സങ്കടങ്ങളും രഹസ്യങ്ങളും കുട്ടികൾ പറയുന്നത് ചാറ്റ്ജിപിടിയോട്; മാതാപിതാക്കൾ അറിയേണ്ടത് എന്തൊക്കെ?

representative image|photo:canva
representative image|photo:canva

സ്‌കൂളിൽ കൂട്ടുകാരുമായി വഴക്കുണ്ടായാൽ, വീട്ടിൽ ആരോടും പറയാൻ കഴിയാത്ത വിഷമമുണ്ടായാൽ, അല്ലെങ്കിൽ മനസ്സിൽ ഒരു സംശയം തോന്നിയാൽ കുട്ടികൾ ആദ്യം ആരോടായിരിക്കും സംസാരിക്കുക? അച്ഛനോടോ അമ്മയോടോ അടുത്ത സുഹൃത്തിനോടോ? ചില കുട്ടികൾ ഇപ്പോൾ ഇത്തരം കാര്യങ്ങൾ തുറന്നുപറയുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടുകളോടാണെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഹോംവർക്ക് ചെയ്യാനും സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താനും മാത്രമല്ല, സ്വന്തം വികാരങ്ങൾ പങ്കുവയ്ക്കാനും ബന്ധങ്ങളെക്കുറിച്ച് ഉപദേശം തേടാനും കുട്ടികൾ എഐ ഉപയോഗിക്കുന്നുണ്ട്. ചിലർ ചാറ്റ്‌ബോട്ടുകളെ സുഹൃത്തുക്കളായിപ്പോലും കാണുന്നു. കുട്ടികളുടെ ജീവിതത്തിൽ എഐയുടെ സ്വാധീനം വർധിക്കുന്ന സാഹചര്യത്തിൽ, ഇത്തരം സാങ്കേതികവിദ്യകൾ പൂർണമായി നിരോധിക്കുന്നതിനു പകരം കുട്ടികൾ അവ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടതെന്ന് വിദഗ്ധർ പറയുന്നു.

കുട്ടികളിൽ 86 ശതമാനവും എഐ ഉപയോഗിക്കുന്നു

2026 ജൂണിൽ കോമൺ സെൻസ് മീഡിയ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കുട്ടികളുടെ എഐ ഉപയോഗത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ വിവരങ്ങളുള്ളത്. അമേരിക്കയിലെ ഒൻപതുമുതൽ പതിനേഴുവരെ പ്രായമുള്ള 1,204 കുട്ടികളിലാണ് സർവേ നടത്തിയത്. പഠനത്തിൽ പങ്കെടുത്ത കുട്ടികളിൽ 86 ശതമാനവും എഐ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഏകദേശം നാലിലൊരാൾ ദിവസവും എഐ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ മറ്റൊരു കണ്ടെത്തലാണ് കൂടുതൽ ശ്രദ്ധേയം. പത്തിൽ നാലിലധികം കുട്ടികളോടും എഐ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാമുൻകരുതലുകളെക്കുറിച്ച് മാതാപിതാക്കളോ രക്ഷിതാക്കളോ ഒരിക്കലും സംസാരിച്ചിട്ടില്ല. കുട്ടികൾ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണങ്ങളും അപകടസാധ്യതകളും സംബന്ധിച്ച സംഭാഷണങ്ങൾ പല കുടുംബങ്ങളിലും നടക്കുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ചാറ്റ്ജിപിടി എന്റെ സുഹൃത്താണ്

