സുഹൃത്തുക്കളോട് ലൈംഗികതയെക്കുറിച്ച് സംസാരിക്കാൻ സ്ത്രീകൾ ആഗ്രഹിക്കുന്നുണ്ടോ? പഠനം പറയുന്നത്

#ലൈഫ്സ്റ്റൈല്‍ ഡെസ്‌ക്‌
Representative Image|Photo:canva
Representative Image|Photo:canva

ലൈംഗികതയെക്കുറിച്ച് അടുത്ത സുഹൃത്തുക്കളോട് തുറന്നുസംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിലും പല സ്ത്രീകളും അതിന് തയ്യാറാകുന്നില്ല. സംസാരിച്ചാൽ സുഹൃത്തുക്കൾക്ക് അസ്വസ്ഥതയുണ്ടാകുമോ, തന്നെ തെറ്റായി വിലയിരുത്തുമോ എന്ന ആശങ്കയാണ് പലരെയും പിന്നോട്ടുവലിക്കുന്നത്. സ്ത്രീകൾക്കിടയിൽ നടത്തിയ പുതിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. The Journal of Sex Research പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ലൈംഗികതയെക്കുറിച്ചുള്ള സംഭാഷണങ്ങൾ സ്ത്രീകൾക്കിടയിൽ അപൂർവമാണെങ്കിലും അവ കൂടുതൽ പതിവാകണമെന്നാണ് ഭൂരിഭാഗം പേരുടെയും ആഗ്രഹം. ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നത് സഹായകരമാണെന്നും സ്ത്രീകൾ കരുതുന്നു. എന്നാൽ ഇത്തരം വിഷയങ്ങൾ ഉന്നയിച്ചാൽ സുഹൃത്തുക്കൾ അസ്വസ്ഥരാകുമെന്ന പേടി വ്യാപകമാണ്. ചിലർ തന്നെ വിലയിരുത്തുമെന്നോ മോശം സ്വഭാവമുള്ളവളായോ കാണുമെന്നും ആശങ്കപ്പെടുന്നു. ഏറ്റവും അടുത്ത സൗഹൃദങ്ങൾക്കിടയിൽപ്പോലും ലൈംഗികതയെക്കുറിച്ചുള്ള തുറന്ന സംസാരത്തിന് തടസ്സമാകുന്നത് ഇത്തരം സാമൂഹിക ചട്ടങ്ങളും തെറ്റിദ്ധാരണകളുമാണെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നതിലെ ഇരട്ടത്താപ്പ്

ഗർഭനിരോധന മാർഗങ്ങൾ, ലൈംഗികമായി പകരുന്ന അണുബാധകൾ, ലൈംഗിക സംതൃപ്തി, സങ്കൽപ്പങ്ങൾ, ബന്ധങ്ങളിലെ പ്രശ്‌നങ്ങൾ തുടങ്ങി ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സുഹൃത്തുക്കൾ തമ്മിൽ പങ്കുവെക്കുന്നതിനെയാണ് പഠനത്തിൽ 'പിയർ സെക്ഷ്വൽ കമ്മ്യൂണിക്കേഷൻ' എന്ന് വിശേഷിപ്പിക്കുന്നത്. പല സ്ത്രീകൾക്കും അടുത്ത സുഹൃത്തുക്കളാണ് ഇത്തരം കാര്യങ്ങൾ തുറന്നുപറയാനും ഉപദേശം തേടാനും വൈകാരിക പിന്തുണ നേടാനുമുള്ള പ്രധാന ഇടം. എന്നാൽ ലൈംഗികതയെക്കുറിച്ചുള്ള തുറന്ന സംസാരം സ്ത്രീകളെ സംബന്ധിച്ച് ഇപ്പോഴും സാമൂഹികമായ വിലക്കുകൾക്ക് വിധേയമാണ്.പുരുഷന്മാർ ലൈംഗിക ജീവിതത്തെക്കുറിച്ച് തുറന്നുപറയുമ്പോൾ അത് പലപ്പോഴും അംഗീകരിക്കപ്പെടുന്നു. എന്നാൽ അതേ കാര്യങ്ങൾ സ്ത്രീകൾ പറയുമ്പോൾ അവരെ മോശമായി ചിത്രീകരിക്കുന്ന പ്രവണതയുണ്ട്. പ്രായം കൂടുന്തോറും സ്ത്രീകൾക്ക് ലൈംഗികതയിലുള്ള താൽപര്യം കുറയുമെന്ന മുൻവിധിയും നിലനിൽക്കുന്നു. ലൈംഗിക സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുന്നതുപോലെ തോന്നിക്കുന്ന സമൂഹം തന്നെ സ്ത്രീകൾ തുറന്നുസംസാരിക്കുമ്പോൾ അവരെ വിമർശിക്കുകയും ചെയ്യുന്നു.

