പത്തുദിവസങ്ങൾക്കുശേഷം മുത്തശ്ശിയെ കണ്ട മുത്തച്ഛന്റെ സന്തോഷം; കൊറോണാ അനുഭവക്കുറിപ്പുമായി മിഥില

മിഥില മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം | Photo: instagram.com|p|CFy51ulh5J4|?utm_source=ig_embed
മിഥില മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം | Photo: instagram.com|p|CFy51ulh5J4|?utm_source=ig_embed

പുതിയ ശീലങ്ങളെ പഠിപ്പിച്ച കാലമാണിത്. പാൻഡെമിക് എന്ന വാക്കുപോലും അപരിചിതമായിരുന്നവർ ഇന്ന് കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ ശീലങ്ങളിൽ മാറ്റം വരുത്തിത്തുടങ്ങി. അഭിനേത്രി മിഥിലാ പാൽകറിനും സമാനമായ അനുഭവം പങ്കുവെക്കാനുണ്ട്. തന്റെ മുത്തച്ഛനെയും മുത്തശ്ശിയെയും കുറിച്ചാണ് മിഥിലയുടെ കുറിപ്പ്.

ഹ്യൂമൻസ് ഓഫ് ബോംബെ പേജിലൂടെയാണ് മിഥില കഥ പങ്കുവെക്കുന്നത്. കൊറോണ ബാധിച്ച മുത്തച്ഛനിൽ നിന്ന് മുത്തശ്ശിയും താനും മാറി നിന്നതും അറുപത്തിയഞ്ചു വർഷം പിരിയാതെ ജീവിച്ച അവരിലെ വിഷമം നേരിട്ടു കണ്ടതുമൊക്കെ കുറിക്കുകയാണ് മിഥില. പത്തുദിവസങ്ങൾക്കിപ്പുറം മുത്തശ്ശിയെ കണ്ടപ്പോൾ മുത്തച്ഛന്റെ സന്തോഷവും മിഥില പങ്കുവെക്കുന്നു.

മിഥിലയുടെ കുറിപ്പിലേക്ക്...

പാൻഡെമിക് എന്താണെന്ന് മുത്തച്ഛനോട് വിശദീകരിക്കാൻ ഞാൻ നന്നേ പാടുപെട്ടിരുന്നു. നീ എന്താണ് പുറത്തു പോകാത്തത്, എങ്ങനെയാണ് ജോലി ചെയ്യുക തുടങ്ങി നൂറോളം ചോദ്യങ്ങളുണ്ടായിരുന്നു. അങ്ങനെ നമ്മൾ ഇനി പുറത്തുപോകില്ലെന്നും ഒന്നിച്ചുണ്ടാകുമെന്നും ഞാൻ പറഞ്ഞു. കൂടുതൽ സമയം അദ്ദേഹത്തിനൊപ്പം ഉണ്ടാകുമല്ലോ എന്നോർത്ത് മുത്തച്ഛൻ സന്തുഷ്ടനായിരുന്നു. 

കഴിഞ്ഞ വർഷം ആരോ​ഗ്യം അൽപം മോശമായതിനെത്തുടർന്ന് മുത്തച്ഛൻ മിക്കപ്പോഴും നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിയിരുന്നു. പക്ഷേ ലോക്ഡൗണായതോടെ പ്രഭാതത്തിലെ പത്രവായനയും അമ്പലത്തിലെ ആരതിയും അയൽക്കാരുമായുള്ള സംഭാഷണങ്ങളുമൊക്കെ അവസാനിച്ചു. 

മുത്തച്ഛന് സഹായത്തിന് ഒരാളുണ്ടായിരുന്നു, മറ്റൊരാൾ മുത്തശ്ശിയെ സഹായിക്കാനും ഉണ്ടായിരുന്നു. അവരാരും പുറത്തിറങ്ങിയിരുന്നില്ല. രണ്ടാഴ്ച്ച കൂടുമ്പോൾ ഞാനാണ് പച്ചക്കറികൾ വാങ്ങിയിരുന്നത്. മുത്തച്ഛൻ 93 വയസ്സുള്ളയാളും ഡയബറ്റിക് രോഗിയുമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. അവരെ കെട്ടിപ്പിടിക്കുകയോ അടുക്കളയിലേക്ക് കടക്കുകയോ ഒന്നും ചെയ്തിരുന്നില്ല. പക്ഷേ എന്റെ മുത്തച്ഛനും മുത്തശ്ശിയും ആശങ്കാകുലരായിരുന്നു. അദ്ദേഹത്തോടൊപ്പം ചെസ് കളിക്കുകയും കുട്ടിക്കാലത്തെ കഥകൾ പറയുകയും ചെയ്ത് സജീവമായി നിലനിർത്തിയിരുന്നു. 

