ലാലേട്ടന്റെ വിസ്മയത്തുമ്പത്ത് കണ്ടതുമുതല് മനസില് കയറിക്കൂടിയ വീട്; 'നഭസ്സ്' സ്വന്തമാക്കി ആനി ശിവ

ആത്മബലത്തിന്റേയും ജീവിത വിജയത്തിന്റേയും മാതൃകയാണ് തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിനിയായ ആനി ശിവ. ജീവിതത്തിലെ പ്രതിസന്ധികള് അതിജീവിച്ച് കഠിന പ്രയത്നിത്തിലൂടെ പോലീസ് യൂണിഫോം അണിഞ്ഞ വനിത. ഭര്ത്താവിനാലും സ്വന്തം വീട്ടുകാരാലും തിരസ്കരിക്കപ്പെട്ട്, ആറ് മാസം പ്രായമുള്ള കൈക്കുഞ്ഞിനേയുംകൊണ്ട് പതിനെട്ടാമത്തെ വയസില് അവര്ക്ക് തെരുവിലേക്കിറങ്ങേണ്ടി വന്നു. 14 വര്ഷത്തെ പ്രയത്നത്തിനൊടുവില് വര്ക്കല പോലീസ് സ്റ്റേഷനില് എസ്.ഐ ആയി ആനി ശിവ ജോലിയില് പ്രവേശിച്ചു.
കൈക്കുഞ്ഞിനേയുംകൊണ്ട് പലയിടത്തായി മാസങ്ങളുടെ ഇടവേളയില് മാറിമാറിത്താമസിച്ച ആനി ശിവയ്ക്ക് ഇപ്പോള് ഒരു വീട് സ്വന്തമാക്കിയിരിക്കുകയാണ്. എറണാകുളം മുളവുകാടുള്ള ഈ വീട്ടില് ആനിയ്ക്കൊപ്പം 15 വയസുകാരനായ മകന് ശിവസൂര്യയുമുണ്ട്. നഭസ്സ് എന്നാണ് സ്വപ്ന ഭവനത്തിന് പേര് നല്കിയിരിക്കുന്നത്. ആ പേര് തിരഞ്ഞെടുത്തതിന് പിന്നിലെ കഥയും ഫെയ്സ്ബുക്കില് പങ്കുവെച്ച കുറിപ്പില് ആനി ശവ പറയുന്നുണ്ട്. 2004-ല് പത്തില് പഠിക്കുമ്പോള് കണ്ട മോഹന്ലാലിന്റെ വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തില് 'നഭസ്സ്' എന്ന പേരില് കായലോരത്തെ ഒരു വീട് കാണിക്കുന്നുണ്ട്. അന്ന് തന്റെ മനസില് പതിഞ്ഞതാണ് ആ വീടെന്നും കുറിപ്പില് ആനി ശിവ പറയുന്നു.
പിന്നീട് ഒരു വീട് സ്വന്തമാക്കണം എന്ന മോഹം മനസില് വന്നപ്പോള് ബ്രോക്കര്മാരോട് പറഞ്ഞ ഡിമാന്റുകള് കായലോരം ആയിരിക്കണം, പത്ത് സെന്റ് എങ്കിലും വേണം, ഗ്രാമീണ അന്തരീക്ഷം വേണം,മെയിന് റോഡ് സൈഡ് പാടില്ല, വാഹനങ്ങളുടെ ബഹളം പാടില്ല, കാര് കയറണം, 30 ലക്ഷത്തിന് മുകളില് പോകരുത് എന്നെല്ലാമായിരുന്നുവെന്നും പോസ്റ്റില് അവര് പറയുന്നു. ഒടുവില് അങ്ങനെ ഒരു വീട് കണ്ടെത്തിയെന്നും അത് പുതുക്കിപ്പണിത് ആഗ്രഹിച്ചതുപോലെ മാറ്റിയെടുത്തുവെന്നും ആനി ശിവ പറയുന്നു. തന്റെ ജോലിത്തിരക്കിനിടയില് മകനാണ് വീടിന്റെ നിര്മാണത്തിന്റെ ചുമതല വഹിച്ചതെന്നും അവര് കുറിപ്പില് വ്യക്തമാക്കുന്നുണ്ട്.
കാഞ്ഞിരംകുളം കെ.എന്.എം. ഗവ.കോളേജില് ഒന്നാം വര്ഷ ഡിഗ്രിക്ക് പഠിക്കുമ്പോള് വീട്ടുകാരുടെ ഇഷ്ടത്തെ എതിര്ത്ത് കൂട്ടുകാരനൊത്ത് ജീവിതം തുടങ്ങി. ഒരു കുഞ്ഞ് ജനിച്ച് ആറുമാസമായതോടെ ആ കൂട്ടും നഷ്ടമായി. കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും ദുരഭിമാനത്തിന്റെ വേലിക്കെട്ടുകള് അവിടെ തടസ്സം സൃഷ്ടിച്ചു. അമ്മൂമ്മയുടെ വീടിന്റെ ചായ്പില് മകനെയുംകൊണ്ട് ജീവിതം തുടങ്ങി.
കറിപൗഡറും സോപ്പും വീടുകളില് കൊണ്ടുനടന്ന് കച്ചവടം നടത്തി. ഇന്ഷുറന്സ് ഏജന്റായി. വിദ്യാര്ഥികള്ക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കിക്കൊടുത്തു. സാധനങ്ങള് ബൈക്കില് വീടുകളില് എത്തിച്ചുകൊടുത്തു. ഉത്സവവേദികളില് ചെറിയ കച്ചവടങ്ങള്ക്ക് പലരുടെയും ഒപ്പംകൂടി. ഇതിനിടയില് കോളേജില് ക്ലാസിനുംപോയി സോഷ്യോളജിയില് ബിരുദം നേടി.
കൈക്കുഞ്ഞിനെയുംകൊണ്ട് പലയിടത്തായി മാസങ്ങളുടെ ഇടവേളയില് മാറിമാറിത്താമസിച്ചു. ആണ്കുട്ടികളെപ്പോലെ മുടിവെട്ടി. മകന് ശിവസൂര്യയുടെ അപ്പയായി. ചേട്ടനും അനിയനുമാണെന്ന് പലരും ഒറ്റനോട്ടത്തില് കരുതി. 2014-ല് സുഹൃത്തിന്റെ പ്രേരണയില് വനിതകളുടെ എസ്.ഐ. പരീക്ഷ എഴുതാന് തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തില് ചേര്ന്നു. വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി. 2016-ല് വനിതാപോലീസായി ജോലി ലഭിച്ചു. 2019-ല് എസ്.ഐ. പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂണ് 25-ന് വര്ക്കലയില് എസ്.ഐ.യായി ആദ്യനിയമനം.
Content Highlights: sub inspector of police anie sivas new home in erna