ഇതിന്റെ ഫലമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധങ്ങളിൽപ്പോലും സ്ത്രീകൾക്ക് ആശയക്കുഴപ്പവും കുറ്റബോധവും നാണക്കേടും അനുഭവപ്പെടാമെന്ന് മുൻപത്തെ പഠനങ്ങളും സൂചിപ്പിച്ചിട്ടുണ്ട്.

ALSO READ :പങ്കാളിയോട് സഹാനുഭൂതിയോടെ പെരുമാറുന്നത് ലൈംഗികജീവിതത്തിലും സംതൃപ്തി കൂട്ടും; പുതിയ പഠനം 

സുരക്ഷിതമായ വിഷയങ്ങൾ മാത്രം

സ്ത്രീകൾ സുഹൃത്തുക്കളോട് ലൈംഗികതയെക്കുറിച്ച് സംസാരിക്കുമ്പോൾ പലപ്പോഴും സുരക്ഷിതമെന്ന് കരുതുന്ന വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗർഭധാരണം തടയാനുള്ള മാർഗങ്ങൾ, ലൈംഗികമായി പകരുന്ന രോഗങ്ങളിൽനിന്നുള്ള സംരക്ഷണം, ബന്ധങ്ങളിലെ വൈകാരിക പ്രശ്‌നങ്ങൾ തുടങ്ങിയവയാണ് സാധാരണയായി ചർച്ചയാകുന്നത്. എന്നാൽ ലൈംഗിക പ്രവൃത്തികളെക്കുറിച്ചോ സംതൃപ്തിയെക്കുറിച്ചോ വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ചോ തുറന്നുപറയാൻ പലരും മടിക്കുന്നു.പുതിയ പഠനത്തിന് നേതൃത്വം നൽകിയ കാത്രിന എൽ. പരിയേര 2018-ൽ നടത്തിയ മറ്റൊരു പഠനത്തിലും ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകളുണ്ടായിരുന്നു. സുഹൃത്തുക്കളുമായി പിന്തുണയും വികാരങ്ങളും പങ്കുവെച്ചുകൊണ്ടുള്ള സംഭാഷണങ്ങൾ സ്ത്രീകളുടെ ലൈംഗിക ആത്മവിശ്വാസവും ആത്മാഭിമാനവും വർധിപ്പിക്കുന്നതായി അന്ന് കണ്ടെത്തിയിരുന്നു. സുരക്ഷിതമായ ലൈംഗികബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നത് സംരക്ഷണ മാർഗങ്ങളെക്കുറിച്ചുള്ള അറിവും വർധിപ്പിച്ചു.എന്നാൽ സുഹൃത്തുക്കൾ അപകടസാധ്യതയുള്ള ലൈംഗിക പെരുമാറ്റങ്ങളെ എത്രത്തോളം അംഗീകരിക്കുന്നു എന്നതിനെക്കുറിച്ച് ചിലർക്ക് തെറ്റായ ധാരണയുണ്ടാകാനും ഇത്തരം സംഭാഷണങ്ങൾ കാരണമായതായി പഠനം ചൂണ്ടിക്കാട്ടിയിരുന്നു.

608 സ്ത്രീകളിൽ പഠനം നടത്തി

സുഹൃത്തുക്കൾക്കിടയിലെ ലൈംഗിക സംഭാഷണങ്ങളെക്കുറിച്ചുള്ള സാമൂഹിക ചട്ടങ്ങൾ മനസ്സിലാക്കാൻ സാൻ ഡിയേഗോ സ്റ്റേറ്റ് സർവകലാശാലയിലെ കമ്മ്യൂണിക്കേഷൻ വിഭാഗം അസോസിയേറ്റ് പ്രൊഫസറായ കാത്രിന പരിയേരയും സഹഗവേഷകരായ അലിയ ബ്ലാസ്ബാൻഡും മാഗി ജോബും ചേർന്നാണ് പഠനം നടത്തിയത്.ആദ്യഘട്ടത്തിൽ 18 വയസ്സിന് മുകളിലുള്ള 40 സ്ത്രീകളോട് സുഹൃത്തുക്കളുമായി സംസാരിക്കാൻ അനുയോജ്യമെന്ന് കരുതുന്ന ലൈംഗിക വിഷയങ്ങൾ ഏതൊക്കെയാണെന്ന് ചോദിച്ചു. ഗർഭനിരോധന മാർഗങ്ങളും സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് കൂടുതലായി അംഗീകരിക്കപ്പെട്ടത്. ലൈംഗിക പ്രവൃത്തികൾ, വളരെ വ്യക്തിപരമായ വിവരങ്ങൾ, അമിതമായ വിശദീകരണങ്ങൾ എന്നിവയോട് പലർക്കും മടിയുണ്ടായിരുന്നു.തുടർന്ന് 60 സ്ത്രീകളിൽ മറ്റൊരു പ്രാഥമിക പഠനം നടത്തി ചോദ്യാവലി പരിഷ്‌കരിച്ചു. പിന്നീട് 2025 നവംബറിൽ അമേരിക്കയിൽ 18 വയസ്സിന് മുകളിലുള്ള, ആഴ്ചയിൽ കുറഞ്ഞത് ഒരു സ്ത്രീസുഹൃത്തുമായെങ്കിലും സംസാരിക്കുന്നവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.ആകെ 625 പേരെ ഉൾപ്പെടുത്തിയെങ്കിലും ചിലർ ശ്രദ്ധാപരിശോധനയിൽ പരാജയപ്പെട്ടതും അപൂർണമായ മറുപടികൾ നൽകിയതും കാരണം അവരെ ഒഴിവാക്കി. ഒടുവിൽ 20 മുതൽ 77 വയസ്സുവരെയുള്ള 608 സ്ത്രീകളുടെ വിവരങ്ങളാണ് വിശകലനം ചെയ്തത്.

