പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരായ സന്ദേശവുമായി കടലിനടിയിൽ 11-കാരിയുടെ ഭരതനാട്യം; വീഡിയോ വൈറൽ

#Lifestyle Desk
താരഗൈ ആരാധനയുടെ കടലിനടിയിലെ ഭരതനാട്യം, താരഗൈ ആരാധന | Photos: instagram.com/bhardwaj_shubham.in
താരഗൈ ആരാധനയുടെ കടലിനടിയിലെ ഭരതനാട്യം, താരഗൈ ആരാധന | Photos: instagram.com/bhardwaj_shubham.in

രു 11-കാരിയുടെ ഭരതനാട്യമാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പേരുകേട്ട ഏതെങ്കിലും വേദികളിലല്ല, മറിച്ച് സമുദ്രത്തിന്റെ അടിത്തട്ടിലാണ് പുതുച്ചേരിയിൽ നിന്നുള്ള താരഗൈ ആരാധന എന്ന ഈ കൊച്ചുമിടുക്കി തന്റെ കലാപ്രകടനം നടത്തിയത്. വ്യത്യസ്തമായ എന്തെങ്കിലും ചെയ്ത് വൈറലാകുകയായിരുന്നില്ല താരഗൈ ആരാധനയുടെ ലക്ഷ്യം. മറിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയരുതെന്നുള്ള സന്ദേശം പ്രചരിപ്പിക്കാനാണ് കുട്ടി കടലിനടിയിൽ ഭരതനാട്യം അവതരിപ്പിച്ചത്.

ഭരതനാട്യത്തിൽ മാത്രമല്ല, സ്‌കൂബാ ഡൈവിങ്ങിലും പരിശീലനം നേടിയിട്ടുണ്ട് താരഗൈ ആരാധന. ഭരതനാട്യത്തിന്റെ പൂർണ വേഷഭൂഷാദിളോടെയാണ് ഈ മിടുക്കി കടലിൽ 20 അടിയോളം താഴ്ചയിൽ ഭരതനാട്യം അവതരിപ്പിച്ചത്. കടലിനടിയിലെ നൃത്തത്തിന്റെ വീഡിയോ ശുഭം ഭരദ്വാജാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

'താരഗൈ ആരാധന - നൃത്തത്തെ സമുദ്രരക്ഷാ ദൗത്യമാക്കി മാറ്റിയ പെൺകുട്ടി' ഇതാണ് വീഡിയോയ്‌ക്കൊപ്പം ശുഭം ഭരദ്വാജ് കുറിച്ചത്. വീഡിയോ അധികം വൈകാതെ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേരാണ് കടലിനടിയിലെ താരഗൈയുടെ ഭരതനാട്യത്തെ അഭിനന്ദിച്ചത്.

Content Highlights: 11-Year-Old Performs Bharatanatyam Underwater to Spread Plastic Pollution Awareness