വില 11 കോടി രൂപ; മുംബൈയില്‍ പുതിയ ആഡംബര ഫ്‌ളാറ്റ് സ്വന്തമാക്കി സഹീര്‍ഖാനും കുടുംബവും

സഹീര്‍ ഖാനും ഭാര്യ സാഗരികയും | ഫയല്‍ചിത്രം | Photo: PTI
സഹീര്‍ ഖാനും ഭാര്യ സാഗരികയും | ഫയല്‍ചിത്രം | Photo: PTI

മുംബൈ:  മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനും കുടുംബവും മുംബൈയില്‍ പുതിയ ആഡംബര ഫ്‌ളാറ്റ് വാങ്ങിയതായി റിപ്പോര്‍ട്ട്. ലോവര്‍ പരേലിലെ എല്‍ഫിന്‍സ്റ്റോണിലാണ് 11 കോടി രൂപയ്ക്ക് സഹീര്‍ ഖാനും കുടുംബവും പുതിയ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി പത്താം തീയതിയായിരുന്നു ഇതിന്റെ രജിസ്‌ട്രേഷനെന്നും 'സ്‌ക്വയര്‍യാര്‍ഡ്‌സ്' രേഖകളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

'ഇന്ത്യബുള്‍സ് സ്‌കൈ' പാര്‍പ്പിട സമുച്ചയത്തിലാണ് സഹീര്‍ ഖാന്റെയും കുടുംബത്തിന്റെയും പുതിയ ഫ്‌ളാറ്റ്. സഹീര്‍ ഖാന്‍, ഭാര്യ സാഗരിക ഘാട്‌ഗെ, ഇവരുടെ സഹോദരന്‍ ശിവ്ജീത് ഘാട്‌ഗെ എന്നിവരുടെ പേരിലാണ് പുതിയ ഫ്‌ളാറ്റ് വാങ്ങിയിട്ടുള്ളത്. ഏകദേശം 66 ലക്ഷം രൂപയായിരുന്നു വസ്തു ഇടപാടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി. രജിസ്‌ട്രേഷന്‍ ഫീസായി 30,000 രൂപ നല്‍കിയെന്നും രേഖകളിലുണ്ട്. 

'ഇക്വിനോക്‌സ് ഇന്ത്യ ഡെവലെപ്പ്‌മെന്റ്‌സി'ന്റെ പാര്‍പ്പിട സമുച്ചയമാണ് 'ഇന്ത്യബുള്‍സ് സ്‌കൈ'.  മുംബൈയിലെ പ്രധാന റെസിഡെന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ മേഖലയായ ലോവര്‍ പരേലിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്‍, ഷാഹിദ് കപൂര്‍, എഴുത്തുകാരന്‍ അമിഷ് ത്രിപാഠി തുടങ്ങിയവര്‍ക്കെല്ലാം ഈ മേഖലയില്‍ വസതികളുണ്ട്. 

Content Highlights: Former Indian cricketer Zaheer Khan and family have purchased a luxury apartment in Mumbai