'നിങ്ങളുടെ ശരീരം ഞങ്ങളുടെ തിരഞ്ഞെടുപ്പ്'; ട്രംപിനെതിരേ സ്ത്രീകളുടെ 'മാറ്റ്ഗ ട്രെന്‍ഡ്'

മാറ്റ്ഗ വീഡിയോയില്‍ നിന്ന്‌
മാറ്റ്ഗ വീഡിയോയില്‍ നിന്ന്‌

അമേരിക്കയില്‍ രണ്ടാംവട്ടവും ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കെപ്പട്ടതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ് സ്ത്രീകളുടെ 'മാറ്റ്ഗ ട്രെന്‍ഡ്'. 'നിങ്ങളുടെ ശരീരം ഞങ്ങളുടെ തിരഞ്ഞെടുപ്പ്' എന്ന ടാഗ്‌ലൈനോടുകൂടിയാണ് മാറ്റ്ഗ മൂവ്‌മെന്റ് സജീവമാകുന്നത്. അമേരിക്കയില്‍ ഗര്‍ഭച്ഛിദ്ര അവകാശത്തെ പിന്തുണയ്ക്കുന്ന സ്ത്രീകളാണ് ട്രംപിന് എതിരായ ഈ മാറ്റ്ഗ ട്രെന്‍ഡില്‍ സജീവമാകുന്നത്. 

ട്രംപ് അധികാരത്തില്‍ വരുന്നത് ഗര്‍ഭച്ഛിദ്ര അവകാശത്തിന് തിരിച്ചടിയാവുമെന്ന സൂചന നല്‍കികൊണ്ടാണ് ഇപ്പോള്‍ മാറ്റ്ഗ മൂവ്‌മെന്റുമായി സ്ത്രീകള്‍ രംഗത്തെത്തിയത്. ഗര്‍ഭഛിദ്രം നിരോധനം രാജ്യവ്യാപകമായി നടപ്പാക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് മുൻപ് ട്രംപിന്റെ പ്രഖ്യാപനം. അധികാരത്തിൽ വന്ന സ്ഥിതിക്ക് ഗർഭഛിദ്രത്തിന് എതിരായി ട്രംപ് വീണ്ടും നിയമം കൊണ്ടുവന്നേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

പുരുഷന്‍മാര്‍ക്ക് കുടിക്കാന്‍ നല്‍കുന്ന ചായയിലോ വെള്ളത്തിലോ വിഷം കലര്‍ത്തുന്നതായുള്ള വീഡിയോയാണ് സ്ത്രീകള്‍ പങ്കുവെക്കുന്നത്. ഒരു ഗ്ലാസ് ചായയിലോ മറ്റെന്തെങ്കിലും വെള്ളത്തിലോ  വിഷം എന്ന് സങ്കൽപിച്ചുകൊണ്ട് എന്തെങ്കിലും വസ്തു കലര്‍ത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കുന്നതാണ് മാറ്റ്ഗ ട്രെന്‍ഡ്.

എക്‌സിലും ടിക്‌ടോക്കിലുമെല്ലാമാണ് ഇതിപ്പോൾ വൈറലാവുന്നത്. 'മേക്ക് അക്വാ ടെഫാന ഗ്രേറ്റ് എഗെയ്ന്‍' എന്നാണ് മാറ്റ്ഗയുടെ മുഴുവൻ പേര്.  ട്രംപിന്റെ 'മേക്ക് അമേരിക്ക ഗ്രൈറ്റ് എഗെയ്ന്‍' (മാഗ) കാമ്പയിനിനെയാണ് 'മാറ്റ്ഗ- മേക്ക് അക്വാ ടെഫാന ഗ്രൈറ്റ് എഗെയ്ന്‍' ആക്കി മാറ്റി കാമ്പയിൻ ആക്കിയിരിക്കുന്നത്. 'നിങ്ങളുടെ ശരീരം ഞങ്ങളുടെ തിരഞ്ഞെടുപ്പ്' എന്ന ടാഗ്‌ലൈനുമുണ്ട്.

ഉപദ്രവകാരികളായ പുരുഷന്‍മാരെ കൊലപ്പെടുത്താന്‍ 17-ാം നൂറ്റാണ്ടില്‍  ടൊഫാന എന്ന ഇറ്റാലിയന്‍ സ്ത്രീ ഉണ്ടാക്കിയ വിഷമാണ് 'അക്വ ടൊഫാന'. 600 പുരുഷന്‍മാരെയെങ്കിലും ഈ വിഷമുപയോഗിച്ച് കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. നിറമില്ലാത്തതാണ് ഈ രാസവസ്തു. ഇതുപയോഗിച്ച് ഒരാളെ വധിച്ചാൽ വിഷത്തിന്‍റെ സാന്നിധ്യം കണ്ടെത്താനാകില്ലെന്നും പറയപ്പെടുന്നു.

Content Highlights: A viral trend on social media, `Make Aqua Tofana Great Again` (MAGA)