'കല്യാണം കഴിക്കുന്നില്ലേ, വയസ്സ് കൂടുവാണ്'; ബന്ധുക്കളുടെ ചോദ്യങ്ങൾ മടുത്തോ? മറുപടി നൽകാൻ വഴികളുണ്ട്

representative image|photo:canva
representative image|photo:canva

വീട്ടിൽ ഒരു കല്യാണമോ കുടുംബസംഗമമോ നടക്കുകയാണ്. ഏറെ നാളുകൾക്കുശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുന്നതിന്റെ സന്തോഷത്തിലാണ് നിങ്ങൾ. എന്നാൽ എല്ലാവരോടും വിശേഷങ്ങൾ പറഞ്ഞുതുടങ്ങുമ്പോഴേക്കും പതിവുചോദ്യം എത്തും. 'നിന്റെ കല്യാണം ഒന്നുമായില്ലേ?', 'ഇനി എപ്പോഴാണ്?', 'വയസ്സ് കൂടിക്കൊണ്ടിരിക്കുകയല്ലേ?', 'ആരെയെങ്കിലും കണ്ടുവച്ചിട്ടുണ്ടോ?' ചിലർ തമാശയായിരിക്കും ചോദിക്കുന്നത്. മറ്റു ചിലർ ഉപദേശവും തുടങ്ങും. 'ഇനിയും വൈകിയാൽ നല്ല ആലോചനകൾ കിട്ടില്ല', 'ഇത്രയും പഠിച്ചിട്ടും ജോലി കിട്ടിയിട്ടും എന്താ കല്യാണം കഴിക്കാത്തത്?' എന്നിങ്ങനെ ചോദ്യങ്ങൾ നീളും. പലപ്പോഴും ചിരിച്ചുകൊണ്ട് മറുപടി നൽകുമെങ്കിലും ഉള്ളിൽ അസ്വസ്ഥത തോന്നുന്നവരുണ്ട്. ചിലർ ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കാനായി കുടുംബസംഗമങ്ങളിൽ പങ്കെടുക്കുന്നതുപോലും കുറയ്ക്കാറുണ്ട്.

ഇന്ത്യയിൽ 25 വയസ്സ് പിന്നിടുന്നതോടെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ പതിവാകുന്നതായി റിലേഷൻഷിപ്പ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിവാഹം കഴിക്കാത്തത് ഒരു പ്രശ്‌നമാണെന്ന രീതിയിലാണ് പലപ്പോഴും ബന്ധുക്കളുടെ സമീപനം. എന്നാൽ ഇത്തരം ചോദ്യങ്ങളെ എങ്ങനെ നേരിടാം? സ്വന്തം തീരുമാനങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ ബന്ധുക്കളോട് മറുപടി പറയാൻ വഴികളുണ്ട്.

കുടുംബസംഗമങ്ങൾ ഒഴിവാക്കുന്നവർ 49 ശതമാനം

റിലേഷൻഷിപ്പ് വിദഗ്ധൻ രവി മിത്തൽ ഒരു അഭിമുഖത്തിലാണ് വിവാഹസമ്മർദത്തെക്കുറിച്ച് വിശദീകരിക്കുന്നത്. 27 മുതൽ 35 വയസ്സുവരെയുള്ള അവിവാഹിതരിൽ 49 ശതമാനത്തിലധികം പേർ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളും പരിശോധനകളും ഭയന്ന് കുടുംബസംഗമങ്ങൾ ഒഴിവാക്കുന്നതായി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.ബന്ധുക്കൾക്ക് ഇത് സാധാരണമായ ഒരു ചോദ്യമായിരിക്കാം. എന്നാൽ ഒരേ കാര്യം വീണ്ടും വീണ്ടും ചോദിക്കുമ്പോൾ വിവാഹം കഴിക്കാത്ത വ്യക്തിക്ക് താൻ മറ്റുള്ളവരെക്കാൾ പിന്നിലാണെന്ന തോന്നലുണ്ടാകാം.പ്രത്യേകിച്ച് ഉത്സവങ്ങളും വിവാഹാഘോഷങ്ങളും പോലുള്ള അവസരങ്ങളിൽ ഇത്തരം ചോദ്യങ്ങൾ കൂടുതൽ ഉയരാറുണ്ട്. സന്തോഷത്തോടെ പങ്കെടുക്കേണ്ട കുടുംബപരിപാടികൾ പോലും ചിലർക്ക് മാനസിക സമ്മർദത്തിന്റെ കാരണമായി മാറുന്നു.

