ഇഡ്ഡലി കഴിക്കുന്നതിന് 30 മിനിറ്റ് മുൻപ് പഴങ്ങൾ കഴിക്കും; മല്ലിക ഷെരാവത്തിന്റെ ഈ ഭക്ഷണക്രമം ആരോഗ്യത്തിന് ഗുണം ചെയ്യുമോ?

ബോളിവുഡ് നടി മല്ലിക ഷെരാവത്ത് താൻ പിന്തുടരുന്ന പ്രഭാതഭക്ഷണ രീതിയെക്കുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. രാവിലെ വെറും വയറ്റിൽ പഴങ്ങൾ കഴിച്ചതിന് ശേഷം, അരമണിക്കൂർ കഴിഞ്ഞ് മാത്രമാണ് താൻ ഇഡ്ഡലി കഴിക്കാറുള്ളതെന്നാണ് താരം വ്യക്തമാക്കിയത്. ആഹാരക്രമത്തിൽ വെച്ചുപുലർത്തുന്ന ഇത്തരം ചിട്ടകൾക്ക് എത്രത്തോളം ശാസ്ത്രീയ അടിത്തറയുണ്ട്, ഭക്ഷണപദാർത്ഥങ്ങൾ തമ്മിലുള്ള സമയ ഇടവേളകൾ ദഹനവ്യവസ്ഥയെയും പോഷക ആഗിരണത്തെയും എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്നെല്ലാം നോക്കാം.
'രാവിലെ പഴങ്ങൾ കഴിക്കും അതിനുശേഷം അരമണിക്കൂർ കഴിഞ്ഞ് ഇഡ്ഡലി കഴിക്കും എന്നായിരുന്നു മല്ലിക ഷെരാവത് അഭിമുഖത്തിൽ പറഞ്ഞത്. അതോടൊപ്പം ഇന്ത്യൻ വീടുകളിലെ പരമ്പരാഗത വിഭവമായ ദാൽ ചാവലിനോടുള്ള തന്റെ പ്രിയവും താരം പങ്കുവെക്കുകയുണ്ടായി. വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നതും അതിനുശേഷമുള്ള ഇടവേളയും ശരിക്കും ആവശ്യമാണോ എന്നാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.
മല്ലിക ഷെരാവത്തിന്റെ ഈ ഭക്ഷണശീലം പ്രഭാതഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിൽ തെറ്റില്ലെങ്കിലും, പഴങ്ങൾ കഴിച്ച ശേഷം 30 മിനിറ്റ് കാത്തിരിക്കുന്നത് ദഹനത്തിന് പ്രത്യേക ഗുണമൊന്നും നൽകുന്നില്ലെന്നാണ് പ്രമുഖ കൺസൾട്ടന്റ് ഡയറ്റീഷ്യനും സർട്ടിഫൈഡ് ഡയബറ്റിസ് എഡ്യൂക്കേറ്ററുമായ കനിക മൽഹോത്ര വ്യക്തമാക്കുന്നത്. ഒരു ഭക്ഷണ വിഭവത്തിന്റെ ഗുണം നിർണ്ണയിക്കുന്നത് കഴിക്കുന്ന സമയത്തിന്റെ ഇടവേളയല്ല, മറിച്ച് ആ ഭക്ഷണത്തിലുള്ള പോഷകങ്ങളുടെ ഘടനയാണ്. പ്രത്യേകിച്ച്, ആഹാരത്തിൽ അടങ്ങിയിരിക്കുന്ന നാരുകളുടെയും പ്രോട്ടീന്റെയും അളവാണ് പ്രധാനം.
