വിവാഹത്തിന് മുൻപ് ഐവിഎഫ് ചികിത്സ, രണ്ടുവട്ടം പരാജയപ്പെട്ടു; മനസ്സുതുറന്ന് സ്വര ഭാസ്‌കർ

#ലൈഫ്സ്റ്റൈൽ ഡെസ്ക്
സ്വര ഭാസ്‌കര്‍, ഫഹദ് അഹമ്മദ് | photo: instagram/@reallyswara, twitter/ @htcity
സ്വര ഭാസ്‌കര്‍, ഫഹദ് അഹമ്മദ് | photo: instagram/@reallyswara, twitter/ @htcity

സിനിമാഭിനയത്തോടൊപ്പം കൃത്യമായ രാഷ്ട്രീയ-സാമൂഹിക നിലപാടുകൾ കൊണ്ടും പ്രേക്ഷകർക്ക് പ്രിയങ്കരിയായ ബോളിവുഡ് നടി സ്വര ഭാസ്‌കർ തന്റെ ജീവിതത്തിലെ ഏറ്റവും സ്വകാര്യവും വൈകാരികവുമായ നിമിഷങ്ങളെക്കുറിച്ച് മനസ്സ് തുറക്കുന്നു. സമാജ്വാദി പാർട്ടി നേതാവും യുവജന നേതാവുമായ ഫഹദ് അഹമ്മദുമായുള്ള വിവാഹത്തിന് മുൻപ് സിംഗിൾ മദർ ആകാനുള്ള തന്റെ ശ്രമങ്ങളെക്കുറിച്ചും, രണ്ടുതവണ നേരിടേണ്ടി വന്ന ഐ.വി.എഫ് പരാജയങ്ങളെക്കുറിച്ചും താരം പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

വിവാഹം കഴിക്കാതെ തന്നെ ഒരു കുഞ്ഞിന് ജന്മം നൽകുകയോ ദത്തെടുക്കുകയോ ചെയ്യുക എന്ന ആശയത്തിലേക്ക് എത്തിയത് തന്റെ മുപ്പതുകളുടെ മധ്യത്തിലാണെന്ന് സ്വര ഭാസ്‌കർ ഓർത്തെടുക്കുന്നു. സിംഗിൾ മദർ ആകാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് മാതാപിതാക്കളോട് സംസാരിച്ചു. അത് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് പറഞ്ഞ അവർ പക്ഷെ സ്വരയുടെ തീരുമാനത്തിന് സമ്മതം മൂളി. ഐ.വി.എഫ് ചികിത്സാസമയത്ത് കഠിനമായ ശാരീരിക-മാനസിക പ്രയാസങ്ങളാണ് ഇവർക്ക് നേരിടേണ്ടി വന്നത്.

ഇൻജക്ഷനുകളും കടുത്ത ഹോർമോൺ ചികിത്സകളും അടങ്ങിയ രണ്ട് ഐ.വി.എഫ് സൈക്കിളുകൾ പൂർത്തിയാക്കിയെങ്കിലും രണ്ടും പരാജയത്തിൽ കലാശിച്ചുവെന്ന് സ്വര പറയുന്നു. ഹോർമോൺ ഇൻജക്ഷനുകൾ കാരണം ശരീരം തടിക്കുകയും മാനസികമായി വലിയ തകർച്ച നേരിടുകയും ചെയ്തു. ശരീരം ഈ ചികിത്സകളോട് അനുകൂലമായി പ്രതികരിക്കാത്ത സാഹചര്യം വന്നതോടെ ഐ.വി.എഫ് പരീക്ഷണം അവസാനിപ്പിക്കാൻ സ്വര നിർബന്ധിതയായി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾക്കിടയിലാണ് സ്വര ഫഹദ് അഹമ്മദുമായി അടുക്കുന്നത്. പ്രണയത്തിലായ ഇരുവരും 2023 ഫെബ്രുവരിയിൽ രജിസ്റ്റർ വിവാഹം ചെയ്തു. 2023 സെപ്റ്റംബറിൽ ഇവർക്ക് റാബിയ എന്ന പെൺകുഞ്ഞ് ജനിച്ചു.