തായ് നടന്റെ ഹൃദയം കീഴടക്കി ഹോട്ടൽ ജീവനക്കാരി ; വൈറലായി ഇന്ത്യൻ പെൺകുട്ടി

ചെങ് ചാങ് ഫാനും ഇന്ത്യന്‍ യുവതിയും|photo:instagram.com/chengchangfan/
ചെങ് ചാങ് ഫാനും ഇന്ത്യന്‍ യുവതിയും|photo:instagram.com/chengchangfan/

ഒരു വർഷം മുൻപ് ഇന്ത്യയിലെത്തിയപ്പോൾ ഹോട്ടൽ ജീവനക്കാരി നൽകിയ സ്വീകരണത്തിൽ തുടങ്ങിയ സൗഹൃദം ഒരു മനോഹര പ്രണയകഥയായി മാറുമോ? തായ് നടനും മോഡലുമായ ചെങ് ചാങ് ഫാനും ഒരു ഇന്ത്യൻ യുവതിയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചുള്ള കഥയങ്ങനെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ് ഈ പ്രണയകഥ.

ഹോട്ടൽ സ്വീകരണത്തിൽ നിന്ന് തുടങ്ങിയ അപൂർവ്വ പ്രണയം

ഇതിന്റെയെല്ലാം തുടക്കം 2025-ലാണ്. ഇന്ത്യയിലെ ഒരു ഹോട്ടലിൽ എത്തിയ ചെങ് ചാങ് ഫാനിന് ആരതിയുഴിഞ്ഞും തിലകം ചാർത്തിയും സ്വീകരണം നൽകിയ ഹോട്ടൽ ജീവനക്കാരിയായ യുവതിയുമായുള്ള ചിത്രങ്ങളും വീഡിയോകളുമാണ് അന്ന് ആദ്യം വൈറലായത്. വളരെ ലളിതവും ഊഷ്മളവുമായ ആ കൂടിക്കാഴ്ചയിൽ താരം ആ യുവതിയോട് കാണിച്ച പ്രത്യേക അടുപ്പവും അവർക്കിടയിലെ 'കെമിസ്ട്രി'യും സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

ഒരു വർഷത്തിന് ശേഷം, ആ കഥയിലെ പുതിയ അധ്യായം തുറന്നിരിക്കുകയാണ് താരം. തന്നെ സ്വീകരിച്ച അതേ ഇന്ത്യൻ യുവതിയെ ലോകത്തിന്റെ മറുതലയ്ക്കൽ നിന്ന് താൻ സ്വന്തം കൈകളിലേക്ക് ചേർത്തുപിടിച്ചുവെന്ന് വ്യക്തമാക്കുന്ന പുതിയ വീഡിയോകളും ചിത്രങ്ങളുമാണ് ചെങ് ചാങ് ഫാൻ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. 'ലോകത്തിന്റെ മറുഭാഗത്ത് നിന്ന് അവളെ ഞാൻ എന്റെ കൈകളിലേക്ക് പറത്തിക്കൊണ്ടുവന്നു' (And just like that... I flew her across the world, straight into my arms) എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയിൽ യുവതിയെ താരം കെട്ടിപ്പിടിക്കുകയും വട്ടത്തിൽ കറക്കുകയും ചെയ്യുന്നത് കാണാം.

വീഡിയോകൾക്ക് പുറമെ ഇന്ത്യൻ സ്ത്രീകളുടെ സൗന്ദര്യത്തെയും സങ്കൽപ്പങ്ങളെയും കുറിച്ച് വികാരഭരിതമായ ഒരു കുറിപ്പും ചെങ് ചാങ് ഫാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

