മെറ്റ് ഗാലയില്‍ വീണ്ടും കേരളത്തിന്റെ കയ്യൊപ്പ്; പരവതാനി ഒരുക്കിയത് ആലപ്പുഴയില്‍ നിന്നുള്ള 'നെയ്ത്ത്'

ഫാഷന്‍ പ്രേമികള്‍ എപ്പോഴും ആകാംക്ഷയോടെ കാത്തിരിക്കുന്ന ന്യൂയോര്‍ക്കിലെ മെറ്റ് ഗാലയില്‍ ഇത്തവണയും കേരളത്തിന്റെ പങ്കാളിത്തം. നീല നിറത്തില്‍ ഡിസൈനോട് കൂടിയ അതിമനോഹരമായ മെറ്റ് ഗാലയിലെ പരവതാനി ഡിസൈന്‍ ചെയ്തത് കേരളത്തില്‍ നിന്നുള്ള സംരഭമായ 'നെയ്ത്ത്-എക്‌സ്ട്രാവീവ്' ആണ്. 2022, 2023 മെറ്റ് ഗാലകളിലേയും പരവതാനി ഇവര്‍ തന്നെയാണ് നെയ്‌തെടുത്തിരുന്നത്.
57 റോളുകളായി ഏകദേശം 6840 ചതുരശ്ര മീറ്റര്‍ കാര്‍പെറ്റാണ് മെറ്റ് ഗാലയ്ക്കായി ആലപ്പുഴയിലെ ചേര്‍ത്തലയില്‍ നിന്നുള്ള കമ്പനി നിര്‍മിച്ചുനല്‍കിയത്. കേരളത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഈ പരവതാനിയെ കുറിച്ച് മന്ത്രി പി രാജീവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. 480 തൊഴിലാളികള്‍ 90 ദിവസങ്ങള്‍കൊണ്ട് നെയ്‌തെടുത്ത കാര്‍പെറ്റുകള്‍ ലോകത്തിന്റെയാകെ മനം കവര്‍ന്നുവെന്നും മന്ത്രി കുറിച്ചു.
നേരത്തെ ബെക്കിങ്ഹാം കൊട്ടാരത്തിലും വൈറ്റ് ഹൗസിലുമടക്കം നെയ്ത്ത് സംരഭം തങ്ങളുടെ കാര്‍പെറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. മൂന്നാം തവണയും മെറ്റ് ഗാലയിലൂടെ കേരളത്തിന്റെ ടെക്‌സ്റ്റൈല്‍ പെരുമ ലോകമാകെ രേഖപ്പെടുത്തുകയാണ് 'നെയ്ത്ത്' സംരഭമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights: 2025 met gala carpet was made by neytt extraweave in kerala