സംസാരിക്കാൻ ആഗ്രഹിക്കുന്നതും യഥാർഥത്തിൽ സംസാരിക്കുന്നതും തമ്മിൽ വലിയ വ്യത്യാസം. ലൈംഗിക വിഷയങ്ങളെക്കുറിച്ച് സുഹൃത്തുക്കളുമായി എത്രത്തോളം സംസാരിക്കുന്നുവെന്നും എത്രത്തോളം സംസാരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഗവേഷകർ ചോദിച്ചു. ഒരിക്കലുമില്ല മുതൽ പതിവായി വരെ എന്ന രീതിയിൽ നാല് പോയിന്റ് സ്‌കെയിലിലാണ് മറുപടികൾ വിലയിരുത്തിയത്.ഫലങ്ങൾ പ്രകാരം സുഹൃത്തുക്കൾക്കിടയിലെ ലൈംഗിക സംഭാഷണങ്ങളുടെ ശരാശരി സ്‌കോർ 4-ൽ 1.82 മാത്രമായിരുന്നു. എന്നാൽ ഇത്തരം സംഭാഷണങ്ങൾ കൂടുതൽ വേണമെന്ന ആഗ്രഹത്തിന്റെ ശരാശരി സ്‌കോർ 2.77 ആയിരുന്നു.ഗർഭനിരോധന മാർഗങ്ങൾ, കോണ്ടം ഉപയോഗം, ലൈംഗികമായി പകരുന്ന അണുബാധകൾ, ലൈംഗിക പ്രശ്‌നങ്ങൾ, ലൈംഗിക താൽപര്യക്കുറവ് തുടങ്ങിയ വിഷയങ്ങളാണ് കൂടുതൽ സംസാരിക്കണമെന്ന് സ്ത്രീകൾ ആഗ്രഹിച്ചത്.

സംഭാഷണങ്ങൾ സ്ത്രീകൾക്ക് നൽകുന്ന ഗുണങ്ങൾ

സുഹൃത്തുക്കളുമായി ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നത് സഹായകരമാണെന്നാണ് സ്ത്രീകളുടെ പൊതുവായ അഭിപ്രായം. ഇതിന്റെ ഗുണങ്ങൾ വിലയിരുത്തിയപ്പോൾ ശരാശരി സ്‌കോർ അഞ്ചിൽ 3.44 ആയിരുന്നു. ഇത്തരം സംഭാഷണങ്ങൾ സാധാരണമായി അംഗീകരിക്കപ്പെടണമെന്ന പിന്തുണയ്ക്ക് 4.18 എന്ന ഉയർന്ന സ്‌കോറും ലഭിച്ചു.സ്ത്രീകൾ പ്രധാനമായി ചൂണ്ടിക്കാട്ടിയ ഗുണങ്ങൾ ഇവയാണ്.താൻ മാത്രമല്ല ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നതെന്ന് തിരിച്ചറിയാം,ലൈംഗിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായം ലഭിക്കും,സാധാരണയായി സംഭവിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാം, സുഹൃത്തുക്കളുമായുള്ള അടുപ്പം വർധിക്കും എന്നിവ.ലൈംഗികബന്ധം ആസ്വദിക്കുന്നുണ്ടെന്ന് തുറന്നുപറയുന്നതും ആസ്വദിക്കുന്നില്ലെന്ന് പറയുന്നതും സാധാരണമായി അംഗീകരിക്കപ്പെടണം എന്ന അഭിപ്രായത്തിനാണ് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത്. ലൈംഗിക പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നതും സ്വാഭാവികമായി കാണണമെന്നും സ്ത്രീകൾ ആഗ്രഹിക്കുന്നു.സ്വന്തം ലൈംഗിക അനുഭവങ്ങൾ സാധാരണമാണോ, താൻ ചെയ്യുന്നത് ശരിയാണോ എന്നറിയാൻ പോലും സ്ത്രീകൾ സുഹൃത്തുക്കളുടെ അനുഭവങ്ങളെ ആശ്രയിക്കുന്നുണ്ടാകാമെന്ന് ഗവേഷകർ വിലയിരുത്തുന്നു.

