ഷിരൂരില്‍ ദൗത്യത്തിനിറങ്ങിയത് കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ പിന്തുണയില്‍- ഈശ്വര്‍ മാല്‍പേ

#ഇക്ബാല്‍ പി രായിന്‍
ഈശ്വര്‍ മാല്‍പേ
ഈശ്വര്‍ മാല്‍പേ

ഷിരൂര്‍ ദൗത്യമാണ് ഈശ്വര്‍ മാല്‍പേ എന്ന മുങ്ങല്‍ വിദഗ്ധനെ മലയാളികള്‍ക്ക് ഇത്രയും സുപരിചിതനാക്കിയത്. കര്‍ണാടക ബലരാമനഗറിലെ മാല്‍പേ എന്ന മുക്കുവഗ്രാമത്തിലെ ഈശ്വര്‍ മക്കളുടെ ചികിത്സയ്ക്കായി പുലാമന്തോള്‍ എസ്.ആര്‍.ഡി. ചികിത്സാലയത്തിലെത്തിയതാണ്. 21 ദിവസത്തെ ചികിത്സയ്ക്കുശേഷം കുടുംബവുമായി അദ്ദേഹം വ്യാഴാഴ്ച മടങ്ങി. തന്റെ ജീവിതാനുഭവങ്ങള്‍ മാതൃഭൂമി ലേഖകന്‍ ഇക്ബാല്‍ പി. രായിനുമായി പങ്കുവെക്കുകയാണ് ഈശ്വര്‍ ഇവിടെ.

കുട്ടിക്കാലത്തെക്കുറിച്ച്

ചെറിയ പ്രായത്തിലേ പട്ടാളത്തില്‍ ചേരണമെന്നായിരുന്നു ആഗ്രഹം. രാവിലെ പതിവായി ലൈബ്രറിയില്‍ പോയി പുസ്തകങ്ങള്‍ വായിച്ചിരുന്നു. അമ്മ ബേബി കര്‍ക്കേരക്ക് അര്‍ബുദം ബാധിച്ചതോടെ എട്ടാം ക്ലാസ്സില്‍ പഠനം നിര്‍ത്തേണ്ടിവന്നു. വീട്ടില്‍ അച്ഛനും ചേച്ചിയും അനിയനുമാണ് ഉണ്ടായിരുന്നത്. തൊഴില്‍തേടി കടലിലേക്കിറങ്ങി. പതിനഞ്ചാം വയസ്സു മുതല്‍ മീന്‍പിടിത്ത ബോട്ടില്‍ പോയിത്തുടങ്ങി. കടലില്‍ മുങ്ങി മരിക്കുന്നവരെയും മറ്റിടങ്ങളില്‍നിന്ന് ഒഴുകി എത്തുന്ന മൃതദേഹങ്ങളും നിയമനടപടികള്‍ ഭയന്ന് ആരും എടുക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വിഷമമോര്‍ത്ത് പ്രശ്‌നങ്ങള്‍ അവഗണിച്ച് മൃതദേഹങ്ങള്‍ എടുത്തുതുടങ്ങി. ഇരുപത് വയസ്സില്‍ തുടങ്ങിയ ആ ജോലി ഇന്നും തുടരുന്നു.

ആദ്യത്തെ രക്ഷാദൗത്യം

21 വയസ്സുള്ളപ്പോഴാണ് കടലില്‍ച്ചാടിയ ആളെ ജീവിതത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്തിയ ആദ്യ സംഭവം ഉണ്ടാകുന്നത്. പരീക്ഷയില്‍ തോറ്റ വിഷമത്തില്‍ ആത്മഹത്യചെയ്യാന്‍ കടലില്‍ച്ചാടിയ 15 വയസ്സുകാരിയെയാണ് രക്ഷിച്ചത്. ദാവന്‍ഗരെ സ്വദേശിയായ അവള്‍ മാല്‍പേ ഗ്രാമത്തിലെ ബന്ധുവീട്ടില്‍ താമസിച്ചാണ് പഠിച്ചിരുന്നത്.