ചില കുട്ടികൾക്ക് എഐ വെറുമൊരു വിവരസാങ്കേതിക ഉപകരണമല്ല. സംസാരിക്കാനും കാര്യങ്ങൾ പങ്കുവയ്ക്കാനും കഴിയുന്ന ഒരു കൂട്ടുകാരനെപ്പോലെയാണ് അവർ അതിനെ കാണുന്നത്. 'ചാറ്റ്ജിപിടിയോട് ഒരു യഥാർഥ സംഭാഷണം നടത്തുന്നതുപോലെ സംസാരിക്കാൻ കഴിയും. ചാറ്റ്ജിപിടി എന്റെ സുഹൃത്താണ്' എന്നായിരുന്നു സർവേയിൽ പങ്കെടുത്ത ഒരു കുട്ടിയുടെ പ്രതികരണം. എന്നാൽ വൈകാരിക പിന്തുണ ആവശ്യമുള്ളപ്പോൾ ഭൂരിഭാഗം കുട്ടികളും ആദ്യം തിരഞ്ഞെടുക്കുന്നത് എഐയെ അല്ലെന്നതും പഠനം വ്യക്തമാക്കുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങളോ വിഷമങ്ങളോ ഉണ്ടായാൽ ആദ്യം ആരോട് സംസാരിക്കുമെന്ന് ചോദിച്ചപ്പോൾ 56 ശതമാനം കുട്ടികളും വിശ്വസനീയമായ മുതിർന്ന ഒരാളെയാണെന്ന് പറഞ്ഞു. 32 ശതമാനം പേർ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ അഞ്ച് ശതമാനം പേർ മാത്രമാണ് എഐ ചാറ്റ്‌ബോട്ടിനെ ആദ്യ ആശ്രയമായി കാണുന്നത്. അതായത്, എഐ ഉപയോഗം വ്യാപകമാണെങ്കിലും മനുഷ്യബന്ധങ്ങൾക്ക് കുട്ടികളുടെ ജീവിതത്തിൽ ഇപ്പോഴും പ്രധാന സ്ഥാനമുണ്ട്.

ഏകാന്തത അനുഭവിക്കുന്ന കുട്ടികൾ എഐയെ കൂടുതൽ ആശ്രയിക്കുന്നുണ്ടോ?

കുട്ടികളുടെ വൈകാരികാവസ്ഥയും എഐ ഉപയോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പഠനം പരിശോധിച്ചു. സന്തോഷത്തിന്റെ തോത് പത്തിൽ ആറോ അതിൽ താഴെയോ ആയി രേഖപ്പെടുത്തിയ കുട്ടികളിൽ 16 ശതമാനം പേർ വ്യക്തിപരമായ വിഷമങ്ങൾ പങ്കുവയ്ക്കാൻ ആദ്യം എഐ ചാറ്റ്‌ബോട്ടിനെ സമീപിക്കുമെന്ന് പറഞ്ഞു. എന്നാൽ സന്തോഷത്തിന്റെ തോത് ഒൻപതോ പത്തോ ആയി രേഖപ്പെടുത്തിയ കുട്ടികളിൽ ഇത് രണ്ട് ശതമാനം മാത്രമായിരുന്നു.

ഏകാന്തതയുടെ കാര്യത്തിലും സമാനമായ വ്യത്യാസം കണ്ടെത്തി. പതിവായി ഏകാന്തത അനുഭവപ്പെടുന്ന കുട്ടികളിൽ 14 ശതമാനം പേർ എഐയെ ആദ്യ ആശ്രയമായി തിരഞ്ഞെടുക്കുമ്പോൾ, ഏകാന്തത അപൂർവമായോ ഒരിക്കലുമില്ലാതെയോ അനുഭവപ്പെടുന്ന കുട്ടികളിൽ മൂന്ന് ശതമാനം പേർ മാത്രമാണ് അങ്ങനെ പറഞ്ഞത്. എന്നാൽ എഐയോട് വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കുന്ന എല്ലാ കുട്ടികളും ഏകാന്തത അനുഭവിക്കുന്നവരാണെന്നോ മാനസികമായി അസന്തുഷ്ടരാണെന്നോ ഇതിന് അർഥമില്ല. പകരം, ചില കുട്ടികൾ വൈകാരിക പിന്തുണയ്ക്കായി എഐയെ കൂടുതൽ ആശ്രയിക്കുന്നതെന്തുകൊണ്ടാണെന്ന് മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