മനുഷ്യന്റെ ആമാശയത്തിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡും ദഹനരസങ്ങളും എന്തിനെയും ദഹിപ്പിക്കാൻ തക്ക ശേഷിയുള്ളതാണ്.പഴങ്ങളും ഇഡ്ഡലിയും ഒരുമിച്ച് വയറ്റിലെത്തിയാലും ആമാശയത്തിന് അവയെ ഒരേസമയം ദഹിപ്പിക്കാൻ കഴിയും. ഇതിനായി പ്രത്യേകം സമയ ഇടവേളയുടെ ആവശ്യമില്ല. അതുകൊണ്ട് തന്നെ, 30 മിനിറ്റ് ഇടവേളയെടുത്തതിന് ശേഷം പ്രഭാതഭക്ഷണം കഴിക്കുന്നത് കൂടുതൽ ആരോഗ്യകരമാകുന്നില്ല.
രാവിലെ ഇഡ്ഡലി കഴിക്കുന്നതിന് മുൻപ് പഴങ്ങൾ കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ നാരുകൾ, ജലാംശം, വിറ്റാമിൻ സി എന്നിവ നൽകാൻ സഹായിക്കും.ദക്ഷിണേന്ത്യയിലെ പ്രധാന പ്രഭാതഭക്ഷണമായ ഇഡ്ഡലി അരിയും ഉഴുന്നും ചേർത്താണ് തയ്യാറാക്കുന്നത്. ഇത് ശരീരത്തിന് ആവശ്യമായ കാർബോഹൈഡ്രേറ്റ് നൽകുമെങ്കിലും, തനിയെ കഴിക്കുമ്പോൾ ആവശ്യത്തിന് നാരുകളോ പ്രോട്ടീനോ നൽകണമെന്നില്ല. എന്നാൽ, വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ ഇഡ്ഡലിയോടൊപ്പം അല്ലെങ്കിൽ അതിനുതൊട്ടുമുൻപ് കഴിക്കുമ്പോൾ, ഈ വിറ്റാമിൻ സി സസ്യഭക്ഷണത്തിലെ ഇരുമ്പിനെ ശരീരം എളുപ്പത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ഇതിന് അരമണിക്കൂർ ഇടവേളയുടെ ആവശ്യമില്ല; ഒരേസമയം കഴിച്ചാലും ഈ പോഷക ആഗിരണം നടക്കും.
ഒരു ശരാശരി വലുപ്പമുള്ള മൂന്ന് ഇഡ്ഡലിയിൽ നിന്ന് ഏകദേശം 6 മുതൽ 8 ഗ്രാം വരെ പ്രോട്ടീൻ മാത്രമാണ് ശരീരത്തിന് ലഭിക്കുന്നത്. ഇത് ഒരു മുതിർന്ന വ്യക്തിയുടെ പ്രഭാതഭക്ഷണത്തിന് ആവശ്യമായ പ്രോട്ടീൻ അളവിലും കുറവാണ്. അതിനാൽ ഇഡ്ഡലി മാത്രമായി കഴിക്കാതെ അതിന്റെ കൂടെ മറ്റു വിഭവങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടതുണ്ട്. പയറുവർഗ്ഗങ്ങളും ധാരാളം പച്ചക്കറികളും ചേർത്തുണ്ടാക്കുന്ന സാമ്പാർ ഇഡ്ഡലിയുടെ കൂടെ കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ നാരുകളും പ്രോട്ടീനും നൽകും. നിലക്കടല , തേങ്ങ, മറ്റ് അണ്ടിപ്പരിപ്പുകൾ എന്നിവ ചേർത്ത ചട്ണികളും തൈരും പ്രോട്ടീൻ അളവ് വർധിപ്പിക്കും. മാംസാഹാരം കഴിക്കുന്നവർക്ക് പ്രഭാതഭക്ഷണത്തിൽ ഒരു പുഴുങ്ങിയ മുട്ട കൂടി ഉൾപ്പെടുത്തുന്നത് പ്രോട്ടീൻ ലഭ്യത ഉറപ്പാക്കും.
