ലക്ഷ്വറിയും എലഗൻ്റുമാണ് പൊന്നാനിയിലെ ഈ വീട്, തടിയുടെ തിരഞ്ഞെടുപ്പിലും ചിലകാര്യങ്ങൾ ശ്രദ്ധിക്കണം

#ഖദീജ മൈമൂൻ
റഷീദിൻ്റെയും കുടുംബത്തിൻ്റെയും പൊന്നാനിയിലെ വീട്
റഷീദിൻ്റെയും കുടുംബത്തിൻ്റെയും പൊന്നാനിയിലെ വീട്

വീടെന്ന സങ്കൽപ്പം പലർക്കും വ്യത്യസ്തമാണ്. കണ്ടുമുട്ടിയ മനുഷ്യരും ജീവിച്ച നാടുമൊക്കെ വീടെന്ന സങ്കൽപ്പത്തെ സ്വാധീനിക്കും. കെട്ടിടമെന്നതിനു പുറമേ വീട് ഓർമ്മച്ചെപ്പാകുന്നത് അങ്ങനെയാണ്. വെളിയങ്കോട് സ്വദേശിയും പ്രവാസിയുമായ റഷീദിൻ്റെ പൊന്നാനിയിലെ വീടും അത്തരത്തിലൊന്നാണ്. ക്ലാസിക്ക് ഇറ്റാലിയൻ ഫർണിച്ചറും തടിയിൽ തീർത്ത ഫ്ളോറിങ്ങും ലാന്റ്‌സ്‌കേപ്പിങ്‌ വിസ്മയവും ചേർന്നതാണ് 6200 സ്‌ക്വയർഫീറ്റിലുള്ള ഈ വീട്.

മലപ്പുറം ജില്ലയിലെ വെളിയങ്കോടാണ് നാൽപ്പത് സെൻ്റിൽ നിർമിച്ചിരിക്കുന്ന ഈ വീടുള്ളത്. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് നിർമാണം. ദുബായിൽ സ്ഥിരതാമസമാക്കിയ റഷീദിന്റെയും കുടുംബത്തിന്റെയും നാട്ടിലെ ഭവനമാണിത്. 

അടുക്കളയിലും ബെഡ്റൂമിലും ലിവിങ് റൂമിലും 'വുഡൻ ടച്ച്' നിറഞ്ഞുനിൽക്കുന്നു എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത. ഇറക്കുമതി ചെയ്ത സോഫകളാണ് ലിവിങ് റൂമിനെ സ്റ്റൈലിഷാക്കുന്നത്. നാച്ചുറൽ വുഡ് ഫ്ളോറിങ്ങാണ് വീടിന് ക്ലാസിക്ക് ലുക്ക് നൽകുന്നത്. സ്വകാര്യതയ്ക്ക് കോട്ടം തട്ടാത്തരീതിയിൽ ഡൈനിങ് ഏരിയയും ഫാമിലി സിറ്റിങ് ഏരിയയും എതിർ ദിശകളിലായാണ് നൽകിയിരിക്കുന്നത്.

താഴത്തെ നിലയിൽ ഇടതു ഭാഗത്തായാണ് മാസ്റ്റർ ബെഡ്റൂം. വലത് ഭാഗത്തായി കിഡ്സ് ബെഡ്റൂമും നൽകിയിട്ടുണ്ട്. വീടിന്റെ ബാക്കി മൂന്ന് മുറികൾക്കും ഒന്നാം നിലയിലാണ് ഇടം നൽകിയിരിക്കുന്നത്. മൂന്ന് മുറികളും മൂന്ന് ദിശകളിലേക്കാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്. 

ഒരു ദ്വീപെന്ന് തോന്നിക്കുന്ന ഐലന്റ് കിച്ചണാണ് അടുക്കളയുടെ പ്രധാന ആകർഷണം. 

റോഡിൽ നിന്ന് വീട് ഉയർന്നുനിൽക്കുന്നത് കൊണ്ടുതന്നെ വീട്ടിൽ നിന്ന് പുറത്തേക്കുള്ള കാഴ്ചയും മനോഹരമാണ്. വീടിനുള്ളിലെ താപനില കുറയ്ക്കാനുതകുന്ന ചെടികളും മരങ്ങളുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ലുക്കിൽ കോട്ടം തട്ടാത്ത വീടിനിണങ്ങുന്ന ചെടികളാണ് ഉപയോഗിച്ചിരിക്കുന്നത്. പല തട്ടുകളിലായാണ് ചെടികൾ ക്രമീകരിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്ത ചെടികളായ സൈലന്റ് ഫിഗ് പോലുള്ള ഫലവൃക്ഷങ്ങൾക്കും ഇടം നൽകിയിട്ടുണ്ട്. വീട്ടിലേക്ക് കൂടുതൽ വെയിലടിക്കുന്ന ഇടങ്ങളിൽ ഉയരത്തിൽ വളരുന്ന ചെടികൾ ഉപയോഗിച്ചാണ് ലാന്റ്‌സ്‌കേപ്പിങ്‌ ചെയ്തിരിക്കുന്നത്.