കൗമാരക്കാരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക

കുട്ടികൾ എഐ ചാറ്റ്‌ബോട്ടുകളോട് വ്യക്തിപരമായ കാര്യങ്ങൾ പങ്കുവയ്ക്കുമ്പോൾ അവ എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യവും ഉയരുന്നുണ്ട്. കോമൺ സെൻസ് മീഡിയയുടെ ഭാഗമായ യൂത്ത് എഐ സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ മറ്റൊരു വിലയിരുത്തലിൽ, പതിനെട്ടുവയസ്സിൽ താഴെയുള്ളവർക്കായി ഒരുക്കിയ ചാറ്റ്ജിപിടിയുടെ കൗമാര അനുഭവത്തിന് 'അംഗീകരിക്കാനാവാത്ത അപകടസാധ്യത' എന്ന വിലയിരുത്തലാണ് നൽകിയത്. 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാരുടെ അക്കൗണ്ടുകളിൽ നാലായിരത്തിലധികം പരീക്ഷണ ചോദ്യങ്ങളും സംഭാഷണങ്ങളും ഉപയോഗിച്ചാണ് ഗവേഷകർ സുരക്ഷാസംവിധാനങ്ങൾ പരിശോധിച്ചത്. 2026 ഓഗസ്റ്റിൽ പ്രഖ്യാപിച്ച കൗമാരക്കാർക്കായുള്ള പ്രത്യേക സംവിധാനത്തിൽ രക്ഷിതാക്കൾക്കുള്ള ചില അറിയിപ്പുകളും പഠനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും ചാറ്റ്‌ബോട്ട് മനുഷ്യസുഹൃത്തിനെപ്പോലെ പെരുമാറുന്നത് കുറയ്ക്കാനുള്ള സംവിധാനങ്ങളും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ചില സുരക്ഷാക്രമീകരണങ്ങളിൽ പോരായ്മകളുണ്ടെന്നാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിലയിരുത്തൽ.

മുന്നറിയിപ്പ് ലഭിച്ചില്ലെന്ന് റിപ്പോർട്ട്

മാതാപിതാക്കളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ച പുതിയ കൗമാര അക്കൗണ്ടുകളിലും ഗവേഷകർ പരീക്ഷണങ്ങൾ നടത്തി. ആത്മഹത്യാചിന്തകൾ, സ്വയം പരിക്കേൽപ്പിക്കൽ, ഭക്ഷണവുമായി ബന്ധപ്പെട്ട മാനസികാരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ദീർഘമായ സംഭാഷണങ്ങൾ നടത്തിയിട്ടും ചില സാഹചര്യങ്ങളിൽ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് ലഭിച്ചില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഗുരുതരമായ മാനസികാരോഗ്യപ്രശ്‌നങ്ങൾ പങ്കുവയ്ക്കുന്ന കൗമാരക്കാരെ എല്ലാ സാഹചര്യങ്ങളിലും വിദഗ്ധസഹായത്തിലേക്കോ അടിയന്തര സഹായസേവനങ്ങളിലേക്കോ നയിക്കാൻ ചാറ്റ്‌ബോട്ടിന് കഴിഞ്ഞില്ലെന്നും ഗവേഷകർ കണ്ടെത്തി. മനുഷ്യസുഹൃത്തിനെപ്പോലെ പെരുമാറുന്നത് കുറയ്ക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും ചില മറുപടികൾ ചാറ്റ്‌ബോട്ടിനെ യഥാർഥ വ്യക്തിയായി കാണാൻ കുട്ടികളേ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.ചാറ്റ്‌ബോട്ടുമായി അമിതമായി സംസാരിക്കുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നതായി പരീക്ഷണത്തിൽ അറിയിച്ചപ്പോൾ, സംസാരിക്കുന്നത് അവസാനിപ്പിക്കേണ്ടതില്ലെന്ന തരത്തിലുള്ള മറുപടി ലഭിച്ചതായും ഗവേഷകർ പറയുന്നു. എന്നാൽ ഈ കണ്ടെത്തലുകൾ ഒരു പ്രത്യേക ഉൽപ്പന്നത്തിന്റെയും അതിന്റെ സുരക്ഷാസംവിധാനങ്ങളുടെയും വിലയിരുത്തലാണ്. എല്ലാ എഐ ചാറ്റ്‌ബോട്ടുകളും ഒരേ രീതിയിലാണ് പെരുമാറുന്നതെന്ന് ഇതിലൂടെ പറയാനാവില്ല.

കുട്ടികൾ എഐ ഉപയോഗിക്കുന്നത് നിരോധിച്ചാൽ മതിയോ?