സംസ്‌കാരവും നാണക്കേടും

പ്രതികൂല പ്രതികരണം പ്രതീക്ഷിച്ച 469 സ്ത്രീകളുടെ വിശദീകരണങ്ങൾ ഗവേഷകർ പ്രത്യേകം പരിശോധിച്ചു.ലൈംഗികതയെക്കുറിച്ച് സംസാരിക്കാൻ പാടില്ലെന്നത് സമൂഹത്തിൽ നിലനിൽക്കുന്ന ഒരു ചട്ടമാണെന്ന രീതിയിലാണ് ചിലർ മറുപടി നൽകിയത്. ചിലർക്ക് ഓറൽ സെക്‌സ്, അനൽ സെക്‌സ് തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുന്നത് പങ്കാളിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി തോന്നി. പ്രത്യേകിച്ച് സുഹൃത്തുക്കൾക്ക് പങ്കാളിയെ പരിചയമുണ്ടെങ്കിൽ ഇത്തരം കാര്യങ്ങൾ പറയുന്നത് അനുചിതമാണെന്ന് അവർ കരുതി.തന്നെ മറ്റുള്ളവർ മോശമായി കാണുമെന്ന ആശങ്ക പലർക്കുമുണ്ടായിരുന്നു. എന്നാൽ ശ്രദ്ധേയമായ കാര്യം, സുഹൃത്തുക്കൾ യഥാർഥത്തിൽ തന്നെ ഇത്തരത്തിൽ വിധിച്ചിട്ടുണ്ടെന്ന് ആരും പറഞ്ഞില്ല എന്നതാണ്. സുഹൃത്തുക്കൾ എങ്ങനെ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നതിനെക്കുറിച്ചാണ് ചോദ്യങ്ങൾ ചോദിച്ചിരുന്നത്; മുൻകാല അനുഭവങ്ങളെക്കുറിച്ചല്ല.പഠനത്തിന് നേതൃത്വം നൽകിയ കാത്രിന പരിയേരയുടെ അഭിപ്രായത്തിൽ, സ്ത്രീകൾക്ക് ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ സ്വാതന്ത്ര്യത്തോടെ സുഹൃത്തുക്കളോട് ലൈംഗികതയെക്കുറിച്ച് സംസാരിക്കണമെന്നാണ് ആഗ്രഹം. എന്നാൽ സുഹൃത്തുക്കൾ വിധിക്കുമെന്നോ അസ്വസ്ഥരാകുമെന്നോ അവർ ഭയപ്പെടുന്നു.ഈ വിഷയത്തെക്കുറിച്ച് സുഹൃത്തുക്കളുമായി ആദ്യം പൊതുവായി സംസാരിക്കുന്നത് നല്ല തുടക്കമാകാം. എന്തൊക്കെ കാര്യങ്ങളാണ് പരസ്പരം തുറന്നുപറയാൻ കഴിയുക എന്ന് മനസ്സിലാക്കാനും പരസ്പരമുള്ള തെറ്റായ ധാരണകൾ മാറ്റാനും അത് സഹായിക്കുമെന്നും അവർ പറയുന്നു.ലെംഗികതയെക്കുറിച്ച് സുഹൃത്തുക്കളോട് സംസാരിക്കാൻ സ്ത്രീകൾക്ക് ആഗ്രഹമുണ്ട്. എന്നാൽ ആ സംഭാഷണങ്ങളെക്കുറിച്ച് സമൂഹം സൃഷ്ടിച്ച വിലക്കുകളും വിധിക്കപ്പെടുമെന്ന ഭയവുമാണ് പലരെയും മൗനത്തിലാക്കുന്നത്. തുറന്നുപറയാനുള്ള സ്വാതന്ത്ര്യത്തോടൊപ്പം പരസ്പരം കുറ്റപ്പെടുത്താതെ കേൾക്കാനുള്ള മനസ്സും ഇത്തരം സൗഹൃദങ്ങളിൽ പ്രധാനമാണ്.

Content Highlights: Most women desire to have open conversations about sex with their close friends., Fear of judgment, social stigma, and making friends uncomfortable prevent these discussions., A 2026 study by San Diego State University analyzed 608 women regarding peer sexual communication., Discussions mostly revolve around safe topics like contraception, while personal sexual acts are rarely discussed.