തമാശയാക്കി മറുപടി പറയും, പക്ഷേ മടുക്കും

വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ നേരിടാൻ പലരും തിരഞ്ഞെടുക്കുന്ന മാർഗം തമാശയാണ്. ബന്ധുക്കൾ ഗൗരവത്തോടെ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞ് വിഷയം മാറ്റാൻ ശ്രമിക്കും. അവിവാഹിതരായ പത്തിൽ ഏഴ് പുരുഷന്മാരെങ്കിലും ഇത്തരം ചോദ്യങ്ങളിൽനിന്ന് രക്ഷപ്പെടാൻ തമാശ ഉപയോഗിക്കുന്നതായി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് രവി മിത്തൽ പറയുന്നു.പ്രായമായ ബന്ധുക്കളോട് തർക്കിക്കാതെ വിഷയം മാറ്റാൻ തമാശ സഹായിക്കും. എന്നാൽ ഓരോ കുടുംബസംഗമത്തിലും ഒരേ ചോദ്യത്തിന് മറുപടി പറയേണ്ടിവരുന്നത് മാനസികമായി ക്ഷീണിപ്പിച്ചേക്കാം. പുറമേ ചിരിച്ചുകൊണ്ട് സംസാരിക്കുന്നുണ്ടെങ്കിലും ഇത്തരം ചോദ്യങ്ങൾ പലരെയും അസ്വസ്ഥരാക്കുന്നുണ്ടെന്നതാണ് യാഥാർഥ്യം.

വിവാഹത്തിന് എതിരല്ല, പക്ഷേ അനുയോജ്യനായ ഒരാളെ വേണം

വിവാഹം വൈകിപ്പിക്കുന്ന എല്ലാവരും വിവാഹത്തിന് എതിരാണെന്ന ധാരണ ശരിയല്ലെന്ന് രവി മിത്തൽ പറയുന്നു.പലർക്കും വിവാഹം കഴിക്കാനും ജീവിതപങ്കാളിയെ കണ്ടെത്താനും ആഗ്രഹമുണ്ട്. എന്നാൽ സമൂഹം നിശ്ചയിക്കുന്ന പ്രായപരിധിക്കുള്ളിൽ വിവാഹം കഴിക്കുന്നതിനെക്കാൾ അനുയോജ്യനായ പങ്കാളിയെ കണ്ടെത്തുന്നതിനാണ് അവർ പ്രാധാന്യം നൽകുന്നത്.പരസ്പരം മനസ്സിലാക്കാനും ഒരുമിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകാനും കഴിയുന്ന വ്യക്തിയെ കണ്ടെത്താതെ വിവാഹത്തിലേക്ക് കടക്കാൻ പലരും താൽപര്യപ്പെടുന്നില്ല. അതേസമയം, അവിവാഹിതരായി ജീവിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവരുമുണ്ട്. എന്നാൽ വിവാഹം കഴിക്കാതെ ഒരാൾക്ക് സന്തോഷത്തോടെ ജീവിക്കാൻ കഴിയുമെന്ന കാര്യം അംഗീകരിക്കാൻ ചില ബന്ധുക്കൾക്ക് ബുദ്ധിമുട്ടാണ്.

