കണ്ണെഴുതി ലിപ്സ്റ്റിക് ഇട്ട് ചമഞ്ഞ് ഫോട്ടോ ഇടുന്നത് എന്ത് മോശമാണ് എന്നു പറയുന്നവരോട്- തനൂജ ഭട്ടതിരി

തനൂജ ഭട്ടതിരി | Photo: facebook.com|thanujabhattathiri
തനൂജ ഭട്ടതിരി | Photo: facebook.com|thanujabhattathiri

സൈബര്‍ ബുള്ളിയിങ്ങിന് ഏറ്റവുമധികം ഇരകളാകുന്നത് സ്ത്രീകളാണ്. രാഷ്ട്രീയത്തിന്റെയും നിലപാടുകളുടെയും എന്തിനധികം സമൂഹമാധ്യമത്തില്‍ പങ്കുവെക്കുന്ന ചിത്രങ്ങളുടെ പേരില്‍ പോലും ക്രൂരവിമര്‍ശനങ്ങള്‍ക്കിരയാകുന്നവരുണ്ട്. ഇനി നാല്‍പതുകളിലുള്ള, സമൂഹമാധ്യമത്തില്‍ സ്ഥിരമായി ചിത്രങ്ങള്‍ പങ്കുവെക്കുന്ന സ്ത്രീകളാണെങ്കില്‍ കേള്‍ക്കുന്നത് മറ്റുപലതുമായിരിക്കും. അതൊന്നും ഗൗനിക്കേണ്ട കാര്യമില്ലെന്നും ഫോട്ടോ പങ്കുവെക്കുന്നതും ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണെന്നും പറയുകയാണ് എഴുത്തുകാരി തനൂജ ഭട്ടതിരി. വിവേചനത്തിനെതിരെയുള്ള യുദ്ധമാണ് ഇതെന്നും ഫോട്ടോകള്‍ പങ്കുവെക്കുമ്പോള്‍ അസഹിഷ്ണുത കാണിക്കുന്നവരെ നേരിടേണ്ടതെങ്ങനെയാണെന്ന് പങ്കുവെക്കുകയാണ് തനൂജ. 

ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അണിഞ്ഞൊരുങ്ങിയുള്ള ചിത്രങ്ങള്‍ പങ്കുവെക്കുമ്പോള്‍ കേള്‍ക്കാറുള്ള സ്ഥിരം കമന്റുകളെക്കുറിച്ച് തനൂജ പങ്കുവെക്കുന്നത്. ആത്മവിശ്വാസത്തോടെ വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി ഇഷ്ടമുള്ള രീതിയില്‍ ചിത്രങ്ങള്‍ പങ്കുവെക്കാന്‍ പറയുകയാണ് തനൂജ കുറിപ്പിലൂടെ. നിരവധി പേരാണ് തനൂജയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

കുറിപ്പിലേക്ക്...

