ആകാശത്തെ റോൾസ് റോയ്‌സ്, നൃത്തവേദിയിൽ നാഗവല്ലിയും നങ്ങേലിയും, ഡബിൾ എഞ്ചിനാണ് രേഷ്മയുടെ പാഷന്

ആഡംബരത്തിന്റെ പര്യായമാണ് നമുക്ക് റോൾസ് റോയ്സ്. അത്യാഡംബര കാർ നിർമാതാക്കൾ എന്നതിലുപരി വിശ്വാസ്യതയ്ക്കും സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കും പേരുകേട്ട ലോകത്തിലെ മുൻനിര വിമാന എൻജിൻ നിർമാതാക്കൾ കൂടിയാണ് ഈ ആഗോള ബ്രാൻഡ്. റോൾസ് റോയ്സിന്‍റെ യുകെയിലെ ഫ്ളൈറ്റ് എൻജിൻ ഡിസൈൻ ടീമിന്റെ ഭാഗമായി കാസർകോട്ട് നിന്നുള്ള ഒരു മലയാളി വനിതയുണ്ട്, രേഷ്മ ആർ കുമാർ. ഒരുപക്ഷെ രേഷ്മയെ പലരും അറിയുന്നത് ഒരു ക്ലാസിക്കൽ ഡാൻസ് പെർഫോമറായിട്ടായിരിക്കും. കുട്ടിക്കാലത്ത് കൂടെക്കൂട്ടിയ നൃത്തത്തെ ഔദ്യോഗികജീവിതത്തിന്റെ തിരക്കുകൾക്കിടയിലും കൈവിടാതെ ചേർത്തുപിടിച്ച ഭരതനാട്യം നർത്തകിയായ രേഷ്മ, 'പാഷനും പ്രൊഫഷനും ഒന്നിച്ച് കൊണ്ടുപോകാനാവില്ല' എന്ന പതിവു ധാരണകളെ പാടെ തിരുത്തിക്കുറിക്കുകയാണ്.
കാസർകോട് ജില്ലയിലെ കമ്പല്ലൂർ എന്ന കൊച്ചുഗ്രാമത്തിൽനിന്നാണ് രേഷ്മ വരുന്നത്.കമ്പല്ലൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പഠനകാലത്തുതന്നെ നൃത്തം ജീവശ്വാസമായിരുന്നു. മൂന്നാം വയസ്സിൽ രാജ്കുമാർ മാഷിന്റെ കീഴിൽ തുടങ്ങിയ ചുവടുകൾ പിന്നീട് കലാമണ്ഡലം ലത ടീച്ചറിലൂടെ കൂടുതൽ പക്വമായി. സ്‌കൂൾ കലോത്സവങ്ങളിൽ ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും കേരളനടനത്തിലും നാടോടിനൃത്തത്തിലുമെല്ലാം തിളങ്ങി നിന്ന രേഷ്മ് 2007, 2010 സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് ഉൾപ്പെടെയുള്ള നേട്ടങ്ങൾ സ്വന്തമാക്കുന്നുമുണ്ട്.
പ്ലസ്ടുവിന് സ്‌കൂൾ ഫസ്റ്റായിരുന്നു രേഷ്മ, നൃത്തത്തിലും മിടുക്കി. സ്വാഭാവികമായും പ്ലസ്ടുവിന് ശേഷം എന്ത് എന്ന വലിയൊരു ചോദ്യം മനസ്സിലുയർന്നു. കലയെ പ്രാണനായി കണ്ട അച്ഛന് നൃത്തവഴി തിരഞ്ഞെടുക്കാനായിരുന്നു താല്പര്യം. എന്നാൽ 'ഡാൻസ് എപ്പോൾ വേണമെങ്കിലും പഠിക്കാം, പക്ഷേ പ്രൊഫഷൻ ഇപ്പോൾ തന്നെ തിരഞ്ഞെടുക്കണം' എന്ന ഉറച്ച തീരുമാനത്തിൽ രേഷ്മ എയറോനോട്ടിക്കൽ എൻജിനീയറിങ്ങിലേക്ക് വഴിതിരിഞ്ഞു. വിശ്വേശ്വരയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ നിന്നുള്ള ബിരുദത്തിന് ശേഷം 2015-ൽ ബെംഗളൂരുവിലെ ക്വസ്റ്റ് ഗ്ലോബൽ എൻജിനീയറിങ്ങിൽ കരിയർ ആരംഭിച്ചു. 2018-ൽ ജോലി ആവശ്യത്തിനായി യുകെയിലേക്ക്. തുടർന്ന് ഡെർബി യൂണിവേഴ്‌സിറ്റിയിൽ നിന്ന് അഡ്വാൻസ്ഡ് മെക്കാനിക്കൽ ആൻഡ് മാനുഫാക്ചറിങ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദവും നേടി, റോൾസ് റോയ്‌സിന്റെ വിമാന എൻജിൻ ഡിസൈനിങ് വിഭാഗത്തിൽ സ്ഥിര ജീവനക്കാരിയായി.