അസിഡിറ്റി അല്ലെങ്കിൽ നെഞ്ചെരിച്ചിൽ ഉള്ളവർ രാവിലെ വെറും വയറ്റിൽ സിട്രസ് ഫലങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. ഇവ വയറ്റിൽ അസ്വസ്ഥത ഉണ്ടാക്കാം. ഇത്തരം ആളുകൾക്ക് വെറും വയറ്റിൽ കഴിക്കാൻ പപ്പായ അല്ലെങ്കിൽ നേന്ത്രപ്പഴം എന്നിവയാണ് അനുയോജ്യം. വെറും വയറ്റിൽ പഴങ്ങൾ കഴിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസ് നില പെട്ടെന്ന് ഉയരാൻ സാധ്യതയുണ്ട്.പ്രമേഹമുള്ളവർ ഒരു സമയം 100 മുതൽ 150 ഗ്രാം വരെ മാത്രമുള്ള ചെറിയ അളവിൽ പഴങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.പഴങ്ങൾ മാത്രം കഴിക്കാതെ കുറച്ച് ബദാമോ തൈരോ ഒപ്പം കഴിക്കുന്നത് രക്തത്തിലേക്ക് പഞ്ചസാര കലരുന്നതിന്റെ വേഗത കുറയ്ക്കും.
ഒരു ആപ്പിൾ മുഴുവനായി ചവച്ചരച്ച് കഴിക്കുമ്പോൾ അതിലെ നാരുകൾ നിലനിൽക്കുകയും ദഹനം സാവധാനത്തിലാവുകയും ചെയ്യുന്നു. എന്നാൽ ആപ്പിൾ ജ്യൂസ് അടിച്ച് കുടിക്കുമ്പോൾ നാരുകൾ നഷ്ടപ്പെടുകയും ദ്രവരൂപത്തിലുള്ള പഞ്ചസാര പെട്ടെന്ന് രക്തത്തിൽ കലരുകയും ചെയ്യുന്നു. ഇത് വിശപ്പ് വേഗത്തിൽ തിരികെയെത്താൻ കാരണമാകും.സ്മൂത്തികളും ഉണങ്ങിയ പഴങ്ങളും, അമിതമായി പഴുത്ത മാമ്പഴം, നേന്ത്രപ്പഴം എന്നിവയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വ്യത്യസ്തമായ രീതിയിലാണ് സ്വാധീനിക്കുന്നത്.
പ്രശസ്തരായ വ്യക്തികൾ പിന്തുടരുന്ന എല്ലാ രീതികളും ശാസ്ത്രീയമായി ശരിയാകണമെന്നില്ല. ഒരു വ്യക്തിയുടെ ശരീരപ്രകൃതി, ദിനചര്യ, അധ്വാനം എന്നിവ അനുസരിച്ചാണ് അവരുടെ ഭക്ഷണക്രമം നിശ്ചയിക്കപ്പെടുന്നത്. മല്ലിക ഷെരാവത്ത് പിന്തുടരുന്ന രീതി ആരോഗ്യകരമായ ഒന്നാണെങ്കിലും, പഴങ്ങൾ കഴിഞ്ഞ് 30 മിനിറ്റ് കഴിഞ്ഞേ ഇഡ്ഡലി കഴിക്കാവൂ എന്നതിന് ശാസ്ത്രീയ തെളിവുകളില്ല. പ്രഭാതഭക്ഷണം കഴിക്കുമ്പോൾ ആഹാരത്തിലെ പോഷകങ്ങളുടെ സന്തുലിതാവസ്ഥ ഉറപ്പാക്കുകയാണ് പ്രധാനം. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫൈബർ, ആവശ്യമായ കൊഴുപ്പ് എന്നിവ അടങ്ങിയ സമീകൃത ആഹാരമാണ് ആരോഗ്യകരമായ ഒരു ദിവസത്തിന് തുടക്കം കുറിക്കാൻ വേണ്ടത്. വ്യക്തിഗത ആരോഗ്യ പ്രശ്നങ്ങളുള്ളവർ ഡോക്ടറുടെയോ ന്യൂട്രീഷ്യനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഇത്തരം മാറ്റങ്ങൾ വരുത്തുന്നതാണ് ഉചിതം.
Content Highlights: Explore Mallika Sherawat's diet, focusing on her practice of eating fruits before idli and its impact on digestion and nutrient absorption.