കരുതലാണോ, അതോ സമയപരിധി നിശ്ചയിക്കലോ?

വിവാഹത്തെക്കുറിച്ച് ചോദിക്കുന്ന എല്ലാ ബന്ധുക്കളുടെയും ഉദ്ദേശ്യം മോശമായിരിക്കണമെന്നില്ല. ചിലർ സ്‌നേഹവും കരുതലും കൊണ്ടായിരിക്കും അന്വേഷിക്കുന്നത്. എന്നാൽ ഒരേ കാര്യം നിരന്തരം ചോദിക്കുകയും വിവാഹം കഴിക്കാൻ സമയപരിധി നിശ്ചയിക്കുകയും ചെയ്യുമ്പോൾ ആ കരുതൽ സമ്മർദമായി മാറാം.'ഇപ്പോൾ തിരക്കുകൂട്ടേണ്ട' എന്നു പറഞ്ഞിരുന്നവർ കുറച്ചുവർഷങ്ങൾ കഴിയുമ്പോൾ 'ഇനി വൈകിയാൽ ബുദ്ധിമുട്ടാകും' എന്നു പറയാൻ തുടങ്ങും. വിവാഹം ഒരു നിശ്ചിത പ്രായത്തിനുള്ളിൽ പൂർത്തിയാക്കേണ്ട ഉത്തരവാദിത്വമായി കാണുന്നതാണ് ഇത്തരം സമീപനങ്ങൾക്ക് പിന്നിലുള്ളത്. എന്നാൽ വൈകാരികമായി തയ്യാറാകാതെയോ അനുയോജ്യനായ പങ്കാളിയെ കണ്ടെത്താതെയോ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻമാത്രം വിവാഹം കഴിക്കുന്നത് നല്ലൊരു ബന്ധത്തിന് അടിത്തറയാകണമെന്നില്ല.

എല്ലാക്കാര്യങ്ങളും ബന്ധുക്കളോട് പറയേണ്ടതില്ല

വിവാഹത്തെക്കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കാൻ മുപ്പത് വയസ്സ് പിന്നിട്ട ചില അവിവാഹിതർ സ്വീകരിക്കുന്ന മാർഗം വ്യക്തിജീവിതത്തെക്കുറിച്ച് കുറച്ച് കാര്യങ്ങൾമാത്രം പങ്കുവയ്ക്കുക എന്നതാണ്. പ്രണയബന്ധമുണ്ടെങ്കിലും അതിന്റെ വിശദാംശങ്ങൾ എല്ലാവരോടും പറയണമെന്നില്ല. പ്രണയബന്ധം അവസാനിച്ച കാര്യങ്ങളോ വിവാഹത്തെക്കുറിച്ചുള്ള വ്യക്തിപരമായ ആശങ്കകളോ ബന്ധുക്കളോട് വിശദീകരിക്കാതിരിക്കാനും ചിലർ തീരുമാനിക്കുന്നു. സ്വന്തം ജീവിതത്തിലെ എല്ലാ തീരുമാനങ്ങൾക്കും മറ്റുള്ളവരോട് വിശദീകരണം നൽകേണ്ടതില്ലെന്ന തിരിച്ചറിവാണ് ഇതിന് പിന്നിലുള്ളത്. വ്യക്തിപരമായ കാര്യങ്ങൾ എത്രത്തോളം പങ്കുവയ്ക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോരുത്തർക്കുമുണ്ട്.

