വിന്റേജ് മോഡല്‍ മുതല്‍ മിനി ബാര്‍ വരെ; മാറുന്ന കാലത്തെ 'വൈബ്' ബാല്‍ക്കണികള്‍

പ്രതീകാത്മക ചിത്രം | Photo: Meta AI
പ്രതീകാത്മക ചിത്രം | Photo: Meta AI

ഫ്‌ളാറ്റായാലും വീടായാലും ഒരു ബാല്‍ക്കണി, അത് ഒരുപാടു പേരുടെ സ്വപ്‌നമാണ്. ആ സ്വപ്‌നം സഫലമായവര്‍ക്കാകട്ടെ ബാല്‍ക്കണി അവരുടെ ഇഷ്ടയിടമാകാം. ഒറ്റയ്ക്കും ഒരുമിച്ചും സ്വസ്ഥതയോടെ ചെന്നിരിക്കാന്‍ പറ്റിയ സ്വര്‍ഗതുല്യമായ ഒരു അനുഭൂതിയാണ് ബാല്‍ക്കണി. അലങ്കരിച്ച് അണിയിച്ചൊരുക്കിയാല്‍ അടിപൊളി വൈബ് തരുന്ന ബാല്‍ക്കണി ഏതൊക്കെ വിധത്തിലാണ് ഒന്ന് രൂപപ്പെടുത്തിയെടുക്കുക?

ബാല്‍ക്കണിയില്‍ ചെടികളും പച്ചക്കറിയും നട്ടുവളര്‍ത്തിയും അല്ലാതെയും അലങ്കരിക്കുന്ന രീതി പൊതുവെ കണ്ടുവരുന്നതാണ്. സ്ഥലപരിമിധി പരിഗണിച്ചുകൊണ്ട് എങ്ങനെ വ്യത്യസ്തമായി ബാല്‍ക്കണി തയ്യാറാക്കാമെന്നതിന് ചില മാതൃകകളാണ് താഴെ കൊടുത്തിരിക്കുന്നത്;  

മുറിയോടു ചേര്‍ന്നുനില്‍ക്കുന്ന ബാല്‍ക്കണികള്‍
മുറിയോടു ചേര്‍ന്ന് നില്‍ക്കുന്ന, ലളിതമായ രൂപകല്‍പനയോടുകൂടിയ ബാല്‍ക്കണികള്‍ റൂമിന്റെ തുടര്‍ച്ചയാണെന്ന് തോന്നിപ്പിക്കും വിധം ഡിസൈന്‍ ചെയ്യാറുണ്ട്. അധികം അലങ്കാരവസ്തുക്കളൊന്നും വെച്ച് അലങ്കരിക്കാത്തവയാണ് ഇത്തരം ബാല്‍ക്കണികള്‍.

പ്രതീകാത്മക ചിത്രം | Photo: Canva

ഒറ്റയ്ക്കിരിക്കാനും മെഡിറ്റേഷന്‍ ചെയ്യാനും വായിക്കാനുമെല്ലാം ഈ സ്ഥലം ഉപകരിക്കും. 

വിപുലീകരിച്ച ലിവിങ് റൂംപോലെയുള്ള ബാല്‍ക്കണികള്‍
കണ്ടാല്‍ ലിവിങ് റൂം ആണെന്ന് തോന്നിപ്പിക്കുമെങ്കിലും ഈ ബാല്‍ക്കണികള്‍, ബാല്‍ക്കണികള്‍ തന്നെയാണ്. സാധാരണ കണ്ടുവരുന്നവയേക്കാള്‍ വിസ്തൃതിയുണ്ടെന്നു മാത്രം.

പ്രതീകാത്മക ചിത്രം | Photo: Canva

നല്ല ഇരിപ്പിടങ്ങളും ഇന്‍ഡോര്‍ ചെടികളും വിന്യസിച്ച് ഈ ഇടത്തെ ഭംഗിയാക്കാം. നല്ല കാറ്റും വെളിച്ചവും അനുഭവപ്പെടുന്ന ഈ ബാല്‍ക്കണിയുടേത് കുറേക്കൂടി സുരക്ഷിതമായ ഡിസൈനാണ്.

മരയൂഞ്ഞാലും ഗൃഹാതുരത്വവും ബാല്‍ക്കണിയും
പല വീടുകളിലും ഗൃഹാതുരത്വമുണര്‍ത്തുംവിധമാണ് ബാല്‍ക്കണി രൂപകല്‍പന ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ബാല്‍ക്കണിയില്‍ മരയൂഞ്ഞാല്‍ സ്ഥാപിക്കുന്നത് സ്ഥിരംകാഴ്ചയാണ്. പഴയ ഓര്‍മകള്‍ ആസ്വദിച്ചുകൊണ്ട് സ്വസ്ഥമായിരിക്കാന്‍ പ്രേരിപ്പിക്കുന്നവയാണ് ഇത്തരം ബാല്‍ക്കണികള്‍. മറ്റുള്ളവര്‍ക്ക് പഴമ തോന്നിപ്പിക്കാനും ഈ ഡിസൈനിന് കഴിയുന്നു.
 

പ്രതീകാത്മക ചിത്രം | Photo: Meta AI

പച്ചപ്പ് നിറഞ്ഞ ബാല്‍ക്കണികള്‍
ചെടികളോടും മരങ്ങളോടും പച്ചപ്പിനോടും ഇഷ്ടമുള്ളവര്‍ ബാല്‍ക്കണികളില്‍ അവ നട്ടുവളര്‍ത്തുന്നു. ഫ്‌ളാറ്റുകളിലും മറ്റും താമസിക്കുമ്പോള്‍ ഇത്തരം ആശയങ്ങള്‍ നല്ല കാഴ്ചാനുഭവവും മാനസിക സന്തോഷവും പ്രദാനം ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | Photo: Canva

ഇന്‍ഡോര്‍ ബാല്‍ക്കണികള്‍
പരിമിതമായ സ്ഥലത്ത് ബാല്‍ക്കണിയുടെ പ്രതീതി വരുത്താനാണ് ഇത്തരം രീതി ഉപയോഗിക്കുന്നത്. മുറിയുടെ അറ്റത്തായി വലിയ ജനലുകളൊരുക്കി ബാല്‍ക്കണിയായി ഉപയോഗിക്കുന്നു. പുറത്തുനിന്നുള്ള കാഴ്ചകള്‍ ഈ ജനലുകള്‍ വഴി ആസ്വദിക്കാന്‍ സാധിക്കുംവിധമാണ് ഈ ഡിസൈന്‍.

പ്രതീകാത്മക ചിത്രം | Photo: Canva

ബാല്‍ക്കണിയും ബാറും
ബാല്‍ക്കണിയും ബാറും ഒരേയിടത്തില്‍ വരുന്ന രീതിയില്‍ ഈ സ്ഥലത്തെ ഉപയോഗിക്കുന്നത് ഒരു പുതിയ പ്രവണതയാണ്. വാതിലുകളോടുകൂടിയ ചെറിയ ഷെല്‍ഫും ഇരിക്കാനുള്ള സൗകര്യവും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇത്തരം ബാല്‍ക്കണികള്‍ ഒരുക്കുന്നത്.

പ്രതീകാത്മക ചിത്രം | Photo: Meta AI

സ്വകാര്യതയെ മാനിച്ചുകൊണ്ടുള്ള ഡിസൈനിങ് രീതിയാണിത്. ചെറിയ പാര്‍ട്ടികള്‍ക്കും ഈ സ്ഥലം അനുയോജ്യമാണ്.

Content Highlights: Stunning Balcony Designs for Flats & Homes