വീട്ടിലെ ടെറസിന് പുത്തൻ ലുക്ക്; കത്രീനയുടെ ആഗ്രഹം സഫലമാക്കി ഗൗരി ഖാൻ

#Lifestyle Desk
കത്രീന കൈഫ്.|Photo: PTI/Screengrab
കത്രീന കൈഫ്.|Photo: PTI/Screengrab

കാലത്തിനനുസരിച്ച് വീട്ടിനുള്ളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ആളുകൾ മടിക്കാറില്ല. സൗകര്യം മാത്രമല്ല സൗന്ദര്യവും കൂടി മുൻനിർത്തിയാണ് പലപ്പോഴും വീടുകളിൽ മാറ്റങ്ങൾ വരുത്തുക. വീടുമായി ബന്ധപ്പെട്ട് പലപ്പോഴായി ആഗ്രഹിച്ച ചില മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് ബോളിവുഡ് താരമായ കത്രീന കൈഫ്.

കുറേകാലമായി ഉപയോഗിക്കാതിരിക്കുന്ന ടെറസ് ഭംഗിയാക്കാം എന്ന ചിന്തയാണ് കത്രീനയെ ഈ മാറ്റത്തിന് പ്രേരിപ്പിച്ചത്. ഇതിനായി നിർമ്മാതാവും ഇന്റീരിയർ ഡിസൈനറുമായ ഗൗരി ഖാന്റെ സഹായവും താരം തേടി. ടെറസിൽ മാറ്റങ്ങൾ വരുത്തുന്നതിന്റെ വീഡിയോയിലാണ് കത്രീന അഭിപ്രായങ്ങൾ പങ്കുവെച്ചത്.

ഫോട്ടോ ഷൂട്ടുകൾക്കും ഇടയ്ക്കുണ്ടാകുന്ന ചില പരിപാടികൾക്കും ടെറസ് ഉപയോഗിക്കാമെങ്കിലും താൻ ആഗ്രഹിച്ച തരത്തിലുള്ള ആകർഷണീയതയും സൗകര്യവും ടെറസിനില്ലായിരുന്നു എന്ന് താരം വെളിപ്പെടുത്തി. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനും പുസ്തകം വായിച്ചിരിക്കാനുമുള്ള ഒരിടമായിരുന്നു കത്രീനയുടെ സങ്കൽപ്പത്തിലുണ്ടായിരുന്നത്. പലപ്പോഴും അത്തരത്തിൽ മാറ്റം വരുത്താൻ ആഗ്രഹിച്ചെങ്കിലും അങ്ങനെ ചെയ്തില്ല എന്നും താരം പങ്കുവെച്ചു.

മികച്ച ഇന്റീരിയർ ഡിസൈനർ കൂടിയായ ഗൗരി ഇടപെട്ടപ്പോൾ കത്രീന മനസ്സിൽ കണ്ട ഒരു സുന്ദരമായ ടെറസിന് ജീവൻ വെക്കുകയായിരുന്നു. മുംബൈയിലെ മഴയെ അതിജീവിക്കാൻ സാധിക്കുന്നതും അതേസമയം ടെറസിന്റെ ലുക്ക് പൂർത്തിയാക്കുന്നതുമായ വെള്ള നിറത്തിലുള്ള ടൈലുകളാണ് നിലത്ത് പാകിയത്. ഇതിന്റെകൂടെ ഇരിപ്പിടങ്ങളും വെളിച്ചവും കൂടെ ചേർത്തതോടെ സമയം ചെലവഴിക്കാൻ തിരഞ്ഞെടുക്കാവുന്ന മികച്ച സ്ഥലമായി ടെറസ് മാറി.

പുതിയ മാറ്റങ്ങളിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അവിടെയൊരുക്കിയ വെളിച്ചവും ചെടികളുമാണെന്ന് കത്രീന അഭിപ്രായപ്പെട്ടു. മുംബൈ നഗരത്തിന്റെ ആഡംബരത്തോടൊപ്പം തന്നെ സമാധാനം നൽകുന്ന മികച്ച ഇടമായി ഇവിടം മാറിയിട്ടുണ്ട്. തന്റെ മനസിലുണ്ടായിരുന്ന കാര്യങ്ങൾ അതുപോലെ നടപ്പിലാക്കിയതിന് ഗൗരിയോട് നന്ദി പറയാനും താരം മറന്നില്ല.

Content Highlights: Bollywood star Katrina Kaif transformed her unused terrace into a stylish, comfortable space with designer Gauri Khan. Discover the beautiful details of this home renovation.