നാല്പത് വയസ്സെങ്കിലും മിനിമം കഴിഞ്ഞ, എഫ്ബിയില്‍ ഫോട്ടോസ് സ്ഥിരമായി ഇടാറുള്ള സ്ത്രീകള്‍ വായിക്കാന്‍. 
കൂട്ടുകാരേ,
എന്റെ ചില കൂട്ടുകാര്‍ ഇവിടെ ഫോട്ടോസ് ഇട്ടപ്പോഴുണ്ടായ  അനുഭവങ്ങളൊക്കെ എഴുതിയത് വായിച്ചിരുന്നു.
സ്ഥിരമായി ധാരാളം ഫോട്ടോകള്‍ ഇടാറുള്ള ആളാണ് ഞാന്‍ എന്നു ഇവിടെയുള്ള എന്റെ കൂട്ടുകാര്‍ക്കറിയാം.
അതിന്റെ അനുഭവത്തില്‍ ചില കാര്യങ്ങള്‍ ഞാനും പറയുന്നു.
സ്ത്രീകള്‍ ഫോട്ടോ ഇടുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. 
നമ്മള്‍ ഒരു യുദ്ധത്തിലുമാണ്.  വിവേചനത്തിനെതിരെയുള്ള യുദ്ധം. 
പുരുഷന്മാര്‍ എന്ത് ചെയ്താലും ആര്‍ക്കും ഒരു പ്രശ്‌നവുമില്ല !ചെറുപ്പക്കാരികള്‍ ഫോട്ടോസ് ഇട്ടാലും ഒരു പരിധിവരെ സഹിക്കും. 
വീട്ടമ്മമാര്‍, പ്രതേകിച്ചു ഇരുത്തം വന്ന സ്ത്രീകള്‍,  അതായത് പ്രായം ഏറിയ സ്ത്രീകള്‍, ഫോട്ടോകള്‍ ഇടുന്നത് എന്തിനു വേണ്ടിയിട്ടാണ്?? 
ആരെ ആകര്‍ഷിക്കാനാണ് അവര്‍ ചാഞ്ഞും ചരിഞ്ഞും നില്‍ക്കുന്ന ഫോട്ടോകള്‍ ഇടുന്നത്. ? 
കണ്ണ് എഴുതി ലിപ്സ്റ്റിക് ഇട്ട് ഒരുങ്ങി ചമഞ്ഞ് ഇവര്‍ ഫോട്ടോ ഇടുന്നത് എന്ത് മോശമാണ്
 പ്രായമായാല്‍ പ്രായമായെന്ന് സമതിക്കണം! ചെറുപ്പക്കാരിയാണെന്നാണ് ഭാവം!
ഫോട്ടോ എഡിറ്റ് ചെയ്യുന്നതാണ്,  അല്ലാതെ ഈ വയസ്സില്‍ ഇങ്ങനെയിരിക്കില്ലല്ലോ! 
സത്യം,പറഞ്ഞാല്‍ ഇവറ്റകളെ കാണാനൊന്നും ഒരു ഭംഗീമില്ല ചുമ്മാ മേക്കപ്പാണ് !
 പ്രായമായ കോപ്ലക്‌സ് കൊണ്ട് ചെറുപ്പക്കാരിയാവാന്‍ ശ്രമിച്ച് ഫോട്ടോ ഇടുന്നതാണ്.
 വല്ല ചെറുപ്പക്കാരേം സംഘടിപ്പിക്കാനാണ് പുറപ്പാട്. 
തള്ളച്ചി, തള്ള, എന്നൊക്കെയെ ഇവരെയൊക്കെ കുറിച്ച് മറ്റുള്ളവരോട് പറയാവൂ.
അമ്മുമ്മ വല്യമ്മ ഈ പേരൊക്കെയാ ചേരുക!
കൊച്ചു പിള്ളേരെ പോലെ ശൃംഗരിക്കും !
ഇങനെ  സംസാരം നീളും!
 കൂട്ടുകാരേ,
 നിങള്‍ എന്ത് സുന്ദരിയാ...എന്ത് ചെറുപ്പമായിരിക്കുന്നു എന്ന് കുറച്ചു പേര്‍ പറഞ്ഞാല്‍ അതിഷ്ടപ്പെട്ടോളൂ,  പക്ഷേ പൂര്‍ണമായി വിശ്വസിക്കണ്ട !
എന്തെന്നാല്‍ കാലം എന്നത് കാലം തന്നെയാണ്. സമയം എന്നത് സമയവും. ചെറുപ്പം പോലെ തോന്നാം. പക്ഷേ അവിടെ 'പോലെ'യുണ്ട്. 
മനസ്സും ശരീരവും വൃത്തിയായി ഭംഗിയായി സൂക്ഷിക്കുന്ന ആര്‍ക്കും ഭംഗിയുണ്ടാവും. 
പലപ്പോഴും സ്ത്രീകള്‍ തന്നെയാണ്  ഇത്തരം വിമര്‍ശനങള്‍ പറയുക. 
ചെറുപ്പക്കാരോട് ഇടപെട്ടാല്‍ ഇപ്പോള്‍ അവര്‍ക്ക് ചെറുപ്പക്കാരിലാണ് കമ്പം എന്നു പറയും. 
പ്രായമായവരോട് സൗഹൃദമുണ്ടായാല്‍ മൂത്തുനരച്ചവരെയാണിഷ്ടം എന്നു പറയും. 
ഇനി സ്ത്രീകള്‍ ആണ് കൂട്ടുകാര്‍ എങ്കില്‍ സംശയമില്ല ലെസ്ബിയന്‍ തന്നെ.
ഇങ്ങനെ ലൈംഗീകത എന്ന തൊഴുത്തില്‍ ഓരോ സ്വതന്ത്ര സ്ത്രീയെയും കെട്ടാതെ പുരുഷാധിപത്യ സമൂഹത്തിന് സമാധാനമുണ്ടാകില്ല. 

