‘നിരവധി പ്രണയബന്ധങ്ങളുണ്ടായിരുന്നു അതിൽ ലജ്ജിക്കേണ്ട’; പ്രണയം, വിവാഹം-മനസ്സുതുറന്ന് അനന്യ പാണ്ഡെ

പ്രണയബന്ധങ്ങളിൽ നിന്ന് ഇടവേളയെടുത്ത് ഇപ്പോൾ സിംഗിൾ ലൈഫ് ആസ്വദിക്കുകയാണ് ബോളിവുഡ് താരം അനന്യ പാണ്ഡെ. ജീവിതത്തിൽ ഇതുവരെ പ്രണയബന്ധങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരുന്നതെന്നും ഇപ്പോൾ സ്വയം സ്നേഹിക്കാനും സ്വന്തം സന്തോഷത്തിന് മുൻഗണന നൽകാനുമാണ് ആഗ്രഹമെന്നും താരം പറയുന്നു. കരൺ ജോഹർ അവതാരകനായെത്തുന്ന 'കോഫി വിത്ത് കരൺ' സീസൺ ഒൻപതിലെ പുതിയ എപ്പിസോഡിലാണ് പ്രണയം, പ്രണയത്തകർച്ച, വിവാഹം, സ്വയം സ്നേഹിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ അനന്യ മനസ്സുതുറന്നത്.സംരംഭകയും ഗായികയുമായ അനന്യ ബിർളയ്ക്കൊപ്പമാണ് അനന്യ പാണ്ഡെ പരിപാടിയിലെത്തിയത്. താരത്തിന്റെ മുൻകാല പ്രണയബന്ധങ്ങളെക്കുറിച്ച് കരൺ ജോഹർ തമാശരൂപേണ സംസാരിക്കുകയും ചെയ്തു. പ്രണയത്തകർച്ചയുണ്ടായാൽ ഒരു ദിവസം വിഷമിച്ചിരുന്നാലും ഏതാനും ദിവസങ്ങൾക്കുള്ളിൽ സന്തോഷത്തിലേക്ക് തിരിച്ചെത്തുന്ന വ്യക്തിയാണ് അനന്യയെന്നായിരുന്നു കരൺ ജോഹറിന്റെ പരാമർശം.തനിക്ക് മുൻപ് നിരവധി പ്രണയബന്ധങ്ങളുണ്ടായിരുന്നുവെന്നത് ശരിയാണെന്നും അതിൽ ലജ്ജിക്കേണ്ട കാര്യമൊന്നുമില്ലെന്നും അനന്യ മറുപടി നൽകി.
ഈ ലൈഫ് ഞാൻ ആസ്വദിക്കുകയാണ്'
ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് സംസാരിച്ചപ്പോഴാണ് താൻ സിംഗിളായിരിക്കുന്നതിൽ സന്തോഷവതിയാണെന്ന് അനന്യ വെളിപ്പെടുത്തിയത്.'ഞാൻ ഒരിക്കലും ഇങ്ങനെ പറയുമെന്ന് കരുതിയിരുന്നില്ല. പക്ഷേ ഇപ്പോൾ സിംഗിൾ ലൈഫ് ശരിക്കും ആസ്വദിക്കുകയാണ്,' താരം പറഞ്ഞു.മുൻപ് ബന്ധങ്ങൾക്കും മറ്റുള്ളവർക്കും അമിതമായി പ്രാധാന്യം നൽകിയിരുന്നുവെന്നും ഇപ്പോൾ ഏറെക്കാലത്തിനുശേഷം സ്വന്തം വ്യക്തിത്വത്തിലേക്ക് തിരിച്ചെത്തിയതുപോലെ തോന്നുന്നുവെന്നും അനന്യ കൂട്ടിച്ചേർത്തു.'വൈകിയാണെങ്കിലും ശരിയായ തീരുമാനത്തിലെത്തി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാൻ എന്നെത്തന്നെ തിരിച്ചറിയുന്നതായാണ് തോന്നുന്നത്. മറ്റൊരാൾക്ക് എന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ അവസരം നൽകുന്നതിന് മുൻപ് എനിക്ക് എന്നെത്തന്നെ വീണ്ടും പ്രണയിക്കണം,' എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.എന്നാൽ സിംഗിളായിരിക്കുന്നതുകൊണ്ട് പ്രണയത്തോടുള്ള താൽപര്യം നഷ്ടപ്പെട്ടുവെന്നല്ലെന്നും അനന്യ വ്യക്തമാക്കി. ചെറിയ ക്രഷുകളൊക്കെ തോന്നുന്നതിൽ തെറ്റില്ലെന്നും അതെല്ലാം ആസ്വദിക്കാവുന്ന കാര്യങ്ങളാണെന്നും താരം പറഞ്ഞു. ഇപ്പോൾ തന്റെ മുൻഗണന സ്വയം സ്നേഹിക്കുന്നതിനാണെന്നും അനന്യ കൂട്ടിച്ചേർത്തു.
