ലൈബ്രറി, അതിഥിമുറികള്‍, ഹോസ്റ്റല്‍..; ശിഹാബ് തങ്ങളുടെ പേരില്‍ പഞ്ചാബില്‍ സാംസ്‌കാരിക കേന്ദ്രം

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ പഞ്ചാബ് ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിക്കുസമീപം സജ്ജമാക്കിയ ശിഹാബ് തങ്ങൾ കൾച്ചറൽ സെന്റർ.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ പഞ്ചാബ് ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിക്കുസമീപം സജ്ജമാക്കിയ ശിഹാബ് തങ്ങൾ കൾച്ചറൽ സെന്റർ.

മലപ്പുറം: സ്നേഹത്തിന്റെയും മതസാഹോദര്യത്തിന്റെയും മാതൃക തീര്‍ത്ത് കടന്നുപോയ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ പഞ്ചാബില്‍ സാംസ്‌കാരിക കേന്ദ്രം വരുന്നു.

പഞ്ചാബ് ലവ്ലിലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയുടെ സമീപത്തായി നിര്‍മിച്ച ശിഹാബ് തങ്ങള്‍ കള്‍ച്ചറല്‍ സെന്റര്‍ വെള്ളിയാഴ്ച മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും.

നാലുനിലക്കെട്ടിടത്തിലാണ് സാംസ്‌കാരിക കേന്ദ്രം. ആയിരത്തോളംപേര്‍ക്ക് ഒരുമിച്ച് നമസ്‌കരിക്കാന്‍ സൗകര്യത്തിലുള്ള പള്ളി, ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലുള്ള ലൈബ്രറി, ഉമറലി തങ്ങളുടെ പേരില്‍ സമ്മേളനഹാള്‍, ഹോസ്റ്റല്‍, അതിഥിമുറികള്‍, മെസ്സ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.

സയ്യിദ് മുഹമ്മദലി ശിഹാബ് ഹ്യൂമാനിറ്റേറിയന്‍ (സ്മാഷ്) ഫൗേണ്ടഷന്‍ എന്ന ട്രസ്റ്റിനു കീഴിലാണ് കള്‍ച്ചറല്‍ സെന്റര്‍ പ്രവര്‍ത്തിക്കുക. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം കൂടിയായിരിക്കുമിത്. വിവിധ രാജ്യങ്ങളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നുമായി നാല്‍പ്പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ശിഹാബ് തങ്ങളുടെ ജീവിതപാഠങ്ങളും സന്ദേശങ്ങളും പകര്‍ന്നുനല്‍കാന്‍ കര്‍മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ഉദ്ഘാടനച്ചടങ്ങില്‍ ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റി ചാന്‍സലര്‍ ഡോ. അശോക് കുമാര്‍ മിത്തല്‍ എംപി മുഖ്യാതിഥിയാകും. അബ്ബാസലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, നഈമലി ശിഹാബ് തങ്ങള്‍, പി.വി. അബ്ദുല്‍ വഹാബ് എംപി, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, എംഎല്‍എമാരായ എന്‍. ഷംസുദീന്‍, ടി.വി. ഇബ്റാഹീം, ആബിദ് ഹുസൈന്‍ തങ്ങള്‍, നജീബ് കാന്തപുരം, സ്മാഷ് ചെയര്‍മാന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍, സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, വര്‍ക്കിങ് സെക്രട്ടറി മുഹമ്മദ് അസ്ലം തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ ഒമ്പതിന് തുടങ്ങുന്ന ഉദ്ഘാടനപരിപാടി ഉച്ചയ്ക്ക് 12 -ന് സമാപിക്കും.

Content Highlights: Panakkad Syed Muhammad Ali Shihab Thangal Cultural Centre Opens in Punjab