ദൗത്യത്തിനിടയിലെ രസകരമായ സംഭവം

അര്‍ധരാത്രി ഒരാള്‍ കടല്‍പ്പാലത്തില്‍നിന്ന് ചാടി എന്ന വിവരം ലഭിക്കുന്നു. ആളുടെ ബൈക്ക് അവിടെ നിര്‍ത്തി മഴക്കോട്ടും ഹെല്‍മെറ്റുമൊക്കെ ധരിച്ചാണ് ചാടിയിരിക്കുന്നത്. 15 കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍നിന്ന് മൂന്നോടെ അവിടെയെത്തി. ചാടിയ ആള്‍ മഴക്കോട്ട് ധരിച്ചതിനാല്‍ മുങ്ങിപ്പോകാതെ കഴുത്തറ്റം വെള്ളത്തില്‍ കിടക്കുകയാണ്. 'കൃഷ്ണ... കൃഷ്ണ' എന്ന് കരഞ്ഞ് പ്രാര്‍ഥിച്ചിരുന്ന ആളോട് പറഞ്ഞു, 'ഈശ്വര്‍' വന്നു, ഇനി പേടിക്കേണ്ട. കയറും മറ്റ് സാമഗ്രികളും ഇട്ടുകൊടുത്ത് മറ്റ് ആളുകളെയും കൂട്ടി കരക്കെത്തിച്ചപ്പോഴേക്കും അപകടാവസസ്ഥയിലെത്തിയിരുന്നു. ആ അവസ്ഥയിലും അയാള്‍ നേരിയ ശബ്ദത്തില്‍ വിഷമത്തോടെ പറഞ്ഞു 'എന്റെ ഹെല്‍മറ്റ് പോയി.'

എത്രപേരെ ഇതിനകം രക്ഷിച്ചുകാണും

കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ കടലിലും കിണറിലും പുഴയിലും മുങ്ങിത്താഴ്ന്ന 65 പേരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. ആയിരത്തിലധികം മൃതദേഹങ്ങള്‍ മുങ്ങിയെടുത്തു. സ്‌കൂബ ഡൈവിങ്ങില്‍ പരിശീലനം കിട്ടിയതോടെ കൂടുതല്‍ ആഴത്തിലേക്ക് പോയി ദൗത്യം നിര്‍വഹിക്കാന്‍ സാധിക്കുന്നു. സര്‍ക്കാര്‍ രണ്ട് ആംബുലന്‍സുകള്‍ തന്നിട്ടുണ്ട്. സാധാരണക്കാര്‍ക്ക് അതില്‍ സൗജന്യസേവനം നല്‍കിവരുന്നു. വാഹനങ്ങള്‍ ഓടിക്കാനും മറ്റും വരുന്ന ചെലവുകള്‍ സ്വയം കണ്ടെത്തുകയാണ്.

കൂടെയുള്ളവര്‍

ഇപ്പോള്‍ പത്തുപേര്‍ സഹായികളായി കൂടെയുണ്ട്. വേതനം വാങ്ങാതെയാണ് അവരും പ്രവൃത്തികള്‍ ചെയ്യുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി തീരദേശ പോലീസിലെ നൂറോളം ഓഫീസര്‍മാര്‍ക്ക് മുങ്ങല്‍ പരിശീലനമടക്കമുള്ളവ നല്‍കിവരുന്നു.

ഷിരൂരിലെ ദൗത്യത്തെക്കുറിച്ച്

ഷിരൂരിലെ ദൗത്യം വളരെ പ്രയാസകരമായിരുന്നു. അന്നത്തെ അപകടത്തിന് രണ്ടുദിവസം മുന്‍പാണ് അമ്മ മരിച്ചത്. 15-ാം ദിവസം മടിക്കേരി കുശാല്‍നഗറില്‍ ഒരു മൃതദേഹം എടുക്കാനെത്തിയപ്പോഴാണ് ഷിരൂരില്‍നിന്ന് വിളിയെത്തിയത്. അവിടെയെത്തിയപ്പോള്‍ കയ്പേറിയ അനുഭവങ്ങള്‍ പോലീസില്‍നിന്നും മറ്റു അധികൃതരില്‍നിന്നും ഉണ്ടായി. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ പിന്തുണയില്‍ ജീവന്‍ വകവക്കാതെ ചെയ്യാവുന്നതെല്ലാം ചെയ്തു. വലിയ സന്നാഹങ്ങളും പണവും ചെലവഴിച്ച് അധികാരികള്‍ ഔദ്യോഗിക ദൗത്യം നടത്തിയപ്പോള്‍ അവിടെ ചെലവഴിച്ച 16 ദിവസത്തില്‍ 10 ദിവസവും ഞങ്ങളുടെ ചെലവുകള്‍ സ്വയം വഹിക്കേണ്ടി വന്നു.

പുലാമന്തോളിലെ ചികിത്സയെക്കുറിച്ച്

ജനിതക പ്രശ്‌നങ്ങളുള്ള രണ്ട് മക്കളെയുംകൊണ്ട് പോകാത്ത ആശുപത്രികളില്ല. ഇപ്പോള്‍ വലിയ മാറ്റമുണ്ട്. ഭാര്യ ഗീതയുടെ 23 വര്‍ഷത്തെ തോരാത്ത കണ്ണീരിനുശേഷം ഇപ്പോള്‍ കണ്ണുകളില്‍ സന്തോഷം കണ്ടു. ഇവിടെ എല്ലാവരും ഒരു കുടുംബംപോലെയാണ്. എല്ലാവരോടും നന്ദിയും സ്‌നേഹവും.

Content Highlights: eshwar malpe scuba diver interview with iqbal p rayin