'മിക്കവർക്കും റോൾസ് റോയ്സ് ഒരു ലക്ഷ്വറി കാർ ബ്രാൻഡാണ്. എന്നാൽ എഞ്ചിനീയറിംഗ് ലോകത്തുള്ളവർക്കറിയാം, അവർ പ്രധാനമായും ഏവിയേഷൻ എൻജിനുകളാണ് നിർമ്മിക്കുന്നത്. ഞാൻ ബെംഗളുരുവിൽ ജോലി ചെയ്യുന്ന കാലത്തും റോൾസ് റോയ്സിന്റെ വർക്കുകളാണ് ചെയ്തുകൊണ്ടിരുന്നത്. അതുകൊണ്ട് അവിടെ നേരിട്ട് ജോലി ചെയ്യാൻ അവസരം കിട്ടിയത് എന്റെ കരിയറിൽ ഏറ്റവും അഭിമാനം ഉണ്ടാക്കിയ നിമിഷം ആയിരുന്നു. റോൾസ് റോയ്സ് പോലൊരു വലിയ കമ്പനിയുടെ മാനുഫാക്ടറിങ് ശൃംഖലകളിൽ ഞാൻ ചെയ്യുന്ന വർക്ക് വലിയ ഒരു ഇംപ്കാട് ഉണ്ടാക്കുന്നേണ്ടല്ലോ എന്ന അഭിമാനം എല്ലായ്പ്പോഴുമുണ്ട്.ഒരു വിമാന എൻജിൻ ഒരാൾ ഒറ്റയ്ക്കല്ല രൂപകൽപ്പന ചെയ്യുന്നത്. അതിൽ മെറ്റീരിയൽസ്, തെർമൽ, മാനുഫാക്ചറിങ് തുടങ്ങി നിരവധി ടീമുകളുടെ കൂട്ടായ പ്രയത്‌നമുണ്ട്. കാലങ്ങൾക്ക് മുമ്പ് ഡിസൈൻ ചെയ്ത എൻജിനുകൾ ഇപ്പോഴും ആകാശത്ത് പറക്കുന്നുണ്ട്, അതിന്റെ തുടർച്ചയായുള്ള നടപടികളുമായാണ് ഇപ്പോഴും മുന്നോട്ടുപോകുന്നത്.' രേഷ്മ പറയുന്നു. ടർബൈൻ ഡിസൈൻ എൻജിനീയറാണ് രേഷ്മ.അതുകൊണ്ടുതന്നെ എല്ലാ ദിവസവും ഒരുപോലെയുള്ള ജോലികളല്ല ചെയ്യേണ്ടി വരുന്നത്. ഒരു ദിവസം ടെക്നിക്കൽ സംഗതികളാണെങ്കിൽ, മറ്റൊരു ദിവസം മാനുഫാക്ചറിങ് ടീമുമായിട്ടുള്ള മീറ്റിങ് ആയിരിക്കും. മറ്റൊരിക്കൽ നിലവിലുള്ള പ്രശ്നങ്ങൾ എങ്ങനെ റൂട്ട് കോസ്് ചെയ്യും എന്നതിനെപറ്റിയുള്ള ചർച്ചകളായിരിക്കും.
ആകാശത്തോളമുണ്ട് പ്രതിബന്ധങ്ങൾ; പെൺകുട്ടികൾ മുന്നോട്ടുവരണം
ഏവിയേഷൻ, മെക്കാനിക്കൽ മേഖലകളിൽ സ്ത്രീകളുടെ സാന്നിധ്യം ഇപ്പോഴും വളരെ കുറവാണ്. താൻ പഠിച്ച കാലത്ത് കേവലം 20 ശതമാനം പെൺകുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് രേഷ്മ ഓർക്കുന്നു. സാങ്കേതിക മേഖലകളിൽ ജോലിസ്ഥലത്ത് സ്ത്രീകൾക്ക് അവസരങ്ങൾ ലഭിക്കുന്നില്ല എന്നതിനേക്കാൾ, കുട്ടിക്കാലം മുതലേ ലഭിക്കേണ്ട എക്‌സ്‌പോഷറിന്റെ കുറവാണ് ഇതിന് പ്രധാന കാരണം. ആൺകുട്ടികൾക്ക് ചെറുപ്പത്തിലേ മെക്കാനിക്കൽ കളിപ്പാട്ടങ്ങളും ചുറ്റുപാടുകളും നൽകി പ്രോത്സാഹിപ്പിക്കുമ്പോൾ, പെൺകുട്ടികളിലേക്ക് ഇത്തരം ചിന്തകൾ എത്തുന്നില്ല. 'ഇത് എന്റെ പണിയല്ല' എന്ന മുൻധാരണ മാറ്റിയെടുക്കാൻ ചെറുപ്പത്തിലെ തന്നെ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും സ്‌കൂൾ-കുടുംബ അന്തരീക്ഷവും അത്യാവശ്യമാണെന്ന് രേഷ്മ അടിവരയിടുന്നു.
