80 വര്‍ഷമായി US-ല്‍ ഒറ്റയ്ക്ക്, ട്രംപ് ആരാധകൻ, മലയാളികളെ അടുപ്പിക്കില്ല; 106 വയസുള്ള തിരുവല്ലക്കാരൻ

ഡൊണാള്‍ഡ് ട്രംപ് - photo: afp | തമ്പി ആന്റണി (ഫയല്‍ ചിത്രം)
ഡൊണാള്‍ഡ് ട്രംപ് - photo: afp | തമ്പി ആന്റണി (ഫയല്‍ ചിത്രം)

80 വര്‍ഷത്തിലേറെയായി അമേരിക്കയിലെ പിറ്റ്‌സ്‌ബെര്‍ഗിലെ ഒരു നദീതീരത്ത് ഒറ്റയ്ക്ക് താമസിക്കുന്ന ഒരു തിരുവല്ലാക്കാരനുണ്ട്. മലയാളികളുമായി ഒരുതരത്തിലുള്ള ബന്ധവും പുലര്‍ത്താതെ ജീവിക്കുന്ന അവിവാഹിതനായ അമേരിക്കന്‍ മലയാളി. രണ്ടാഴ്ചമുമ്പ് കൂട്ടുകാര്‍ ചേര്‍ന്ന് 106-ാം ജന്മദിനം ആഘോഷിച്ച കക്ഷിയെക്കുറിച്ച് അമേരിക്കയിലെ മലയാളികള്‍ക്ക് പോലും വല്യപിടിയില്ല. കേള്‍വിയിലെ ഈ കൗതുകം കാരണം കക്ഷിയെ വിളിച്ച് സംസാരിച്ച അനുഭവം പങ്കുവെക്കുകയാണ് നടനും ബാബു ആന്റണിയുടെ സഹോദരനുമായ തമ്പി ആന്റണി. 

സ്വകാര്യത സൂക്ഷിക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന ആളായതുകൊണ്ടുതന്നെ തമ്പിയും നമ്മുടെ കഥാനായകന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. പകരം അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ ലഭിച്ച കൗതുകം നിറഞ്ഞ കാര്യങ്ങളാണ് തമ്പി തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. മലയാളികളായ ബന്ധുക്കളോ സുഹൃത്തുക്കളോ ആരുമില്ലാത്ത ഇദ്ദേഹം വെള്ളക്കാരായ സുഹൃത്തുക്കളുടെ മക്കളും കൊച്ചുമക്കളുമായിട്ടൊക്കെയാണ് ചങ്ങാത്തം. താമസവും ഇപ്പോഴും ഒറ്റയ്ക്കുതന്നെ.

ലോകരാഷ്ട്രീയത്തെക്കുറിച്ചും ഐഫോണ്‍ 16 ഫീച്ചറുകളടക്കം ഏറ്റവും പുതിയ ടെക്‌നോളജിയെക്കുറിച്ചുമൊക്കെ എല്ലാം അറിയാം പുള്ളിക്ക്. കമലയേക്കാള്‍ ട്രംപ് അധികാരത്തില്‍ എത്തുന്നതാണ് അമേരിക്കയ്ക്ക് നല്ലത് എന്ന അഭിപ്രായക്കാരന്‍ കൂടിയാണ് കക്ഷി. അവിവാഹിതന്‍, മിതമായ ഭക്ഷണം, മിതമായ ആള്‍ക്കഹോള്‍, പുകവലി ഇല്ലേയില്ല. എന്നും കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വിസ്‌കി, അതും പച്ചമുട്ട ഉടച്ച് ഗ്ലാസില്‍ ഒഴിച്ച് കലക്കി കുടിക്കും. അപ്പൂപ്പന്റെ ദീര്‍ഘായുസിന്റെ കാരണം തേടി മറ്റെവിടെയും പോകേണ്ടെന്നും മലയാളികളില്‍ നിന്ന് മാറി നടന്നാല്‍ത്തന്നെ ആയുസ് കൂടിക്കിട്ടുമെന്നും നീളുന്നു പോസ്റ്റിന്റെ കമന്റുകള്‍. 

Content Highlights: thampy antony shares fb post about mysterious malayali in america