കുറച്ചാഴ്ച്ച മുമ്പ് ഞങ്ങളുടെ സഹായി മാർക്കറ്റിൽ പോവുകയും പിന്നാലെ പനി ബാധിക്കുകയും ചെയ്തു. അവരുടെ കോവിഡ് ഫലം വരുന്നതിനു മുമ്പേ മുത്തച്ഛനും പനിയായി. നിങ്ങളെ ഭയപ്പെടുത്തണമെന്നില്ല, പക്ഷേ ഇത് കോവിഡ് ആണെന്നു തോന്നുന്നു എന്നാണ് അദ്ദേഹത്തിന്റെ ഡോക്ടർ പറഞ്ഞത്. വൈകാതെ മുത്തച്ഛനും ഞങ്ങളുടെ സഹായിയും പോസിറ്റീവായി. 

മുത്തച്ഛൻ ശാന്തനായിരുന്നു. പക്ഷേ അദ്ദേഹത്തോട് ഞാനും മുത്തശ്ശിയും അമ്മായിയുടെ വീട്ടിലേക്കു മാറുകയാണെന്നു പറഞ്ഞപ്പോൾ അദ്ദേം തകർന്നുപോയി. കഴിഞ്ഞ അറുപത്തിയഞ്ചു വർഷമായി മുത്തച്ഛനും മുത്തശ്ശിയും പിരിഞ്ഞിരുന്നിട്ടേയില്ല. പക്ഷേ മുത്തശ്ശിയുടെ ആരോ​ഗ്യവും നോക്കണമല്ലോ, അങ്ങനെ മുത്തശ്ശിയെ ആശുപത്രിയിൽ കാണിക്കാനാണെന്നു പറഞ്ഞ് ഞങ്ങൾ അവിടെ നിന്ന് മാറി. 

പിന്നീടുള്ള പത്തുദിവസവും ദിവസം മൂന്നു നാലു തവണയെങ്കിലും വിളിച്ച് മുത്തശ്ശിക്ക് സുഖമല്ലേ എന്ന് ചോദിക്കും. എന്നാണ് വരുന്നതെന്നും. മുത്തശ്ശി ശക്തയായിരുന്നെങ്കിലും മുത്തച്ഛനെ കാണാൻ കാത്തിരിക്കുകയായിരുന്നു. അത്ഭുതമെന്നു പറയട്ടെ, പത്തുദിവസം കഴിഞ്ഞപ്പോൾ മുത്തച്ഛൻ നെ​ഗറ്റീവായി. മുത്തശ്ശിയും ഞാനും തിരികെ വന്നു. അദ്ദേഹം മുത്തശ്ശിക്കരികിലേക്ക് ഓടിവന്ന് പുഞ്ചിരിച്ച് വാത്സല്യത്തോടെ മുത്തശ്ശിയുടെ നിറുകയിൽ തൊട്ടു. 

റോളർ കോസ്റ്റർ റൈഡ് പോലെയായിരുന്നു ആ ദിനങ്ങൾ. ഞങ്ങൾ കൂടുതൽ സമയം ഒന്നിച്ചു ചിലവഴിച്ചു. കൂടുതൽ അടുത്തി. അവരുടെ നിശബ്ദതകളെ വായിക്കാൻ ഞാൻ പഠിച്ചു. അദ്ദേഹം എപ്പോഴും പറയും, സെഞ്ചുറിയെങ്കിലും താൻ തികയ്ക്കും, ഉടനൊന്നും നിങ്ങളെ വിട്ടുപോവില്ല എന്ന്. 

Content Highlights: When Mithila Palkar's 93-Year-Old Grandfather Got COVID-19 

Content Highlights: