മഴക്കാലമെത്തി, ഈച്ചയും! ഒഴിവാക്കിയില്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങളും; പരീക്ഷിക്കാം ഈ വഴികൾ

മഴക്കാലമായാൽ ഈച്ചക്കാലവുമെത്തി എന്നുവേണം കരുതാൻ. വീട്ടിലും റസ്റ്ററൻ്റിലും ഈച്ചകൾ സജീവമാകുന്നത് ശല്യമാണെന്നു മാത്രമല്ല ആരോഗ്യത്തിനും ഒട്ടും നല്ലതല്ല. മാലിന്യവസ്തുക്കളിലുള്ള ബാക്ടീരിയയും മറ്റ് അണുക്കളും ശരീരത്തിലേക്ക് എത്തുന്നത് ഈച്ചകളിലൂടെയാണ്. ടൈഫോയ്ഡ്, കോളറ, ടിബി തുടങ്ങിയ 65 രോഗങ്ങളെങ്കിലും ഈച്ചകളിലൂടെ മനുഷ്യരിലേക്ക് പകരുന്നുണ്ട് എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ.
പ്രധാനമായും മണമാകർഷിച്ചെത്തുന്ന ഇവ ഒരിക്കല്‍ പ്രത്യക്ഷപ്പെട്ടാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടുതന്നെ പെറ്റുപെരുകും.
വൃത്തി കുറവുള്ള വീടുകളിലും പരിസരങ്ങളിലുമാണ് ഈച്ചകള്‍ കൂടുതലായി കാണപ്പെടാറുള്ളത്. സാധാരണയായി തുറന്നിട്ട വാതിലുകളിലൂടെയോ ജനലുകളിലെ വിള്ളലുകള്‍ക്കിടയിലൂടെയോ ആണ് ഈച്ചകള്‍ വീടിനുള്ളില്‍ പ്രവേശിക്കുന്നത്. വീട്ടില്‍ ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലമോ വേസ്റ്റ് ബിന്‍ സ്ഥാപിച്ചിരിക്കുന്ന മുറിയോ ഒക്കെയാണ് ഈച്ചകളുടെ താവളം.
ഈച്ചകളെ തുരത്താന്‍ വീട്ടില്‍ തന്നെ പ്രയോഗിക്കാന്‍ കഴിയുന്ന ചില വഴികൾ അറിഞ്ഞിരിക്കാം.
പുതിന, തുളസി, വാടാമല്ലി, ജമന്തി മുതലായ ചെടികളില്‍നിന്നുള്ള രൂക്ഷമായ ഗന്ധം ഈച്ചകളെ അകറ്റിനിര്‍ത്തും. അതിനാല്‍, ഇവ വെച്ചുപിടിപ്പിക്കുന്നത് ഈച്ചകളുടെ പ്രജനനം തടയും.
വിനാഗിരിയുടെ മണം ഈച്ചകളെ എളുപ്പത്തില്‍ ആകര്‍ഷിക്കുന്നതാണ്. അതിനാല്‍, ഒരു പാത്രത്തില്‍ കുറച്ച് ആപ്പിള്‍ സൈഡര്‍ വിനാഗിരി ഒഴിച്ചശേഷം പാത്രം ഒരു പ്ലാസ്റ്റിക് റാപ്പര്‍ ഉപയോഗിച്ച് പൊതിഞ്ഞെടുക്കുക. ഇതില്‍ വളരെ ചെറിയ ദ്വാരങ്ങളും ഇടണം. ഇത് ഈച്ചകളെ കുടുക്കാനുള്ള മികച്ച കെണിയാണ്.
വീട്ടില്‍ എളുപ്പത്തില്‍ കണ്ടെത്താവുന്ന ചേരുവകൊണ്ടൊരു മിശ്രിതംകൊണ്ട് അടുത്ത കെണിയൊരുക്കാം. ഒരു ഗ്ലാസ് പാലില്‍ മൂന്ന് സ്പൂണ്‍ പഞ്ചസാരയും ഒരു സ്പൂണ്‍ കുരുമുളകും ചേര്‍ത്ത് തിളപ്പിച്ചശേഷം തണുപ്പിക്കുക. തുടര്‍ന്ന് ഈച്ചശല്യമുള്ള സ്ഥലത്ത് ഇത് സ്ഥാപിക്കണം. ഇതിലൂടെ ഈച്ചകളെ ദൂരത്തുനിന്നുപോലും ആകര്‍ഷിക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യാം.
നാരങ്ങയും ഗ്രാമ്പുവുമാണ് മറ്റൊന്ന്. രണ്ട് നാരങ്ങ പകുതിയായി മുറിച്ചശേഷം ഓരോ നാരങ്ങയുടേയും ഉള്ളിലായി 4-5 ഗ്രാമ്പൂ തിരുകിവെയ്ക്കണം. ഇത് ഈച്ചശല്യം കൂടുതലുള്ള ഭാഗങ്ങളില്‍ കൊണ്ടുപോയി വെച്ചാല്‍ ഇതിന്റെ രൂക്ഷഗന്ധം മൂലം ഈച്ചകള്‍ അകന്നുനില്‍ക്കും.
ഓറഞ്ച് തൊലികളാണ് മറ്റൊന്ന്. ഇനി മുതല്‍ ഓറഞ്ച് തൊലികള്‍ പാഴാക്കിക്കളയാതെ അവ ചെറുതാക്കി അല്പം വെള്ളം തളിച്ചശേഷം ഒരു തുണിയില്‍ പൊതിഞ്ഞ് ഈച്ചശല്യമുള്ള സ്ഥലങ്ങളില്‍ തൂക്കിയിടുക. ഒരു കപ്പ് വെള്ളത്തില്‍ ഒരു സ്പൂണ്‍ ഇഞ്ചി ചതച്ചുചേര്‍ത്ത് അതു നന്നായി ഇളക്കി സ്‌പ്രേ ബോട്ടിലിലാക്കി അടുക്കളയിലും ഈച്ചശല്യമുള്ള വീട്ടിലെ മറ്റു ഭാഗങ്ങളിലും ഇത് തളിക്കാം.
മുൻകരുതൽ വേണം
മാലിന്യം സൂക്ഷിക്കുന്ന ബിന്നുകൾ അടപ്പുയോഗിച്ച് അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. മാലിന്യം നിറഞ്ഞ ബിന്നുകൾ ദിവസങ്ങളോളം സൂക്ഷിച്ചുവെക്കാതെ കൃത്യമായി മാലിന്യം കളയാൻ ശ്രദ്ധിക്കണം. മാലിന്യം കളഞ്ഞശേഷം ഭക്ഷണാവശിഷ്ടങ്ങൾ ബിന്നിൽ ഇല്ലെന്ന് ഉറപ്പുവരുത്തി വൃത്തിയാക്കിയ ശേഷം മാത്രം വീണ്ടും ഉപയോഗിക്കുക.
വെള്ളം കെട്ടിനിൽക്കാതെ പരിസരം സൂക്ഷിക്കാം. ഭക്ഷണസാധനങ്ങൾ മേശയിലും അടുക്കളയിലും തുറന്ന് വെക്കാതിരിക്കാം.
Content Highlights: how to get rid of houseflies at home