നാല്പത് വയസ്സെങ്കിലും മിനിമം കഴിഞ്ഞ, എഫ്ബിയിൽ ഫോട്ടോസ് സ്ഥിരമായി ഇടാറുള്ള സ്ത്രീകൾ വായിക്കാൻ. കൂട്ടുകാരേ, എന്റെ ചില...

Posted by Thanuja Bhattathiri on Saturday, September 19, 2020

ഫോട്ടോകള്‍ നിരന്തരം ഇടുന്നതെന്തിനാണ്? മടുക്കില്ലേ? 
ഇല്ല,  എനിക്ക് മടുക്കാത്ത  ഒരു കാര്യം എന്റെ മുഖമാണ്.
 എന്റെ മുഖം,  എന്റെ ഫോണ്‍,  എന്റെ ക്യാമറ, എന്റെ ടൈം ലൈന്‍.
 സീരിയസായിരിക്കേണ്ടയാളല്ലേ? ഫോട്ടോ?? 
 സീരായസാവേണ്ട സമയം, കൃത്യമായി സീരിയസാവാന്‍ അറിയാം!!
ഒന്നുമില്ലെങ്കില്‍ ഇടക്കിടക്ക് ഭര്‍ത്താവിന്റെയും മക്കളുടെയും ഉള്‍പ്പെടെ കുടുംബ ഫോട്ടോകള്‍ ഇട്ടൂടെ ? 
ഇതിനുമറുപടി ചുള്ളിക്കാടന്‍ ഉത്തരം.
 കുടുംബ ഫോട്ടോ കണ്ടില്ലേല്‍ ആസ്ത്രീയുടെ ജീവിതത്തെക്കുറിച്ച് കുറച്ചേറെ പറയാനുണ്ട് ചിലര്‍ക്ക്.
 തള്ളച്ചിയാണ്,  ഒരു പക്ഷേ ഓഞ്ഞ തള്ളമാര്‍! 
പക്ഷേ ഈ പ്രായത്തില്‍,  ഈ ആറ്റിറ്റൂഡില്‍ കുറച്ചു പേര്‍ ഇവിടെയുള്ളത് കൊണ്ട് ഇങ്ങനെയൊക്കെ  കളിയാക്കുന്ന കുറേ പേര്‍ക്ക് ആറ്റിറ്റിയൂഡ് നിലനിര്‍ത്താന്‍ ഒരു പ്രചോദനമാവും, അത് പോരെ ? 
ശരിക്കും പറഞ്ഞാല്‍ തള്ള എന്നും അമ്മച്ചി എന്നും കെളവി എന്നും ഒക്കെ കേള്‍ക്കുമ്പോഴാണ് എന്നിലെ യുവത്വം തിളക്കുന്നത്. 
എന്ന് ഫോട്ടോകള്‍ ഇടണ്ട എന്ന് നമ്മള്‍ തീരുമാനിക്കുന്നുവോ അന്ന് വരെ നമ്മള്‍ ഫോട്ടോ ഇടും. 
എന്ന് ഇടണ്ട എന്നു തോന്നുന്നു ,  അന്ന് ഏത് കൊലക്കൊമ്പത്തി/കൊലക്കൊമ്പന്‍ വന്നു പറഞ്ഞാലും നമ്മള്‍ ഇടില്ല
 നമ്മുടെ മുഖം,  നമ്മുടെ സ്ഥലം,  നമ്മുടെ രാഷ്ട്രീയം,  നമ്മുടെ ശരി. ഓക്കെയല്ലേ കൂട്ടുകാരേ?

Content Highlights: thanooja bhattathiri facebook post on women sharing photos in forties

Content Highlights: