കഠിനാധ്വാനത്തിലൂടെ മകളുണ്ടാക്കിയ വീട്; സർപ്രൈസായി താക്കോൽ നൽകിയപ്പോൾ കണ്ണ് നിറഞ്ഞ് അമ്മ

സ്വന്തമായൊരു വീട് എന്നത് എല്ലാവരുടേയും സ്വപ്‌നമാണ്. എന്നാൽ പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ആ സ്വപ്‌നം സാക്ഷാത്കരിക്കാൻ പലർക്കും കഴിയാറില്ല. ഇപ്പോഴിതാ ഒരു മകൾ അമ്മയുടെ വീടെന്ന സ്വപ്‌നം സഫലമാക്കിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. കൊറിയോഗ്രാഫറും കണ്ടന്റ് ക്രിയേറ്ററുമായ ഇഷിക സിങ് രജ്പുതാണ് പുതിയ വീട്ടിലേക്ക് അമ്മയെ സർപ്രൈസായി കൊണ്ടുവരുന്ന വീഡിയോ പോസ്റ്റ് ചെയ്തത്.
വാടകയ്ക്ക് ഒരു വീട് നോക്കുന്നുവെന്ന വ്യാജേന ഇഷിക അമ്മയെ പുതിയ വീട് കാണിക്കാൻ കൊണ്ടുവരികയായിരുന്നു. അവിടെ എത്തിയപ്പോഴാണ് അത് സ്വന്തം വീടാണെന്ന് അവർ തിരിച്ചറിയുന്നത്. ഇതോടെ സന്തോഷത്താൽ കണ്ണ് നിറഞ്ഞ് അവർ ഇഷികയെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. ഈ വീഡിയോയ്‌ക്കൊപ്പം മനോഹരമായ ഒരു കുറിപ്പും ഇഷിക പങ്കുവെച്ചിട്ടുണ്ട്.
'അമ്മേ, വാടകയ്ക്ക് ഒരു വീട് നോക്കാൻ പോകാം എന്ന് ഞാൻ പറഞ്ഞു. എന്നിട്ട് പെട്ടെന്ന് ഞാൻ ഞങ്ങളുടെ പുതിയ വീടിന്റെ താക്കോൽ അമ്മയ്ക്ക് ൽകി. അമ്മ ഞെട്ടിപ്പോയി. 'ഈ വീട് നിങ്ങൾക്കുള്ളതാണ്. ഇത് നമ്മുടെ സ്വപ്ന ഭവനമാണ്' എന്ന് ഞാൻ അമ്മയോട് പറഞ്ഞു. എന്നാൽ ഈ സ്വപ്‌നത്തിലേക്കുള്ള യാത്ര കഠിനമായിരുന്നു. എനിക്ക് പല കഷ്ടപ്പാടുകളും സഹിക്കേണ്ടി വന്നു. സ്വന്തമായി ഒരു വീടുള്ള ദിവസത്തെക്കുറിച്ച് രാത്രി മുഴുവൻ ഉറങ്ങാതെ ഞാൻ ചിന്തിക്കുമായിരുന്നു. എനിക്ക് കരയാനോ ഉറങ്ങാനോ കഴിഞ്ഞില്ല. ഈ വീട് വാങ്ങിയപ്പോൾ ഞാൻ എനിക്ക് തന്നെ ഒരു ട്രോഫി നൽകണമെന്ന് തോന്നി.'-ഇഷിക കുറിച്ചു.
നാല് ദിവസം മുമ്പ് പങ്കുവെച്ച ഈ വീഡിയോ ഇതുവരെ ഒരു കോടി 25 ലക്ഷം പേരാണ് കണ്ടത്. ഒമ്പത് ലക്ഷം പേർ ലൈക്കും ചെയ്തിട്ടുണ്ട്. സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവർ കമന്റും ചെയ്തു. 'ഇത് എന്റെ ദിവസം മികച്ചതാക്കി! ദൈവം നിങ്ങളെയും നിങ്ങളുടെ അമ്മയെയും അനുഗ്രഹിക്കട്ടെ ഇഷിക' ഗായിക നേഹ കക്കർ കുറിച്ചു.
Content Highlights: mother cries tears of joy as daughter surprises her with new home