'ഇന്ത്യൻ സ്ത്രീകളുടെ ഏറ്റവും മനോഹരമായ കാര്യം നിങ്ങൾ കാണുന്നതല്ല, മറിച്ച് നിങ്ങൾക്ക് അനുഭവപ്പെടുന്നതാണ്. അവർ ആഴത്തിൽ സ്‌നേഹിക്കുകയും കരുതൽ കാണിക്കുകയും ചെയ്യുന്നു, പൂർണ്ണഹൃദയത്തോടെ ചിരിക്കുന്നു. ശക്തരാകാൻ ആവശ്യപ്പെടുന്ന ഈ ലോകത്ത് അവർ തങ്ങളുടെ മൃദുത്വം കാത്തുസൂക്ഷിക്കുന്നു. അപരിചിതരെപ്പോലും സ്വന്തമായി തോന്നിപ്പിക്കുന്ന ഒരു ഊഷ്മളതയും ലോകത്തിന്റെ ഭാരങ്ങളൊന്നും ബാധിക്കാത്ത ഒരു വെളിച്ചവും അവരിലുണ്ട്.' ആദ്യമായി ആ ഹോട്ടലിലേക്ക് നടന്നു കയറിയ ദിവസം തന്നെ ആ യുവതിയുടെ കണ്ണുകളിലെ തിളക്കം താൻ അനുഭവിച്ചറിഞ്ഞുവെന്നും, ജീവിതത്തിൽ ആദ്യമായി ദൈവം തന്റെ ഭാഗത്താണെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേർത്തു. കുറിപ്പ് അവസാനിപ്പിച്ചത് 'ധന്യവാദ്, ഭാരത്' എന്ന് ഹിന്ദിയിൽ കുറിച്ചുകൊണ്ടായിരുന്നു.

തായ്വാനിലെ തായ്പേയ് സ്വദേശിയായ ചെങ് ചാങ് ഫാൻ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ മോഡലും നടനുമാണ്. ലണ്ടൻ യൂണിവേഴ്‌സിറ്റി ഓഫ് ദി ആർട്‌സിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം ഫാഷൻ ലോകത്ത് സജീവമാണ്. ഡിഓർ, ഹ്യൂഗോ ബോസ്, ബർബെറി തുടങ്ങിയ പ്രമുഖ ആഗോള ബ്രാൻഡുകളുടെ പരസ്യങ്ങളിലും റാമ്പുകളിലും താരം തിളങ്ങിയിട്ടുണ്ട്. 2020-ൽ പുറത്തിറങ്ങിയ 'ക്രേവിങ് യു' എന്ന ഹിറ്റ് വെബ് സീരീസിലെ 'ക്യാൻ'  എന്ന കഥാപാത്രത്തിലൂടെയാണ് നടൻ എന്ന നിലയിൽ താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. 2022-ൽ 'എയ്ന്റ് നത്തിങ്' എന്ന സോളോ മ്യൂസിക് സിംഗിളും പുറത്തിറക്കിയിട്ടുണ്ട്. ഇതുകൂടാതെ തായ്പേയിൽ 'ചെങ് ആൻഡ് മാച്ച് എക്‌സോട്ടിക് ഫ്‌ലോറിസ്റ്റ്' (Cheng & Mach Exotic Florist) എന്ന സ്വന്തം ഫ്‌ളവർ ബുട്ടീക്കും അദ്ദേഹം നടത്തുന്നുണ്ട്. രണ്ടുപേരും പ്രണയത്തിലാണെന്ന കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ചെങ് ചാങ് ഫാനിന്റെ ചിത്രങ്ങളും വാക്കുകളും സോഷ്യൽ മീഡിയയിലെ പ്രണയകഥകൾക്ക് കൂടുതൽ ആക്കം കൂട്ടിയിരിക്കുകയാണ്.

Content Highlights: Taiwanese actor and model Cheng Chang-fan went viral for his romance with an Indian hotel employee., Their initial meeting in 2025 featured a traditional Indian welcome with Aarti and Tilak., Cheng recently shared a video flying her across the world into his arms, fueling relationship rumors., The actor praised Indian women for their deep love, care, and warmth in a heartfelt social media post.