വിവാഹത്തോട് ഇപ്പോഴും താൽപര്യം
സിംഗിൾ ലൈഫ് ആസ്വദിക്കുകയാണെങ്കിലും വിവാഹമെന്ന ആശയത്തോട് ഇപ്പോഴും താൽപര്യമുണ്ടെന്ന് അനന്യ പറയുന്നു. ജീവിതകാലം മുഴുവൻ ഒരാളോടൊപ്പം കഴിയാനും കുടുംബജീവിതം നയിക്കാനും തനിക്ക് ആഗ്രഹമുണ്ടെന്നും താരം വ്യക്തമാക്കി.'ഞാൻ വിവാഹം കഴിക്കാനായി ജനിച്ചയാളാണെന്നാണ് എനിക്ക് തോന്നുന്നത്. വിവാഹമെന്ന ആശയം എനിക്ക് ഒരുപാട് ഇഷ്ടമാണ്. ജീവിതകാലം മുഴുവൻ ഒരാളോടൊപ്പം കഴിയുക എന്നതിൽ ഞാൻ ആവേശഭരിതയാണ്,' അനന്യ പറഞ്ഞു.അതേസമയം, ഒരു ബന്ധം മുന്നോട്ടുപോകുന്നില്ലെങ്കിൽ അത് അവസാനിപ്പിച്ച് ജീവിതത്തിൽ മുന്നോട്ടുപോകുന്നതിൽ തെറ്റില്ലെന്നും താരം അഭിപ്രായപ്പെട്ടു.'ഒരു ബന്ധം ശരിയായി മുന്നോട്ടുപോകുന്നില്ലെങ്കിൽ, രണ്ടുപേരും സന്തോഷവാന്മാരല്ലെങ്കിൽ, അതിൽ തുടരണമെന്ന് ഉറപ്പില്ലെങ്കിൽ ആ ബന്ധത്തിൽനിന്ന് പുറത്തുകടന്ന് മുന്നോട്ടുപോകാൻ ഓരോരുത്തർക്കും അവകാശമുണ്ട്,' അനന്യ വ്യക്തമാക്കി.
വാക്കർ ബ്ലാങ്കോയുമായുള്ള പ്രണയവും ചർച്ചയിൽ
വാക്കർ ബ്ലാങ്കോയുമായുള്ള അനന്യയുടെ പ്രണയബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിലാണ് താരത്തിന്റെ പുതിയ വെളിപ്പെടുത്തൽ. ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ തങ്ങൾ പ്രണയത്തിലായിരുന്നുവെന്നോ വേർപിരിഞ്ഞുവെന്നോ അനന്യയോ വാക്കർ ബ്ലാങ്കോയോ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല.വിവാഹം കഴിക്കണമെന്ന ആഗ്രഹവും ഒരാളോടൊപ്പം ജീവിതം പങ്കിടണമെന്ന സ്വപ്നവും ഇപ്പോഴും മനസ്സിലുണ്ടെങ്കിലും അതിനായി തിരക്കുകൂട്ടാൻ അനന്യ തയ്യാറല്ല. മറ്റൊരാളെ പ്രണയിക്കുന്നതിന് മുൻപ് സ്വന്തം വ്യക്തിത്വത്തെയും സന്തോഷത്തെയും തിരിച്ചുപിടിക്കാനാണ് ഇപ്പോൾ താരത്തിന്റെ തീരുമാനം.
Content Highlights: Ananya Panday embraces single life and focuses on self-love after past relationships., The actress appeared on Koffee with Karan Season 9 alongside Ananya Birla., Ananya expressed her enduring belief in the concept of marriage despite being single., Addressed past relationships and moving on from non-working connections.