'പണമുണ്ടായാൽ മാത്രം പോര..'; നിഖിൽ കാമത്തിന്റെ അപ്പാർട്മെന്റിന് നേരെ വിമർശനവുമായി സോഷ്യൽ മീഡിയ

ഓണ്‍ലൈന്‍ സ്‌റ്റോക്ക് ബ്രോക്കിങ് പ്ലാറ്റ്‌ഫോമായ സെറോദയുടെ സ്ഥാപകരാണ് നിതിന്‍ കാമത്തും സഹോദരൻ നിഖില്‍ കാമത്തും. ചുരുങ്ങിയ കാലംകൊണ്ട് തന്നെ ഇരുവരും ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു. ഇപ്പോഴിതാ നിഖിൽ കാമത്തിന്റെ അപ്പാർട്ട്മെന്റാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
കഴിഞ്ഞ ദിവസം ഫോണ്‍പേയുടെ ഹെഡ് ഓഫ് ഡിസൈനായ രാഹുല്‍ ഗോണ്‍സാല്‍വസ് പങ്കുവെച്ച ചിത്രങ്ങളാണ് ഇതിന് തുടക്കമിട്ടത്. നിഖില്‍ കാമത്തിന്റെ വസതിയുടെ ചിത്രങ്ങളാണ് അദ്ദേഹം എക്‌സില്‍ പങ്കുവെച്ചത്. നിഖിലിന്റെ പുതിയ വസതിയെന്ന് തെറ്റിദ്ധരിച്ചാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കുവെച്ചത്. യഥാര്‍ഥത്തില്‍ അപ്പാര്‍ട്ട്‌മെന്റ് നിഖില്‍ വാടകയ്‌ക്കെടുത്തതായിരുന്നു. അപ്പാര്‍ട്ട്‌മെന്റിന്റെ ഇന്റീരിയര്‍ ഡിസൈനിനെ വിമര്‍ശിച്ചാണ് രാഹുൽ പോസ്റ്റ് പങ്കുവെച്ചത്. മികച്ച ഡിസൈനര്‍മാരെ ഉപയോഗിക്കാമായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു.
ഇതോടെ രാഹുലിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹികമാധ്യമങ്ങളില്‍ പ്രതികരണങ്ങളുയര്‍ന്നുവന്നു. വാള്‍പോസ്റ്ററുകളും ഫര്‍ണിച്ചറും മികച്ച നിലവാരം പുലര്‍ത്തുന്നതല്ലെന്നും ഇന്ത്യയില്‍ ഒരുപാട് ഇന്റീരിയര്‍ ഡിസൈനര്‍മാരുണ്ടെന്നുമൊക്കെ കമന്റുകളെത്തി. പൈസയുണ്ടായാൽ മാത്രം പോര, ഇന്റീരിയർ മെച്ചപ്പെടുത്താനുള്ള അഭിരുചി കൂടിയുണ്ടാകണം എന്നും ചിലർ കമന്റ് ചെയ്തു.
എന്നാല്‍ ഇത് വാടകയ്‌ക്കെടുത്ത അപ്പാര്‍ട്ട്‌മെന്റാണെന്നും അതിനാല്‍ കരാര്‍ പ്രകാരം അപ്പാര്‍ട്ട്‌മെന്റില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താന്‍ അദ്ദേഹത്തിന് സാധിക്കില്ലെന്നുമാണ് നിഖിലിനെ അനുകൂലിക്കുന്നവർ അഭിപ്രായപ്പെട്ടത്.
Content Highlights: Nikhil Kamaths Bengaluru rental home images go viral criticism