ജീവനക്കാര്‍ക്കായി 1.35 ലക്ഷം വാടകയുള്ള ഫ്‌ളാറ്റെടുത്ത് ഗൗരി ഖാന്‍, സെക്യൂരിറ്റി ഡെപ്പോസിറ്റ് 4 ലക്ഷം

തന്റെ ജീവനക്കാര്‍ക്ക് താമസിക്കാന്‍ പ്രതിമാസം 1.35 ലക്ഷം രൂപ വാടക വരുന്ന ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍. ഖാന്‍ കുടുംബത്തിന്റെ വീടായ മുംബൈയിലെ 'മന്നത്ത്' പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ താമസിക്കാന്‍ മറ്റൊരു ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തത്. മുംബൈയിലെ ഖര്‍ വെസ്റ്റില്‍ പ്രശസ്ത പാര്‍പ്പിട സമുച്ചയങ്ങളിലൊന്നായ പങ്കജ് സൊസൈറ്റിയിലാണ് ഈ ഫ്‌ളാറ്റുള്ളത്.
Zapkey.com വഴി ലഭിച്ച വാടക കരാര്‍ രേഖകള്‍ പ്രകാരം ഫ്‌ളാറ്റിന് 725 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. കൂടാതെ ഇത് നാലാം നിലയിലാണ്. പ്രതിമാസം 1.35 ലക്ഷം രൂപയ്ക്ക്, 4.05 ലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റോടെ സഞ്ജയ് കിഷോര്‍ രമണിയില്‍ നിന്നാണ് വാടകയ്ക്കെടുത്തത്. കരാര്‍ മൂന്നു വര്‍ഷത്തേക്കാണ്. ഓരോ വര്‍ഷവും അഞ്ച് ശതമാനം വാടക വര്‍ദ്ധനവും കരാറില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ ഏപ്രിലില്‍ വാടകയ്‌ക്കെടുത്ത ഡ്യൂപ്ലെക്‌സില്‍നിന്ന് 100 മീറ്റര്‍ മാത്രം അകലെയാണ് ഈ ഫ്‌ളാറ്റ്. ഖര്‍ വെസ്റ്റിലെ പാലി ഹില്ലില്‍ 8.67 കോടി രൂപയ്ക്ക് മൂന്ന് വര്‍ഷത്തേക്കാണ് അന്ന് രണ്ട് ഡ്യൂപ്ലെക്‌സുകള്‍ ഗൗരി വാടകയ്‌ക്കെടുത്തത്.
'മന്നത്ത്' കൂടുതല്‍ ആഡംബരത്തോടെ പുതുക്കിപ്പണിയാന്‍ ഒരുങ്ങുകയാണ് ഖാന്‍ കുടുംബം. നിലവിലുള്ള ഘടനയില്‍ രണ്ട് നിലകള്‍ കൂടി കൂട്ടിച്ചേര്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ഗൗരി ഖാന്‍ കോസ്റ്റല്‍ അതോറിറ്റിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 1914-ല്‍ നിര്‍മിച്ച പൈതൃക ബംഗ്ലാവാണ് മന്നത്തെങ്കിലും, ഇതേ കോംപ്ലക്‌സിനുള്ളിലുള്ള ആറ് നിലകളുള്ള ഒരു പുതിയ കെട്ടിടത്തിലാണ് ഖാന്‍ കുടുംബം താമസിക്കുന്നത്. ഇത് എട്ട് നിലകളായി വികസിപ്പിച്ചാണ് പുതുക്കിപ്പണിയുന്നത്.
തന്റെ ആദ്യകാലത്തെ പെന്റ്ഹൗസ് അപാര്‍ട്‌മെന്റ് വളരെ ചെറുതായി തോന്നിയതുകൊണ്ട് ഗോരിയുടെ അമ്മ സവിതാ ചബ്ബാറിന് വേണ്ടിയാണ് മന്നത്ത് വാങ്ങിയതെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ ഷാരൂഖ് ഖാന്‍ വ്യക്തമാക്കിയിരുന്നു. 'ഞാന്‍ ഡല്‍ഹിയില്‍ നിന്നാണ്. ഡല്‍ഹിക്കാര്‍ വലിയ വീടുകളില്‍ താമസിക്കാന്‍ ശീലിച്ചവരാണ്. എന്നാല്‍ മുംബൈയില്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന രീതിയാണുള്ളത്. ഡല്‍ഹിയില്‍ സമ്പന്നര്‍ അല്ലെങ്കില്‍പോലും ഒരു ചെറിയ ബംഗ്ലാവ് വാങ്ങാന്‍ ശ്രമിക്കും. ഞാന്‍ മുംബൈയില്‍ വന്നപ്പോള്‍ ഭാര്യ ഗൗരിക്കൊപ്പം ഒരു ചെറിയ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. 'ഇത്ര ചെറിയ വീട്ടില്‍ എങ്ങനെ താമസിക്കുന്നു?' എന്ന് ഗൗരിയുടെ അമ്മ എന്നോട് ചോദിക്കുമായിരുന്നു.
മന്നത്ത് കണ്ടപ്പോള്‍ ആദ്യം മനസില്‍ തോന്നിയത് അത് ഡല്‍ഹിയിലെ വീടുകള്‍ക്ക് സമാനമാണെന്നാണ്. ഞാന്‍ ആ നിമിഷം തന്നെ മന്നത്ത് വാങ്ങാന്‍ തീരുമാനിച്ചു.'-ഷാരൂഖ് ഖാന്‍ നേരത്തെ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഷാരൂഖ് ഖാന്‍ 2001-ല്‍ ഗൗരി ഖാന്റെ ജന്മ ദിനത്തോട് അനുബന്ധിച്ചാണ് മന്നത്ത് വാങ്ങിയത്. ഇതിനായി ഒരു വലിയ തുക ബാങ്കില്‍ നിന്ന് വായ്പയെടുത്തു. അന്ന് പണമില്ലാത്തത് കാരണം വീടിന്റെ ഇന്റീരിയര്‍ ഗൗരി തന്നെ ചെയ്യുകയായിരുന്നു.
Content Highlights: gauri khan rents flat for staff as mannat undergoes renovation