ദേഹത്തിനും വസ്ത്രങ്ങള്‍ക്കും മാത്രമല്ല; വീട്ടിൽ സുഗന്ധം നിറയ്ക്കാം, മനസ്സ് ശാന്തമാക്കാം

നല്ല സുഗന്ധമുള്ള പെര്‍ഫ്യൂം ദേഹത്ത് പുരട്ടാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അതുപോലെ നിങ്ങളുടെ വീടിന് സുഗന്ധം നല്‍കാന്‍ ശ്രമിക്കാറുണ്ടോ?വീടുകള്‍ക്ക് നല്ല ഗന്ധം പകരാന്‍ പലവഴികള്‍ പരീക്ഷിക്കുന്നത് മഴക്കാലത്ത് മാത്രമല്ല. കര്‍പ്പൂരവും ചന്ദനത്തിരിയുമെല്ലാമാണ് പൊതുവായി ആളുകള്‍ പരീക്ഷിക്കുന്ന കാര്യങ്ങൾ. ഇവയ്ക്ക് പുറമെയുള്ള മറ്റ് ചില മാര്‍ഗങ്ങള്‍ നോക്കാം.
വീടിനകത്തേക്ക് കയറുമ്പോള്‍ ലഭിക്കുന്ന മണംകൊണ്ടുതന്നെ ആ വീടിന്റെ സ്വഭാവം മനസ്സിലാക്കാന്‍ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. വീടിന് ആഡംബരത്വം നല്‍കാനും വീട്ടിലിരിക്കുന്നവര്‍ക്കും അവിടേക്ക് വന്നുകയറുന്നവര്‍ക്കും ഒരുപോലെ പോസ്റ്റിവ് എനര്‍ജി നല്‍കാനും നല്ല ഗന്ധം സഹായിക്കുന്നു.
ലാവന്‍ഡര്‍, ലെമണ്‍ ഗ്രാസ്(ഇഞ്ചിപ്പുല്ല്), നാരങ്ങ, ക്യാമോമൈല്‍, റോസ് എന്നിവയുടെ ഫ്‌ളേവറിലുള്ള ദ്രവ്യങ്ങള്‍ ഇതിനായി തിരഞ്ഞെടുക്കാം. രൂക്ഷഗന്ധമുള്ള ഊദ്, മസ്‌ക്, വാനില എന്നിവ തണുപ്പുള്ള സീസണില്‍ ഉപയോഗിക്കുന്നതാണ് ഉചിതം.
ഇന്ത്യയിലെ വീടുകളില്‍ സാധാരണയായി ചന്ദനം, ദേവദാരു എന്നിവ സുഗന്ധത്തിനായി ഉപയോഗിക്കാറുണ്ട്. മാഡലീന്‍ റോസ്, ക്യുഷു റൈസ്,
സുഗന്ധമുള്ള ഔഷധസസ്യങ്ങള്‍ നിറച്ച പൊട്‌ലി ബാഗുകള്‍ എന്നിവയെല്ലാം പ്രകൃതിദത്തമാണ്. ഇവ വീട്ടില്‍ തയ്യാറാക്കാവുന്നതേയുള്ളു.
സുഗന്ധമുള്ള മെഴുകുതിരികളും ഡിഫ്യൂസറുകളും കത്തിച്ച് വെക്കുന്നത് വീടിനാകെ പുത്തനുണര്‍വേകും. സോഫയിലും ഷീറ്റുകളിലും കുഷ്യന്‍ കവറുകളിലുമെല്ലാം സുഗന്ധദ്രവ്യങ്ങളുടെ തുള്ളികള്‍ ഇറ്റിക്കാവുന്നതാണ്. കിടപ്പുമുറികളിലെ തലയിണകളിലും കര്‍ട്ടനുകളിലും ഇവ സ്‌പ്രേ ചെയ്യാം. സിട്രസ് മണമുള്ള ദ്രവ്യങ്ങള്‍ അടുക്കളയിലും ലാവെന്റര്‍ ബാത്‌റൂമിലും ലെമണ്‍ഗ്രാസ് കിടപ്പുമുറിയിലും ചന്ദനത്തിന്റേത് ലിവിങ് റൂമിലും ഉപയോഗിക്കാവുന്നതാണ്.
Content Highlights: Transform your home with delightful fragrances