17-ാം വയസില്‍ രോഹിതിന്റെ കണ്ടെത്തല്‍, മോഡലായി വളര്‍ത്തി; 20 വര്‍ഷത്തിനിടെ ഇഞ്ചിഞ്ചായി കൊന്നത് ലളിതോ?

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ രോഹിത് ബല്‍ അന്തരിച്ചത്. ഡല്‍ഹിയിലെ അശോക് ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ദീപാവലിയുടെ തൊട്ടടടുത്ത ദിവസം അപ്രതീക്ഷിതമായുള്ള രോഹിതിന്റെ വിയോഗം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഞെട്ടലോടെയാണ് ഉള്‍ക്കൊണ്ടത്.
കശ്മീരില്‍നിന്നുള്ള 63-കാരനായ രോഹിത് ഇന്ത്യന്‍ വസ്ത്രങ്ങള്‍ ഫാന്റസിയുടെ സഹായത്തോടെ മോഡേണാക്കി മാറ്റുകയാണ് ചെയ്തത്. അതിലൂടെ കാലാതീതമായ ഡിസൈനുകളിലുള്ള ഔട്ട്ഫിറ്റുകള്‍ അവതരിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
ഫാഷന്‍ ലോകത്തിന് പുറത്ത് പ്രണയബന്ധങ്ങളുടെ പേരിലും രോഹിത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ലളിത് തെഹ്‌ലാനുമായുള്ള സൗഹൃദമായിരുന്നു ഏറെ ചര്‍ച്ചയായത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രോഹിതുമായുള്ള ചിത്രങ്ങള്‍ പലപ്പോഴും ലളിത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ രോഹിതിനെ ചേര്‍ത്തിപിടിച്ചുനില്‍ക്കുന്ന ചിത്രത്തിന് ലളിത് 'നീയും ഞാനും' എന്ന ക്യാപ്ഷനാണ് നല്‍കിയിരുന്നത്.
മോഡലെന്ന നിലയില്‍ ലളിതിനെ വളര്‍ത്തിയത് രോഹിത് ബലാണ്. ആദ്യമായി കണ്ടുമുട്ടുമ്പോള്‍ ലളിതിന് 17 വയസായിരുന്നു പ്രായം. അന്ന് ലളിതിന് മോഡലിങ് കരിയറില്‍ തിളങ്ങാനാകുമെന്ന് രോഹിത് തിരിച്ചറിഞ്ഞു. താന്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളുടെ മോഡലായി ലളിതിനെ രോഹിത് തിരഞ്ഞെടുത്തു. ഇതിനൊപ്പം ഇരുവരും തമ്മിലുള്ള സൗഹൃദവും വളര്‍ന്നു.
എന്നാല്‍, ഇരുവരുടേയും ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ വര്‍ഷം പുറത്തുവന്നത്. കഴിഞ്ഞ നവംബറില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ ഐ.സി.യുവിലായിരുന്നു രോഹിത്. ഇതിന് പിന്നാലെ ലളിതിനെതിരെ ഫാഷന്‍ ഡിസൈനറായ രോഹിത് ഗാന്ധി രംഗത്തെത്തിയിരുന്നു. രോഹിത് ബലിനെ ലളിത് ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നുവെന്നും രോഹിത് ബലിന്റെ ആരോഗ്യാവസ്ഥ മോശമാകാന്‍ കാരണം ലളിതാണെന്നുമായിരുന്നു രോഹിത് ഗാന്ധിയുടെ ആരോപണം.
ഇക്കാര്യം മാധ്യമങ്ങളോട് തുറന്നുപറഞ്ഞതിന് പിന്നാലെ ലളിത് തനിക്ക് ഭീഷണി സന്ദേശം അയച്ചുവെന്നും രോഹിത് ഗാന്ധി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രോഹിത് ഗാന്ധി ലളിതിനെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
രോഹിത് ഗാന്ധിയുടെ ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന രീതിയിലാണ് രോഹിത് ബലിന്റെ അടുത്ത സുഹൃത്തായ ജൂലി ഡെബ് പ്രതികരിച്ചത്. ഗുരുതരാവസ്ഥയില്‍ രോഹിത് ബല്‍ ആശുപത്രിയിലായിരിക്കുമ്പോള്‍ രോഹിതിന്റെ ജാഗ്വറുമായി ലളിത് ഗോവയില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയെന്നും ജൂലി ഡെബ് വെളിപ്പെടുത്തിയിരുന്നു. രോഹിത് ബലിന് മികച്ച ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ താനും രോഹിത് ഗാന്ധിയും ഇടപെട്ടതിന് പിന്നാലെ ലളിത് തെഹ്‌ലാന്‍ ഭീഷണി സന്ദേശം അയച്ചുവെന്നും തന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ജൂലി ഡെബ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി രോഹിത് ബലിനെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍നിന്ന് ലളിത് തെഹ്‌ലാന്‍ അകറ്റിനിര്‍ത്തുകയാണ്. ബലിന്റെ സ്വത്തില്‍ മാത്രമാണ് ലളിതിന് താത്പര്യമുള്ളത്. മദ്യാസക്തിയില്‍നിന്ന് രോഹിത് ബലിനെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ച സമയത്തെല്ലാം അദ്ദേഹത്തിന് വീണ്ടും ലളിത് മദ്യം പകര്‍ന്നുകൊടുത്തുവെന്നും ജൂലി ഡെബ് ആരോപിച്ചിരുന്നു.
എന്നാല്‍, ഇതെല്ലാം തള്ളിക്കളഞ്ഞ് ലളിതിന് പിന്തുണ നല്‍കുകയാണ് രോഹിത് ബല്‍ ചെയ്തത്. ലളിത് ദയാലുവാണെന്നും തനിക്ക് ഹൃദയാഘാതമുണ്ടായ സമയത്ത് ഒന്നും പ്രതീക്ഷിക്കാതെ ലളിത് തന്നെ പരിചരിച്ചുവെന്നും ബല്‍ അഭിമുഖത്തില്‍ പറഞ്ഞു.
1961 മേയ് എട്ടിന് ജമ്മു കശ്മീരിലായിരുന്നു രോഹിത് ബലിന്റെ ജനനം. ഡല്‍ഹി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയിലെ പഠനത്തിനു ശേഷമാണ് ഫാഷന്‍ രംഗത്തെത്തിയത്. ഡല്‍ഹി, മുംബൈ, ബെംഗളൂരു, അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ രോഹിത് ബാല്‍ ഫാഷന്‍ സ്റ്റോറുകള്‍ ആരംഭിച്ചു. ആഭരണങ്ങള്‍ രൂപകല്പന ചെയ്യുന്നതിലും ഇദ്ദേഹത്തിന് വൈദഗ്ധ്യമുണ്ടായിരുന്നു. അമേരിക്കന്‍ മോഡല്‍ സിണ്ടി ക്രോഫോര്‍ഡ്, ഹോളിവുഡ് നടിമാരായ പമേല ആന്‍ഡേഴ്സണ്‍, ഉമാ തുര്‍മാന്‍ എന്നിവര്‍ക്കടക്കം വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് നല്‍കിയിട്ടുണ്ട്.
Content Highlights: when model lalit tehlan was accused of slow poisoning rohit bal