തീയേറ്റര്‍, സ്പാ.. ഈ ഇന്ത്യൻ നഗരത്തിലെ ഫ്ളാറ്റിന് വില 75 കോടി; ബുർജ് ഖലീഫ തോൽക്കുമെന്ന് സോഷ്യൽ മീഡിയ

Photo: x.com/kukreja_abhinav
Photo: x.com/kukreja_abhinav

സ്വകാര്യ തീയേറ്റര്‍, സ്പാ, ഗെയിം റൂം... ഗുരുഗ്രാമില്‍ പുതുതായി ഉയരുന്ന ഈ ഫ്‌ളാറ്റില്‍ ഇല്ലാത്ത സൗകര്യങ്ങളൊന്നുമില്ല. എന്നാല്‍, വിലകേട്ടാല്‍ ഒന്നു ഞെട്ടും. ഈ അപ്പാർട്ട്മെന്‍റുകളിൽ ഏറ്റവും ചെറുതിന്റെ വില 75 കോടിയാണ്. ഡല്‍ഹി ലാന്‍ഡ് ആന്റ് ഫിനാന്‍സ് (ഡിഎല്‍എഫ്) ന്‍റെ ഈ ഫ്ളാറ്റുകളുടെ വിലകേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

സ്വകാര്യ തിയേറ്റര്‍, ഗെയിം റൂം, ഐസ് ബാത്ത് ഏരിയ, സ്പാ തുടങ്ങി ആര്‍ഭാട സൗകര്യങ്ങളോടുകൂടിയ അപ്പാര്‍ട്‌മെന്റിന്റെ ചിത്രങ്ങളാണ് അഭിനവ് കുക്രെജ എന്നയാള്‍ എക്‌സില്‍ പങ്കുവെച്ചത്. 75 കോടിയാണ് ഒരു ചെറിയ ഫ്‌ളാറ്റിന്റെ ആരംഭവില. ഇത് കണ്ട ആളുകള്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ, ആർഭാട ഫ്ളാറ്റുകളുള്ള ദുബായിലെ ബുര്‍ജ് ഖലീഫയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ വിലയാണ് താരതമ്യത്തിനായി ഗൂഗിള്‍ സെര്‍ച്ച് ചെയ്യുന്നത്. 

അവരിത് ഗുരുഗ്രാമിലുണ്ടാക്കിയെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് കുറിച്ചാണ് അഭിനവ് കുക്രെജ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചെറിയ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് 9,500 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുണ്ട്. ഒരു ചതുരശ്ര അടിക്ക് 80,000 രൂപ. അതായത് ഏറ്റവും വിലകുറഞ്ഞ വീടിന് 75 കോടി രൂപ(9 മില്യണ്‍) വില വരും. ഒരു ലക്ഷം രൂപയാണ്  അപ്പാര്‍ട്ട്‌മെന്റിന്റെ ഒരു മാസത്തെ മെയിന്റനന്‍സ് ഫീസ്. 

എക്‌സില്‍ പോസ്റ്റ് കണ്ടവരില്‍ ഇതേ വിലക്ക് മറ്റെവിടെയെങ്കിലും അപ്പാര്‍ട്ട്‌മെന്റുകള്‍ കിട്ടുമോ എന്ന് തിരഞ്ഞവരാണ് കൂടുതല്‍. ഇറ്റലിയില്‍ ഇതേ തുകയ്ക്ക് കൂടുതല്‍ സൗകര്യങ്ങളോടുകൂടി ഇടം ലഭിക്കുമെന്ന് ഒരാള്‍ കമന്റ് ചെയ്യുന്നു.

ഗുരുഗ്രാമിലെ എഴുപത്തഞ്ച് കോടിയുടെ അപ്പാര്‍ട്ട്‌മെന്റ് വേണോ അതോ ലോകത്തിലെ തന്നെ വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലെ ആറ് കോടി വരുന്ന വണ്‍ ബിഎച്ച്‌കെ വേണോ? കടുത്ത തിരഞ്ഞെടുപ്പ് തന്നെ എന്ന് മറ്റൊരു കമന്റ്. മാന്‍ഹാട്ടനിനടുത്തുള്ള ടൈം സ്‌ക്വയറില്‍ 1.2 മില്യണ്‍ തുകയ്ക്ക് ഒരു അപ്പാര്‍ട്ട്‌മെന്റ് വാങ്ങാനാകുമെന്ന് മറ്റൊരാള്‍ പ്രതികരിച്ചു.

Content Highlights: Gurugram Society’s Cheapest Flat for Rs 75 Crore