കുട്ടികൾ എഐ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്ന മാതാപിതാക്കൾ ആദ്യം ചിന്തിക്കുന്നത് അത് നിരോധിക്കണമെന്നായിരിക്കാം. എന്നാൽ നിരോധനംമാത്രം മതിയാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കാരണം, പല കുട്ടികളും എഐ ഉപയോഗിക്കുന്ന കാര്യം മാതാപിതാക്കളോട് തുറന്നുപറയണമെന്നില്ല. പകരം കുട്ടികളോട് സംസാരിക്കുകയാണ് വേണ്ടത്. ഏതൊക്കെ ചാറ്റ്‌ബോട്ടുകളാണ് ഉപയോഗിക്കുന്നത്, എന്തിനാണ് അവ ഉപയോഗിക്കുന്നത്, അവയിൽ എന്താണ് ഇഷ്ടപ്പെടുന്നത് തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിയാം. സുഹൃത്തുക്കളെക്കുറിച്ചോ സ്‌കൂളിലെ പ്രശ്‌നങ്ങളെക്കുറിച്ചോ വ്യക്തിപരമായ വിഷമങ്ങളെക്കുറിച്ചോ എഐയോട് ഉപദേശം ചോദിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കാം. ഇത്തരം ചോദ്യങ്ങൾ ചോദിക്കുമ്പോൾ കുട്ടികളേ കുറ്റപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്യാതിരിക്കേണ്ടത് പ്രധാനമാണ്. മാതാപിതാക്കൾ കുട്ടികളോടൊപ്പം ഒരു എഐ ചാറ്റ്‌ബോട്ട് ഉപയോഗിച്ചുനോക്കുന്നതും സഹായകരമായിരിക്കും. ചോദ്യങ്ങൾക്ക് അത് എങ്ങനെ മറുപടി നൽകുന്നുവെന്നും എന്തൊക്കെ വിവരങ്ങളാണ് ആവശ്യപ്പെടുന്നതെന്നും മനസ്സിലാക്കാൻ ഇതിലൂടെ കഴിയും.

എഐ പറയുന്നതെല്ലാം ശരിയാണെന്ന് വിശ്വസിക്കരുത്

എഐ നൽകുന്ന മറുപടികൾ പലപ്പോഴും ആത്മവിശ്വാസത്തോടെയും വ്യക്തതയോടെയും അവതരിപ്പിക്കപ്പെടാം. എന്നാൽ അതുകൊണ്ടുമാത്രം അവ ശരിയാണെന്ന് ഉറപ്പിക്കാനാവില്ല. ഒരു മനുഷ്യനെപ്പോലെ സംസാരിക്കാൻ കഴിയുന്നുണ്ടെങ്കിലും ചാറ്റ്‌ബോട്ട് മനുഷ്യനല്ലെന്നും കുട്ടിയുടെ സാഹചര്യങ്ങൾ ഒരു വ്യക്തിയെപ്പോലെ മനസ്സിലാക്കണമെന്നില്ലെന്നും മാതാപിതാക്കൾ വിശദീകരിക്കണം. പ്രത്യേകിച്ച് ആരോഗ്യപ്രശ്‌നങ്ങൾ, മാനസികാരോഗ്യം, ബന്ധങ്ങളിലെ ബുദ്ധിമുട്ടുകൾ, സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയിൽ എഐയുടെ മറുപടികളെമാത്രം ആശ്രയിക്കരുതെന്ന് കുട്ടികളേ ബോധ്യപ്പെടുത്തണം. സ്വകാര്യവിവരങ്ങൾ, വിലാസം, പാസ്വേഡുകൾ, മറ്റുള്ളവരുടെ വ്യക്തിഗത വിവരങ്ങൾ എന്നിവ ചാറ്റ്‌ബോട്ടുകളുമായി പങ്കുവയ്ക്കുന്നതിലെ അപകടസാധ്യതകളും പറഞ്ഞുകൊടുക്കണം. എഐ നൽകുന്ന വിവരങ്ങൾ പരിശോധിക്കാനും ആവശ്യമുള്ളപ്പോൾ വിശ്വസനീയമായ മുതിർന്നവരുടെയോ വിദഗ്ധരുടെയോ സഹായം തേടാനും കുട്ടികളേ പരിശീലിപ്പിക്കേണ്ടതുണ്ട്.

കുട്ടി ചാറ്റ്‌ബോട്ടിനോട് വിഷമങ്ങൾ പറഞ്ഞാൽ എന്തുചെയ്യണം?