ഇറ്റാലിയൻ മാർബിളാണ് ഫളോറിന്റെ മറ്റൊരു ആകർഷണം. നാച്ചുറൽ വുഡ് കൊണ്ടുള്ള വുഡൻ ഫ്ളോറിങ്ങാണ് ലിവിങ് മുറിയെ എലഗന്റാക്കുന്നത്. ട്രെൻ്റിൽ എക്കാലവും മുൻപന്തിയിലുള്ള  ഇറ്റാലിയൻ ലെതർ സോഫ വീടിന് എടുപ്പുനൽകുന്നുണ്ട്. 

തടികൊണ്ടുള്ള പാനലിങ്ങും ജിപ്‌സം സീലിങ്ങുമാണ് ചെയ്തിട്ടുള്ളത്. വുഡൻ ഇറ്റാലിയൻ മാർബിൾ ചേരുമ്പോൾ ക്ലാസി ലുക്കിന് മാറ്റുകൂടുന്നു. കാലാവസ്ഥയ്ക്കനുസരിച്ച് തടി ചുരുങ്ങാനും വികസിക്കാനും സാധ്യതയുള്ളതുകൊണ്ട് കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ തടി തേക്കാണ്. നിലമ്പൂർ തേക്കാണ് വീടിന്റെ മനോഹരമാക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതുതന്നെയാണ് പാനലിങ്ങിനായി ലിവിങ് ഹാളിലുൾപ്പടെ ഉപയോ​ഗിച്ചിരിക്കുന്നത്.

വുഡൻ ഫ്ളോറുകൾക്കുപുറമേ കോണിപ്പടിയിലും കൈപ്പടിയിലും( ഹാൻ്റ് റെയിൽ) സീലിങ്ങിലും തടി യഥാവിധം ഉപയോഗിച്ചിട്ടുണ്ട്. 

തടി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മുറിച്ചിട്ട മരങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. തടിക്കുള്ളിൽ കേടില്ല എന്ന് ഉറപ്പുവരുത്താം. വൃത്താകൃതിയിലുള്ള തടി തിരഞ്ഞെടുക്കാം. പാഴ്‌വസ്തുക്കളുടെ 
അളവ് കുറയ്ക്കാൻ വേരുകളുള്ള തടികൾ ഒഴിവാക്കാം. 

ചെറിയ തടികൾക്ക് പലപ്പഴും മൂപ്പ് കുറവായിരിക്കാം. ഇത് പിന്നീട് തടി കേടാകുന്നത് പിന്നിലെ കാരണമാകും. വെള്ള നിറമുള്ള തടി ഉപയോ​ഗിക്കാതിരിക്കുന്നതാണ് ഉത്തമം.

മരം തിരഞ്ഞെടുക്കുമ്പോൾ സീസൺ (തടിയിലെ ഈർപ്പം കളയുന്ന പ്രക്രിയ) ചെയ്യുന്നത് തടിയുടെ മാറ്റ് കൂട്ടാനും കാലാവധി വർധിപ്പിക്കുന്നതിനും സഹായിക്കും. പല തരത്തിലുള്ള സീസണിങ്ങുണ്ട്. തടി വെയിലത്ത് കായാൻ ഇട്ട് സൂര്യപ്രകാശവും വായുവും നേരിട്ട് നൽകി തടി പാകപ്പെടുത്തിയെടുക്കുന്ന നാച്ചുറൽ സീസണിങ്ങാണ് പരമ്പരാ​ഗതമായി ചെയ്തുവരുന്നത്. എന്നാൽ കെമിക്കൽ സീസണിങ് ഉൾപ്പടെയുള്ള ആധുനിക രീതികളും ഇന്ന് ചെയ്യാറുണ്ട്. തടി പെട്ടന്ന് കേടാകുന്നതിൽ നിന്ന് ഒരു പരിധിവരെ ഇതിലൂടെ തടയാനാകും.

വെള്ളം നേരിട്ട് വീഴാന്‍ ഇടയുള്ള വരാന്ത, കോറിഡോറിന്റെ വശങ്ങള്‍ എന്നിവിടങ്ങളില്‍ തടി ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം.
 

Project Details

Owner: Rasheed
Location: Veliancode, Malappuram
Architect: Nufail Muneer
Architectural firm: MM Architects

 

Content Highlights: Kerala's Architectural Gem: A 6200 sq ft Luxurious Home in Veliyankode