''അനുയോജ്യനായ ഒരാളെ കണ്ടെത്തുമ്പോൾ വിവാഹം കഴിക്കും'

വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്നവരുമുണ്ട്. അവിവാഹിതരിൽ ഏകദേശം 29 ശതമാനം പേർ അനാവശ്യ ഉപദേശങ്ങൾ ഒഴിവാക്കാൻ തുടക്കത്തിൽത്തന്നെ വ്യക്തിപരമായ അതിരുകൾ നിശ്ചയിക്കുന്ന സമീപനം സ്വീകരിക്കുന്നതായി രവി മിത്തൽ പറയുന്നു.അനുയോജ്യനായ ഒരാളെ കണ്ടെത്തുമ്പോൾ വിവാഹം കഴിക്കും', 'ഇപ്പോൾ വിവാഹത്തെക്കുറിച്ച് തീരുമാനിച്ചിട്ടില്ല', 'ഈ വിഷയം കൂടുതൽ സംസാരിക്കാൻ താൽപര്യമില്ല' തുടങ്ങിയ മറുപടികൾ നൽകാം.ഇത്തരം മറുപടികൾ ചില ബന്ധുക്കൾക്ക് ഇഷ്ടപ്പെടണമെന്നില്ല. എന്നാൽ സ്വന്തം തീരുമാനങ്ങളെ ബഹുമാനിക്കണമെന്ന് മറ്റുള്ളവരെ അറിയിക്കാൻ ഇത് സഹായിക്കും. മറുപടി പറയുമ്പോൾ ദേഷ്യപ്പെടുകയോ തർക്കിക്കുകയോ ചെയ്യണമെന്നില്ല. ശാന്തമായും വ്യക്തമായും സ്വന്തം നിലപാട് അറിയിക്കാം.

വിവാഹം കഴിക്കാത്തത് ഒരു പരാജയമല്ല

പഠനം, ജോലി, സാമ്പത്തികസ്ഥിരത, വ്യക്തിപരമായ താൽപര്യങ്ങൾ, അനുയോജ്യനായ പങ്കാളിയെ കണ്ടെത്താനുള്ള ആഗ്രഹം തുടങ്ങി വിവാഹം വൈകുന്നതിന് പല കാരണങ്ങളുണ്ടാകാം. ചിലർ വിവാഹം വേണ്ടെന്ന തീരുമാനവും എടുത്തേക്കാം.എല്ലാവരുടെയും ജീവിതം ഒരേ സമയക്രമത്തിലല്ല മുന്നോട്ടുപോകുന്നത്. ഒരാൾ 25 വയസ്സിൽ വിവാഹം കഴിക്കുമ്പോൾ മറ്റൊരാൾ 35 വയസ്സിൽ വിവാഹം കഴിച്ചേക്കാം. ചിലർ അവിവാഹിതരായി തുടരുകയും ചെയ്യാം.

വിവാഹം കഴിച്ചോ ഇല്ലയോ എന്നതുകൊണ്ടുമാത്രം ഒരാളുടെ ജീവിതവിജയമോ സന്തോഷമോ അളക്കാനാവില്ല.അതുകൊണ്ട് അടുത്ത കുടുംബസംഗമത്തിൽ 'കല്യാണം എപ്പോഴാണ്?' എന്ന ചോദ്യം വീണ്ടും കേൾക്കേണ്ടിവന്നാൽ എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന മറുപടി കണ്ടെത്താൻ ശ്രമിക്കേണ്ടതില്ല. സ്വന്തം ജീവിതത്തെക്കുറിച്ചുള്ള തീരുമാനങ്ങൾ എപ്പോൾ, എങ്ങനെ എടുക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്.അതുപോലെ ബന്ധുക്കളും ഒരു കാര്യം ഓർക്കണം. സ്‌നേഹത്തോടെ ചോദിക്കുന്ന ചോദ്യമാണെങ്കിലും അത് മറ്റൊരാൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെങ്കിൽ വീണ്ടും വീണ്ടും ആവർത്തിക്കാതിരിക്കുന്നതാണ് നല്ലത്.

Content Highlights: 49 percent of unmarried adults avoid family gatherings due to marriage pressure., Many use humor to deflect intrusive questions from relatives., Delaying marriage is often about finding the right partner rather than opposing marriage itself., Setting clear personal boundaries helps avoid unnecessary wedding advice.