വിലകൂടിയ ബെഡിനേക്കാൾ പൂച്ചകൾക്ക് പ്രിയം കാർഡ്‌ബോർഡ് പെട്ടികളോ?കാരണമിതാണ് -പഠനം

അരുമപൂച്ചയുള്ളവർക്ക് അറിയാം,വലിയ വിലകൊടുത്ത് വാങ്ങുന്ന മനോഹരമായ ബെഡ്ഡുകളെയും കളിപ്പാട്ടങ്ങളെയും പൂർണ്ണമായി അവഗണിച്ച്, വീട്ടിലെത്തുന്ന ഒരു നിസ്സാര കാർഡ്‌ബോർഡ് പെട്ടിക്കുള്ളിൽ ചുരുണ്ടുകൂടാൻ പൂച്ചകൾ താത്പര്യം കാണിക്കും. എന്തുകൊണ്ടാണ് പൂച്ചകൾ കാർഡ്‌ബോർഡ് ബോക്‌സുകളെ ഇത്രയധികം സ്‌നേഹിക്കുന്നത്? പൂച്ചപ്രേമികളുടെ ഈ സ്ഥിരം സംശയത്തിനുള്ള ഉത്തരമിതാണ്.
പൂച്ചകളെ വളർത്തുന്ന ഏതൊരാളും ജീവിതത്തിൽ ഒരിക്കലെങ്കിലും അഭിമുഖീകരിച്ചിട്ടുള്ളതാകും ഈ അവസ്ഥ. അരുമയ്ക്കായി ബെഡ്ഡോ മാറ്റോ നിങ്ങൾ അവർക്കായി വാങ്ങി വീട്ടിൽ കൊണ്ടുവരുന്നു. എന്നാൽ, പാക്കിംഗ് തുറന്ന വെറുമൊരു വെറും കാർഡ്‌ബോർഡ് പെട്ടിയിൽ പൂച്ച കയറി കിടക്കും. നിങ്ങൾ വാങ്ങിയ മെത്തയെ അവർ തിരിഞ്ഞുപോലും നോക്കുകയുമില്ല. പൂച്ചകളുടെ ഈ വിചിത്രമായ പെരുമാറ്റം കേവലം ഒരു തമാശയല്ല. മൃഗശാസ്ത്രജ്ഞരുടെയും മൃഗഡോക്ടർമാരുടെയും പഠനങ്ങൾ അനുസരിച്ച്, ഇതിന് പിന്നിൽ ഇവരുടെ പ്രാകൃതമായ ജീവശാസ്ത്രപരവും മാനസികവുമായ കാരണങ്ങളുണ്ട്.
പൂച്ചകളുടെ പൂർവ്വികരിൽ നിന്ന് പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെട്ടു വന്ന സ്വാഭാവികമായ ഒരു പ്രതിരോധ തന്ത്രമാണ് കാർഡ്‌ബോർഡ് പെട്ടികളോടുള്ള ഈ ആകർഷണം. കാട്ടിൽ ജീവിച്ചിരുന്ന കാലത്ത്, തങ്ങളേക്കാൾ വലിയ വേട്ട മൃഗങ്ങളിൽ നിന്ന് രക്ഷപ്പെടാനും, അതേസമയം ഇരകളെ കണ്ണിൽപ്പെടാതെ നിരീക്ഷിക്കാനും പൂച്ച കുടുംബത്തിലെ ജീവികൾ ചെറിയ ഒളിത്താവളങ്ങളാണ് (Enclosed spaces) തിരഞ്ഞെടുത്തിരുന്നത്.
ഒരു കാർഡ്‌ബോർഡ് പെട്ടിക്കുള്ളിൽ ഇരിക്കുമ്പോൾ പൂച്ചകൾക്ക് നാലുഭാഗത്തു നിന്നും സുരക്ഷിതത്വം അനുഭവപ്പെടുന്നു. പെട്ടിയുടെ മൂന്ന് വശങ്ങളും മൂടപ്പെട്ടിരിക്കുന്നതിനാൽ, അപ്രതീക്ഷിതമായി പിന്നിൽ നിന്നോ വശങ്ങളിൽ നിന്നോ ആരും തങ്ങളെ ആക്രമിക്കില്ലെന്ന ഉറപ്പ് അവർക്ക് ലഭിക്കുന്നു. മുന്നിലെ ചെറിയ തുറസ്സായ ഭാഗത്തിലൂടെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ അവർക്ക് സാധിക്കുകയും ചെയ്യും.
