'ആഡംബര ഹോട്ടലില്‍ താമസം,ബീച്ച് ടൂര്‍- അവന്റെ അവസാന നാളുകള്‍ മനോഹരമായിരിക്കണം'

വളര്‍ത്തു നായ ടെഡിക്കൊപ്പം ദമ്പതികള്‍ | Photo: instagram/ teds_bucket_list
വളര്‍ത്തു നായ ടെഡിക്കൊപ്പം ദമ്പതികള്‍ | Photo: instagram/ teds_bucket_list

വളര്‍ത്തു നായകളെ കുടുംബാംഗത്തെ പോലെ കാണുന്നവരാണ് അധികപേരും. അവര്‍ക്ക് അസുഖം വന്നാല്‍ വരെ ചിലര്‍ സങ്കടപ്പെടും. അവരുടെ വേര്‍പാട് ചിലപ്പോള്‍ താങ്ങാവുന്നതിലും അപ്പുറമായിരിക്കും.

അത്തരത്തിലൊരു അവസ്ഥയിലൂടെയാണ് ഗ്ലാസ്‌ഗോയില്‍ നിന്നുള്ള ദമ്പതികളായ ഹോളി മിച്ചലും ഡയ്‌ലാന്‍ ബ്രാഡ്‌ലിയും കടന്നുപോകുന്നത്. അവരുടെ മൂന്നു വയസ്സുള്ള വളര്‍ത്തുനായക്ക് അപ്രതീക്ഷിതമായി മാരക രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍ ഉള്‍പ്പെട്ട ടെഡ് എന്നു പേരുള്ള വളര്‍ത്തുനായക്കാണ് അസുഖം ബാധിച്ചത്. 

നടക്കാന്‍ പോകുന്നതിനിടയിലാണ് ടെഡിന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടത്. നാവിന്റെ നിറം നീലയായി മാറുകയും ചെയ്തു. വിദഗ്ദ്ധ പരിശോധനയില്‍ ടെഡിന് പള്‍മണറി ഫൈബ്രോസിസാണെന്ന് സ്ഥിരീകരിച്ചു. ഇനി ഒന്നര വര്‍ഷം മാത്രമേ ടെഡ് ജീവനോടെയുണ്ടാകൂ എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. 

ഇതോടെ ഹോളിയും ഡയ്‌ലാനും സങ്കടത്തിലായി. ഇത് എങ്ങനെ മറികടക്കും എന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. ടെഡിന്റെ അവസാന നാളുകള്‍ മനോഹരമാക്കണമെന്ന് അവര്‍ തീരുമാനിച്ചു. ഇതിനായി ആഗ്രഹങ്ങളുടെ ഒരു പട്ടികയും തയ്യാറാക്കി.

ഫോട്ടോഷൂട്ട്, മാഗസിന്‍ ഫീച്ചര്‍, ബീച്ച് യാത്ര, ആഡംബര ഹോട്ടലിലെ താമസം, സ്റ്റീക്ക് ഡിന്നര്‍, ടെഡിന്റെ കാല്‍പാദം അടയാളപ്പെടുത്തിയ ആഭരണം, ഷോപ്പിങ്, ദൂരയാത്രകള്‍ എന്നിവയാണ് പട്ടികയിലുള്ളത്. ഇതില്‍ പല ആഗ്രഹങ്ങളും അവര്‍ പൂര്‍ത്തീകരിച്ചു. ടെഡിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് ചില കാര്യങ്ങള്‍ ദമ്പതികള്‍ ഉപേക്ഷിക്കുകയും ചെയ്തു. 

ഇതിനിടെ ഹോളിക്കും ഡയ്‌ലാനും ഒരു പെണ്‍കുഞ്ഞും ജനിച്ചു. ലൈല എന്നാണ് കുഞ്ഞിന് പേരിട്ടത്. ഒരു കുഞ്ഞുണ്ടാകുമ്പോള്‍ ടെഡ് ആ കുഞ്ഞിന് സഹോദരനെപ്പോലെയായിരിക്കുമെന്ന് മുമ്പ് കരുതിയിരുന്നെന്നും ലൈലയുടെ ജനനത്തോടെ അത് സത്യമായെന്നും ഹോളി പറയുന്നു.
 

Content Highlights: a couple made a bucket list for dying three year old golden retriever