സ്റ്റൗവിന്റെ ബര്‍ണറുകള്‍ എങ്ങനെ വൃത്തിയാക്കാം?; ഈ രീതി പരീക്ഷിക്കാം

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

പാചകത്തിനിടയിലെ തിരക്ക് കാരണം പലരും ബര്‍ണറുകള്‍ കൃത്യമായി വൃത്തിയാക്കുവാന്‍ മറന്നുപോകാറുണ്ടോ? ബര്‍ണറുകള്‍ എങ്ങനെയാണ് വൃത്തിയാക്കുക? 

സമയത്ത് വൃത്തിയാക്കാതെ വരുമ്പോള്‍ ബര്‍ണറില്‍ അഴുക്കും എണ്ണയുമെല്ലാം പറ്റിപിടിക്കുന്നത് തീ ശരിയായി കത്താതിരിക്കാന്‍ കാരണമാകും. ദിവസവും പാചകത്തിന് ശേഷം തുടച്ചു വൃത്തിയാക്കിയാല്‍ ഈ പ്രശ്നമുണ്ടാകില്ല. കൃത്യമായ ഇടവേളകളില്‍ നല്ല രീതിയില്‍ വൃത്തിയാക്കി വെച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരമാകും. എളുപ്പത്തില്‍ ബര്‍ണര്‍ എങ്ങനെ വൃത്തിയാക്കാമെന്ന് നോക്കാം.

ഒരു പാത്രത്തില്‍ ചെറുചൂടുള്ള വെള്ളത്തില്‍ വിനാഗിരി കലര്‍ത്തി എടുക്കണം. വിനാഗിരി ഇല്ലെങ്കില്‍ നാരങ്ങനീര് പകരം ഉപയോഗിക്കാം. ബര്‍ണറുകള്‍ അഴിച്ചെടുത്ത് പാത്രത്തില്‍ വെയ്ക്കുക. പാത്രത്തില്‍ നാരങ്ങയുടെ തോടും വേണമെങ്കില്‍ ഇട്ടുവെയ്ക്കാം. കുറഞ്ഞത് രണ്ടോ മൂന്നോ മണിക്കൂറെങ്കിലും കുതിര്‍ക്കാന്‍ വെക്കണം. പിന്നീട് ഒരു സ്‌ക്രബ്ബര്‍ ഉപയോഗിച്ച്, ബര്‍ണറുകള്‍ വൃത്തിയാക്കാം. 

കുറച്ച് ഡിഷ് വാഷിങ് ജെല്‍ ഒഴിച്ച് വീണ്ടും സ്‌ക്രബ് ചെയ്യണം. ടൂത്ത്പിക്കോ അല്ലെങ്കില്‍ പിന്നോ ഉപയോഗിച്ച് ബര്‍ണറിലെ ദ്വാരങ്ങളും വൃത്തിയാക്കുക. ശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് നന്നായി തുടയ്ക്കണം. നന്നായി ഉണങ്ങാന്‍ കുറച്ച് സമയം കൂടി അനുവദിക്കണം. ശേഷം അടുപ്പിലേക്ക് ബര്‍ണര്‍ വെച്ച് ഉപയോഗിക്കാവുന്നതാണ്. 

Content Highlights: Clean Gas Stove Burners Easily