എല്ലാ മതങ്ങളുടെയും അടിസ്ഥാനം ഒന്നാണെന്ന വലിയ സത്യമാണ് ഉപ്പ പകർന്നുതന്നത്- യൂസഫലി കേച്ചേരിയുടെ മകൾ

‘സ്വരരാഗ ഗംഗാപ്രവാഹമേ...’ കേച്ചേരിപ്പുഴയുടെ തീരത്തിരുന്ന് യൂസഫലി മനസ്സിൽ കുറിച്ചിട്ട കൃഷ്ണഗീതങ്ങളും ഭാവഗാനങ്ങളും നേർത്ത സ്ഥായിയിൽ അലയടിക്കുന്ന ഒരു കടയുണ്ട്, കോഴിക്കോട്ട്. അതിന്റെ നടത്തിപ്പുകാരി യൂസഫലി കേച്ചേരിയുടെ മകൾ ഹസീനയാണ്.
സംഗീതം ഇമ്പമേകുന്ന ‘ടോപ്പേഴ്സ്’ എന്ന ഈ ബുട്ടിക്ക് കോവൂരിലാണ്. മലയാളസാഹിത്യം പഠിക്കുകയും ഫാഷൻവസ്ത്രങ്ങളുടെ കച്ചവടക്കാരിയാവുകയും ചെയ്ത ഹസീന 30 വർഷമായി നഗരത്തിലുണ്ട്. ഫാഷൻ ഡിസൈനിങ്ങിലും ഫ്ളവർ അറേഞ്ച്‌മെന്റിലുമൊക്കെ ഹസീനയുടെ ഉള്ളിൽ സർഗാത്മകതയുടെ തിരികൊളുത്തിയത് കവിതന്നെയാണ്.
‘‘ചെറുപ്പത്തിലേ എന്റെ വസ്ത്രങ്ങൾ ഞാൻതന്നെ ഡിസൈൻ ചെയ്ത് അതുപോലെ തുന്നാൻ ടെയ്‌ലറുടെ അടുത്ത് കൊടുക്കുമായിരുന്നു. മുംബൈയിൽനിന്ന് ജയ്‌പ്പൂരിൽനിന്നുമൊക്കെ ഫാഷൻവസ്ത്രങ്ങൾ കൊണ്ടുവന്ന് കട തുടങ്ങിയത് ഉപ്പയുള്ളപ്പോൾത്തന്നെയാണ്. അഞ്ചുമക്കളിൽ ബിസിനസ്സുകാരിയായത് ഞാൻമാത്രം....’’ -ഹസീന പറയുന്നു.
ഹസീനയ്ക്ക് ഓർമവെച്ചനാൾമുതൽ ഉപ്പ പ്രശസ്തനാണ്. ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ് യൂസഫലിയുടെ ‘ആയിരം നാവുള്ള മൗനം’ എന്ന കവിതാസമാഹാരത്തിന് സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുന്നത്.
‘‘തൃശ്ശൂർ വിമലാകോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ ഈ പുസ്തകം എനിക്ക് പഠിക്കാനുണ്ടായിരുന്നു. കെ.പി. നാരായണപിഷാരടിയുടെ ശിഷ്യനായ ഉപ്പയ്ക്ക് സംസ്‌കൃതം നന്നായറിയാമായിരുന്നു. ഉപ്പയുടെ വായനശീലം ഞങ്ങൾക്കൊന്നും കിട്ടിയില്ല....” പ്രൊഫ. കെ.പി. ശങ്കരനും ഉപ്പയുംകൂടി എറണാകുളം മഹാരാജാസിൽ പി.ജി.ക്ക് ചേരാൻപോയ ഒരു കഥയുണ്ട്. ഉപ്പ നോക്കിയപ്പോൾ എം.എ.യ്ക്ക് പഠിക്കാനുള്ള സിലബസ് മുഴുവനും മൂപ്പര് വായിച്ചുകഴിഞ്ഞതാണ്. അങ്ങനെ അടുത്തുള്ള ലോ കോളേജിൽ പോയി ചേർന്നു ഉപ്പ. ഒരു കവിതയെഴുതിയാലും ഗാനമെഴുതിയാലുമൊക്കെ ഉപ്പ ആദ്യം ഞങ്ങളെ വായിച്ചുകേൾപ്പിച്ച് അതിന്റെ അർഥതലങ്ങളിലേക്ക് കൊണ്ടുപോകുമായിരുന്നു. അഹൈന്ദവം, ആലില, ഭസ്മക്കാവടി തുടങ്ങിയ കവിതകൾ ഇപ്പോഴും എനിക്ക് ഹൃദിസ്ഥമാണ്. കണ്ണിന് സുഖമില്ലാതായപ്പോൾ മനസ്സിൽ തോന്നുന്ന വരികൾ എന്നെക്കൊണ്ട് എഴുതിക്കുമായിരുന്നു. ഞങ്ങളാരും ഉപ്പയെപ്പോലെ അക്ഷരങ്ങളുടെ ലോകത്ത് എത്തിപ്പെട്ടില്ലെങ്കിലും നല്ല ആസ്വാദകരാണ്.
‘വൈശാഖ പൗർണമിയോ...’ എന്ന ഗാനം ഹസീനയ്ക്ക് ഏറെ ഇഷ്ടമാണ്. ഉപ്പയുടെ ‘സിന്ധൂരച്ചെപ്പ്’ മറക്കാനാവാത്ത സിനിമയാണ്. എല്ലാ മതങ്ങളുടെയും അടിസ്ഥാനം ഒന്നാണെന്ന വലിയൊരു സത്യമാണ് കുഞ്ഞുനാളിലേ ഉപ്പ ഞങ്ങൾക്ക് പകർന്നുതന്നത്. സഹിഷ്ണുതയുടെയും മൈത്രിയുടെയും ഗ്രാമദേശമാണ് കേച്ചേരി. ഉപ്പയുടെ ദർശനങ്ങൾ രൂപപ്പെടുത്തിയതും ആ നല്ല ദേശമാണ്. ഉപ്പ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് ഏഴുവർഷമായി. വർഷത്തിൽ രണ്ടുംമൂന്നുംതവണ കോഴിക്കോട്ടുവന്ന് എന്റെകൂടെ നിൽക്കുമായിരുന്നു. ഇവിടെ എം.ടി.യുമായി നല്ല സൗഹൃദമുണ്ടായിരുന്നു. എം.ടി.യുടെ ‘നീലത്താമര’ ഉപ്പയാണ് സംവിധാനം ചെയ്തത്. കോഴിക്കോട്ടെ സാഹിത്യകാരന്മാരുമായി എനിക്ക് വലിയ ബന്ധമൊന്നുമില്ല. ആകെ അറിയാവുന്നത് എം.ടി.യെയാണ്. ഭർത്താവ് അൻവർ കോഴിക്കോട് ബാറിൽ അഭിഭാഷകനാണ്. മകൻ ആദിൽ നിയമപഠനം കഴിഞ്ഞ് മംഗലാപുരത്താണ്. ‘സാമജസഞ്ചാരിണി... സരസീരുഹ വരദായിനി...’ മലയാളി നെഞ്ചേറ്റിയ ഈ ഗാനം ഒഴുകിയെത്തുമ്പോൾ കടയിൽ കവിയുടെ മകളെ ആരും തിരിച്ചറിയുന്നില്ല.
Content Highlights: yusufali kecheri daughter and entrepreneur haseena speaking