സ്ത്രീയെന്ന രീതിയിലുള്ള പ്രതിബന്ധങ്ങൾ താൻ എവിടെയും നേരിട്ടിട്ടില്ലെന്നും രേഷ്മ പറയുന്നുണ്ട്.'
ഞാൻ ഇതുവരെ ജോലി ചെയ്ത സ്ഥലങ്ങളിൽ സ്ത്രീകൾക്ക് പ്രാധാന്യം കൊടുക്കാതിരിക്കുകയോ അവരെ ജോലിയിലെടുക്കാതിരിക്കുകയോ ആയിട്ടുള്ള സാഹചര്യം ഞാൻ കണ്ടിട്ടില്ല. പക്ഷെ പൊതുവെ ഇത് തിരഞ്ഞെടുക്കുന്ന ആൾക്കാരുടെ ശതമാനം കുറവായതുകൊണ്ട് സ്ത്രീകളുടെ എണ്ണം കുറവാണ്. പെൺകുട്ടികൾക്ക് ഇത് പറ്റില്ല എന്ന മുൻധാരണ കൊണ്ട് അതെടുക്കുന്നവരുടെ എണ്ണം കുറവാണ്. നമുക്ക് വിവരമുണ്ടോ, അത് നടപ്പാക്കാൻ പറ്റുന്നുണ്ടോ എന്നേ അവർ നോക്കൂ. അതിനുള്ള സ്ഥാനവും എല്ലായ്പ്പോഴും കിട്ടാറുണ്ട്.'
കരിയറിൽ എൻജിൻ ഡിസൈനർ, സ്‌റ്റേജിൽ നാഗവല്ലിയും കാളിയും
റോൾസ് റോയ്സിലെ ഉത്തരവാദിത്തമേറിയ ജോലിത്തിരക്കുകൾക്കിടയിലും നൃത്തവേദികളിലും രേഷ്മ നിറഞ്ഞാടാറുണ്ട്. ബെംഗളൂരുവിലും പിന്നീട് യുകെയിലുമെത്തിയപ്പോഴും കുട്ടികളെ നൃത്തം പഠിപ്പിക്കാനും സ്വന്തമായി പ്രൊഡക്ഷനുകൾ കൊറിയോഗ്രാഫ് ചെയ്യാനും രേഷ്മ സമയം കണ്ടെത്തി. പൂതപ്പാട്ട്, നാഗവല്ലി, ദ്രൗപതി, കാളി, ലക്ഷ്മി തുടങ്ങിയ ഭാവസാന്ദ്രമായ പ്രൊഡക്ഷനുകളിലൂടെ യുകെയിലെ മലയാളികൾക്കിടയിലും കലാസ്വാദകർക്കിടയിലും രേഷ്മ ഇതിനകം ശ്രദ്ധേയയാണ്.
സമയമില്ലെന്ന് ആരാണ് പറഞ്ഞത്
'കരിയറിനും പാഷനും സമയം കണ്ടെത്തേണ്ടത് നമ്മൾ തന്നെയാണ്. അത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനായി ചില സൗഹൃദ കൂട്ടായ്മകളോ മീ-ടൈമുകളോ ത്യജിക്കേണ്ടി വന്നേക്കാം. പക്ഷെ നമ്മൾ മുൻഗണന കൊടുക്കുന്നത് എന്തിനാണ് എന്നതാണ് പ്രധാനം.'രേഷ്മ വ്യക്തമാക്കുന്നു.ഔദ്യോഗിക തിരക്കുകൾക്കും നൃത്തത്തിനും ഇടയിൽ താങ്ങായി നിൽക്കുന്നത് കുടുംബമാണ്. ചെറുപ്പത്തിൽ നൃത്തവേദികളിലേക്ക് കൈപിടിച്ചുനടത്തിയ അച്ഛനും, കല്യാണശേഷം പിന്തുണയേകുന്ന ഭർത്താവും, മകളും നൽകുന്ന കരുത്തിലാണ് രേഷ്മ തന്റെ പ്രൊഫഷനെയും പാഷനെയും ഒരുപോലെ നെഞ്ചിലേറ്റുന്നത്. റോൾസ് റോയ്‌സിൽ എൻജിനീയറാണ് ഭർത്താവ് വിഷ്ണു ജനാർദനൻ. മകൾ യാഗ്ന ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. സാങ്കേതികവിദ്യയുടെ സങ്കീർണമായ സമവാക്യങ്ങൾക്കിടയിലും നൃത്തത്തിന്റെ ലളിതസുന്ദരമായ ഭാവങ്ങളും ചുവടുകളും നിലനിർത്താമെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുകയാണ് ഈ മലയാളി യുവതി.
Content Highlights: Reshma R Kumar works as a turbine design engineer for Rolls-Royce in the UK., She balances her high-profile engineering career with her passion for Bharatanatyam and classical dance., Hailing from Kamballur, Kasaragod, she pursued aeronautical engineering against conventional norms.