പാതി നായ, പാതി ചെന്നായ; അപൂര്‍വ നായ ഇനത്തിനായി ബെംഗളൂരു സ്വദേശി ചെലവാക്കിയത് 50 കോടിരൂപ

Photo: x.com/CentennialMan/
Photo: x.com/CentennialMan/

ചെന്നായയും കൊക്കേഷ്യന്‍ ഷെപ്പേര്‍ഡും ചേര്‍ന്ന അപൂര്‍വ സങ്കരയിനം നായയ്ക്കായി 50 കോടി രൂപ ചെലവാക്കി ബെംഗളൂരു സ്വദേശി. കാഡബോംബ് ഒകാമി എന്ന് പേരിട്ടിരിക്കുന്ന ഈ നായ ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യ നായയാണ്. ലോകത്തിലെതന്നെ വിലയേറിയ ഒന്നും.

ബെംഗളൂരുവിലെ അറിയപ്പെടുന്ന ഡോഗ് ബ്രീഡറായ 51-കാരന്‍ എസ്. സതീഷാണ് ഒകാമിയുടെ ഉടമ. 150-ഓളം ഇനം വ്യത്യസ്ത നായ ഇനങ്ങള്‍ സതീഷിന്റെ പക്കലുണ്ട്. പത്തുവര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഡോഗ് ബ്രീഡിങ് നിര്‍ത്തിയ ഇദ്ദേഹം അപ്പോള്‍ അപൂര്‍വ വളര്‍ത്തുമൃഗങ്ങളെ വിവിധ പരിപാടികളില്‍ പ്രദര്‍ശിപ്പിച്ചാണ് പണം സമ്പാദിക്കുന്നത്.

ഇദ്ദേഹത്തിന്റെ ശേഖരത്തിലെ ഏറ്റവും പുതിയ അതിഥിയാണ് ചെന്നായയും കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് എന്ന നായ വര്‍ഗവും ചേര്‍ന്ന ഒകാമി. ഭീമാകാരന്‍മാരായ കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് എന്ന നായ വര്‍ഗത്തിന്റെ സ്വദേശം കോക്കസസ് മേഖലകളായ ജോര്‍ജിയ, അര്‍മേനിയ, അസര്‍ബൈജാന്‍, ഡാഗെസ്താന്‍ എന്നിവിടങ്ങളാണ്. എന്നാല്‍ സതീഷിന്റെ പക്കലുള്ള ഒകാമിയുടെ സ്വദേശം യുഎസാണ്. കഴിഞ്ഞ വര്‍ഷം ഒരു ബ്രോക്കര്‍ വഴിയാണ് സതീഷ് ഇവനെ വാങ്ങുന്നത്. എട്ടുമാസം മാത്രം പ്രായമുള്ള നായക്കുട്ടിക്ക് ഇപ്പോള്‍ തന്നെ 75 കിലോഗ്രാം തൂക്കവും 30 ഇഞ്ച് ഉയരവുമുണ്ട്. 28 കോടിരൂപയായിരുന്നു നായക്കുട്ടിയുടെ വില. കമ്മീഷനും മറ്റു ചെലവുകളുമടക്കമാണ് ചെലവ് 50 കോടിയിലെത്തിയത്. 

ചെന്നായയുടേതിന് സമാനമാണ് ഇതിന്റെ രൂപം. ചെന്നായ്ക്കളെ പോലുള്ള വേട്ടക്കാരില്‍നിന്ന് കന്നുകാലികളെ സംരക്ഷിക്കാന്‍ കാവല്‍ നായ്ക്കളായി വളര്‍ത്തുന്ന ഇനമാണ് കൊക്കേഷ്യന്‍ ഷെപ്പേര്‍ഡുകള്‍.

ഒകാമിയെ 30 മിനിറ്റ് പ്രദര്‍ശിപ്പിക്കുന്നതിന് 2.45 ലക്ഷം രൂപയാണ് സതീഷ് ഈടാക്കുന്നത്. അഞ്ചു മണിക്കൂറിന് 10 ലക്ഷത്തിനു മുകളിലെത്തും തുക. ദിവസം മൂന്ന് കിലോഗ്രാം കോഴിയിറച്ചിയാണ് ഒകാമിയുടെ ആഹാരം. തന്റെ നായ്ക്കളെ പാര്‍പ്പിക്കാന്‍ ഏഴ് ഏക്കര്‍ വരുന്ന ഒരു ഫാം ഇദ്ദേഹത്തിന് സ്വന്തമായുണ്ട്. നായ്ക്കള്‍ക്ക് സൈ്വര്യമായി വിഹരിക്കാന്‍ ധാരാളം ഇടം ഇവിടെയുണ്ട്. ഇവയെ പരിപാലിക്കാന്‍ ആറ് ജീവനക്കാരുമുണ്ട്.

Content Highlights: Bengaluru man spends ₹50 crore on a rare wolf-dog hybrid, named Kadomb Okami. Learn about this uniq