നെതർലാൻഡ്‌സിലെ ഒരു സർവകലാശാല പൂച്ചകളിൽ നടത്തിയ ഒരു പ്രശസ്തമായ പഠനം ഈ വസ്തുത അടിവരയിടുന്നുണ്ട്. ഷെൽട്ടറുകളിൽ എത്തുന്ന പുതിയ പൂച്ചകളിൽ ഒരു കൂട്ടത്തിന് കാർഡ്‌ബോർഡ് പെട്ടികൾ നൽകുകയും, മറുവിഭാഗത്തിന് അത് നൽകാതിരിക്കുകയും ചെയ്തു.
പെട്ടികൾ ലഭിച്ച പൂച്ചകൾ പുതിയ ചുറ്റുപാടുകളുമായി വളരെ വേഗത്തിൽ പൊരുത്തപ്പെടുകയും, അവരുടെ മാനസിക സമ്മർദ്ദത്തിന്റെ അളവ് ഗണ്യമായി കുറയുകയും ചെയ്തതായി ഗവേഷകർ കണ്ടെത്തി. പെട്ടികൾ ലഭിക്കാത്ത പൂച്ചകളിൽ ഭയവും ഉത്കണ്ഠയും കൂടുതൽ സമയത്തേക്ക് നിലനിന്നു. പുതിയ ആളുകളെയോ ചുറ്റുപാടുകളെയോ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ഒളിച്ചിരിക്കാനും മാനസിക ശാന്തത കൈവരിക്കാനും പൂച്ചകൾ കണ്ടെത്തുന്ന ഏറ്റവും വലിയ അഭയകേന്ദ്രമാണ് ഇത്തരം ബോക്‌സുകൾ.
പൂച്ചകളുടെ സ്വാഭാവിക ശരീരതാപനില മനുഷ്യരേക്കാൾ കൂടുതലാണ്. അതിനാൽ തന്നെ, തങ്ങളുടെ ശരീരത്തിലെ ചൂട് പുറത്തുപോകാതെ സുരക്ഷിതമായി നിലനിർത്താൻ അവ എപ്പോഴും ഊഷ്മളമായ അന്തരീക്ഷം ആഗ്രഹിക്കുന്നു.
പെട്ടിക്കുള്ളിൽ നിന്ന് പൂച്ചകൾക്ക് ആവശ്യമുള്ള സുഖകരമായ ചൂട് ലഭിക്കുകയും ചെയ്യുന്നു. സാധാരണ തറയിലോ വലിയ ബെഡ്ഡുകളിലോ കിടക്കുന്നതിനേക്കാൾ കൂടുതൽ ചൂട് കാർഡ്‌ബോർഡ് പെട്ടികൾ നൽകുന്നു എന്നതാണ് ഇതിന് കാരണം. പൂച്ചകൾക്ക് അവരുടേതായ ഒരിടം ആവശ്യമുള്ള സ്വഭാവമുണ്ട്. സ്വന്തം ഗന്ധം അടയാളപ്പെടുത്തി ആ പ്രദേശം തങ്ങളുടേതാണെന്ന് ഉറപ്പുവരുത്താൻ അവർ ആഗ്രഹിക്കുന്നു. പെട്ടികളുടെ പരുക്കൻ പ്രതലത്തിൽ തങ്ങളുടെ ശരീരവും മുഖവും ഉരസുന്നതിലൂടെ, കവിളിലെ ഫെറോമോൺ ഗ്രന്ഥികളിൽ നിന്നുള്ള പ്രത്യേക ഗന്ധം പെട്ടിയിൽ അടിയുകയും അത് അവരുടെ സ്വന്തം താവളമായി മാറുകയും ചെയ്യുന്നു.
Content Highlights: Cardboard boxes provide cats with a sense of security and protection from predators., Scientific studies show boxes help cats reduce stress in new environments., Boxes help cats maintain their body heat effectively., Cats use rough box surfaces to mark their territory using pheromones.