കാനുമായില്ല. 

ദേശീയപാത വികസനം വന്നതോടെ അമ്മ രാജേശ്വരിയുടെ കഞ്ഞിക്കടയും ഇല്ലാതായി. അതോടെയാണ് കുടുംബം പോറ്റാന്‍ പഠനത്തിനൊപ്പം അനീഷ്യ ഓട്ടോ ടാക്‌സിയുമായി ഇറങ്ങിയത്. 

മാരാരിക്കുളംതെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ വളവനാട് നന്ദനം വീടിന് സമീപത്തുള്ള കലവൂര്‍ കൃപാസനത്തിന് മുമ്പിലാണ് ആദ്യമെത്തിയത്. ഓട്ടം കിട്ടി. പക്ഷേ അനീഷ്യയുടെ ഓട്ടോ ടാക്‌സിയില്‍ കയറിയ യാത്രക്കാരെ അവിടെയുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍ വിളിച്ചിറക്കി തന്റെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി. സ്ഥിരമായുള്ളവരെ അറിയിക്കാതെ പുതിയ ആള്‍ ഓടിയതാണ് വിഷയമായതെന്ന് ഓട്ടോറിക്ഷക്കാര്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് അനീഷ്യ മോട്ടോര്‍വാഹന വകുപ്പിന് പരാതി നല്‍കി. അനീഷ്യയുടെ ഓട്ടോ കൃപാസനത്തിന് മുന്നില്‍ ഓടുന്നതിനു തടസ്സമുണ്ടാക്കരുതെന്ന് വകുപ്പ് നിര്‍ദേശിച്ചു. എന്നാല്‍ അന്ന് വൈകുന്നേരം മറ്റു ഓട്ടോറിക്ഷകള്‍ കൂട്ടമായി അനീഷ്യയുടെ ഓട്ടോ ടാക്‌സിക്ക് ചുറ്റുമിട്ട് തടസ്സം സൃഷ്്ടിച്ചു. 

അതേസമയം അനീഷ്യയുടെ ഓട്ടോയില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കി സവാരിപോയ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ആലപ്പുഴ ആര്‍.ടി.ഒ സജിപ്രസാദ് പറഞ്ഞു. 

Content Highlights: a degree student who lives by driving an auto taxi