'തണുത്തുറഞ്ഞ' ഫ്രീസർ, ഡീഫ്രോസ്റ്റിങ്ങിലുമുണ്ട് ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ

ഐസ് നിറഞ്ഞ് ഫ്രീസറിന്റെ ഡോര്‍ തുറക്കാനാകുന്നില്ലെന്ന കാരണം കൊണ്ട് മാത്രം ഫ്രിഡ്ജിലെ ഫ്രീസര്‍ ഉപയോഗിക്കാത്തവരുണ്ട്. ഡീഫ്രോസ്റ്റ് ചെയ്യാന്‍ സമയമില്ലാത്തപ്പോള്‍ ചട്ടുകം ഉള്‍പ്പടെയുള്ളവ ഉപയോഗിച്ച് ഐസ് കളയാന്‍ ശ്രമിക്കുന്നവരുമുണ്ട്. ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്നതാണ് ഈ 'ഐസ്' പ്രശ്‌നം.
ഫ്രീസര്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ താപനില ഉള്ളില്‍ ക്രമീകരിക്കുകയെന്നതാണ് ആദ്യപടി. ഫ്രോസ്റ്റ് ഫ്രീ റെഫ്രിജിറേറ്റര്‍, നോ ഫ്രോസ്റ്റ് റെഫ്രിജിറേറ്റര്‍ എന്ന പേരില്‍ പുറത്തിറങ്ങുന്ന പുതിയ പല ഫ്രിഡ്ജുകളിലും ഓട്ടോമാറ്റിക് ആയി തന്നെ ഈ പ്രവര്‍ത്തനം നടക്കും. ഇതല്ലാത്ത ഫ്രിഡ്ജ് ഉപയോഗിക്കുന്നവരാണ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്.
ഫ്രീസറിനുള്ളിലെ 'ഐസ് കട്ട'
ഡീഫ്രോസ്റ്റ് ചെയ്യുന്നതിനു മുമ്പ് ഫ്രീസര്‍ എന്തുകൊണ്ട് തണുത്തുറയുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഓരോ തവണ ഫ്രീസര്‍ തുറന്നടക്കുമ്പോഴും അന്തരീക്ഷത്തിലെ ഈര്‍പ്പം ഫ്രീസറിനുള്ളില്‍ പ്രവേശിക്കുകയും ഇത് തണുത്ത തുള്ളികളായി മാറുകയും ചെയ്യുന്നു. ഓട്ടോമേറ്റഡ് ഡീഫ്രോസ്റ്റിങ് സിസ്റ്റമുള്ള ഫ്രിഡ്ജുകളില്‍ അധികമായി ഊര്‍ജമെടുത്തുകൊണ്ട് ഇത് തടയുന്നു.
എപ്പോള്‍ ഡീഫ്രോസ്റ്റ് ചെയ്യണം
ഫ്രീസര്‍ സാധാരണയില്‍ കവിഞ്ഞ് ഉപയോഗിക്കാനിടയുള്ളപ്പോള്‍ ഇതിന് മുന്നോടിയായി ഡീഫ്രോസ്റ്റ് ചെയ്യാവുന്നതാണ്. ഫ്രീസറിന്റെ മുകളിലായി നേര്‍ത്ത ഐസ് പാളികള്‍ പ്രത്യക്ഷമാകുന്നത് തന്നെ ഡീഫ്രോസ്റ്റ് ചെയ്യാനായി എന്നതിന്റെ സൂചനയാണ്. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഫ്രീസര്‍ ഡീ ഫ്രോസ്റ്റ് ചെയ്യേണ്ടതാണ്.
എത്ര മണിക്കൂറില്‍ ഐസ് ഉരുകി തീരും
ഫ്രിഡ്ജിന്റെ വലുപ്പവും അടിഞ്ഞുകൂടിയ ഐസിന്റെ അളവുമാണ് ഡീഫ്രോസ്റ്റിനുളള സമയം തീരുമാനിക്കുക. 24 മണിക്കൂറാണ് വിദഗ്ധർ നിര്‍ദ്ദേശിക്കുന്നത്. നിങ്ങളുടെ ഫ്രിഡ്ജിന് ഡീഫ്രോസ്റ്റ് ആകാന്‍ വേണ്ട സമയം യൂസര്‍ മാനുവലില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.
എങ്ങനെ പ്രതിരോധിക്കാം
ഭൂരിഭാഗം ഫ്രിഡ്ജിന്റേയും അടിയില്‍ വെള്ളം പോകുന്നതിനായി ഒരു പൈപ്പ് ഉണ്ട്. ഇത് ഇടയ്ക്ക് വൃത്തിയാക്കി കൊടുക്കുന്നത് നല്ലതാണ്. ഇതില്‍ നിന്നും അഴുക്കെല്ലാം കൃത്യമായി നീക്കം ചെയ്യപ്പെട്ടാല്‍ ബ്ലോക്ക് ഉണ്ടാകാതിരിക്കാനും അതിലൂടെ ഫ്രീസറില്‍ അമിതമായി ഐസ് രൂപപ്പെടാതിരിക്കാനും സഹായകരമാകും. ഫ്രിഡ്ജിന്റെ പുറകിലായി കാണുന്ന കോയിലുകളാണ് തണുപ്പ് നിലനിര്‍ത്താന്‍ സഹായിക്കുന്നത്. ഇതില്‍ അഴുക്കൊന്നും പറ്റിപ്പിടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
ഡീഫ്രോസ്റ്റ് ചെയ്യുമ്പോള്‍ ഫ്രീസറിനുള്ളില്‍ നിന്ന് ഭക്ഷണം അടങ്ങിയ പാത്രങ്ങള്‍ മാറ്റാന്‍ ശ്രദ്ധിക്കണം. ഫ്രീസറിനുള്‍വശം തുടച്ച് വൃത്തിയാക്കിയതിനു ശേഷം പവര്‍ ഓണ്‍ ചെയ്യാം. ഫ്രിഡ്ജ് പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ തന്നെ ഭക്ഷണ സാധനങ്ങള്‍ തിരികെ വെക്കരുത്. ഫ്രിഡ്ജ് നന്നായി തണുത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം ഭക്ഷണ സാധനങ്ങള്‍ തിരികെ വെക്കുക.
Content Highlights: how to defrost your freezer effectively