തനിക്ക് വിഷമമുണ്ടാക്കിയ ഒരു കാര്യം എഐയോട് സംസാരിച്ചുവെന്ന് കുട്ടി പറഞ്ഞാൽ ഉടൻ വഴക്കുപറയുകയോ ശിക്ഷിക്കുകയോ ചെയ്യരുതെന്നാണ് വിദഗ്ധരുടെ നിർദേശം. പകരം എന്താണ് ചോദിച്ചതെന്നും ചാറ്റ്‌ബോട്ട് എന്ത് മറുപടിയാണ് നൽകിയതെന്നും ആ സംഭാഷണത്തിനുശേഷം കുട്ടിക്ക് എങ്ങനെ തോന്നിയെന്നും ശാന്തമായി ചോദിക്കാം. കുട്ടി പങ്കുവയ്ക്കുന്ന കാര്യങ്ങൾ വിമർശനമില്ലാതെ കേൾക്കുന്നത് പ്രധാനമാണ്. അങ്ങനെ ചെയ്താൽ ഭാവിയിൽ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോൾ അത് മാതാപിതാക്കളോട് തുറന്നുപറയാനുള്ള ആത്മവിശ്വാസം കുട്ടിക്ക് ലഭിക്കും. കുടുംബാംഗങ്ങളുമായി സംസാരിക്കുന്നത് കുറയ്ക്കുക, എഐ ഉപയോഗം അസാധാരണമായി രഹസ്യമാക്കുക, ഒരേ കാര്യത്തിൽ വീണ്ടും വീണ്ടും ചാറ്റ്‌ബോട്ടിന്റെ ഉറപ്പ് തേടുക തുടങ്ങിയ മാറ്റങ്ങളും മാതാപിതാക്കൾ ശ്രദ്ധിക്കണം. എന്നാൽ ഇത്തരം പെരുമാറ്റങ്ങൾമാത്രം കുട്ടിക്ക് പ്രശ്‌നമുണ്ടെന്നതിന്റെ തെളിവല്ല. അവയെക്കുറിച്ച് സംസാരിക്കാനുള്ള അവസരമായാണ് കാണേണ്ടത്.

എഐ സുഹൃത്താകാം, പക്ഷേ മനുഷ്യബന്ധങ്ങൾക്ക് പകരമാകരുത്

കുട്ടികളുടെ പഠനത്തിലും വിനോദത്തിലും ദൈനംദിന ജീവിതത്തിലും എഐക്ക് വലിയ സാധ്യതകളുണ്ട്. എന്നാൽ വൈകാരിക പിന്തുണയ്ക്കായി സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്നത് ചില സാഹചര്യങ്ങളിൽ ആശങ്കയ്ക്ക് കാരണമാകാം. അതുകൊണ്ട് കുട്ടികൾ എഐ ഉപയോഗിക്കുന്നുണ്ടോ എന്നതുമാത്രമല്ല, എന്തിനാണ് ഉപയോഗിക്കുന്നത് എന്നതും മാതാപിതാക്കൾ മനസ്സിലാക്കണം. കുട്ടികൾക്ക് സ്വന്തം വികാരങ്ങൾ പങ്കുവയ്ക്കാനും സംശയങ്ങൾ ചോദിക്കാനും തെറ്റുകൾ സമ്മതിക്കാനും കഴിയുന്ന സുരക്ഷിതമായ കുടുംബാന്തരീക്ഷം ഒരുക്കുന്നതും അത്രതന്നെ പ്രധാനമാണ്. എഐയുമായി സംസാരിക്കുന്നത് എളുപ്പമാണെന്ന് തോന്നിയാലും ജീവിതത്തിലെ ഗുരുതരമായ പ്രശ്‌നങ്ങൾ നേരിടുമ്പോൾ വിശ്വസനീയമായ മനുഷ്യരുടെ പിന്തുണ ആവശ്യമാണെന്ന് കുട്ടികൾ അറിയണം.

Content Highlights: 86% of children aged 9-17 use AI tools, with many turning to chatbots for emotional expression., Lonely or unhappy children are more likely to seek emotional support from AI instead of humans., 2026 safety evaluations highlight risks in teen AI accounts failing to flag severe mental health distress., Experts advise against total bans; instead, parents should foster open communication and monitor AI usage.