ഒരു കോടി രൂപയുടെ കടംവീട്ടാൻ വേറെ മാർഗമുണ്ടായില്ല; സി-ഗ്രേഡ് സിനിമകളിൽ അഭിനയിക്കേണ്ടി വന്നു: സുസ്മിത പറയുന്നു

#ലൈഫ്സ്റ്റൈൽ ഡെസ്ക്
സുസ്മിത മുഖര്‍ജി | Photo:Instagram/susmita_mukherjeeofficial
സുസ്മിത മുഖര്‍ജി | Photo:Instagram/susmita_mukherjeeofficial

ഒരുകോടി രൂപയുടെ കടബാധ്യതയിൽ നിന്ന് കരകയറാൻ വേണ്ടി മാത്രം സി-ഗ്രേഡ് സിനിമകളിൽ പോലും അഭിനയിക്കേണ്ടി വന്ന തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ നാല് വർഷങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മുതിർന്ന ബോളിവുഡ് നടിയും നാടക സംവിധായികയുമായ സുസ്മിത മുഖർജി. കരംചന്ദ് എന്ന ക്ലാസിക് സീരിയലിലെ കിറ്റിയായും, ഗോൽമാൽ സിനിമയിലെ അന്ധയായ മുത്തശ്ശിയായും പ്രേക്ഷകരുടെ മനംകവർന്ന താരമാണ് സുസ്മിത.

തന്റെ മോശം സിനിമാ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ഒരാൾ ചോദ്യം ചെയ്തപ്പോൾ തനിക്കുണ്ടായ വേദനയെക്കുറിച്ച് സുസ്മിത അടുത്തിടെ പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ആരെയും ആശ്രയിക്കാനില്ലാതെ, ഒരുകോടി രൂപയുടെ കടക്കെണിയിൽ പെട്ടപ്പോൾ കുടുംബം പോറ്റാൻ വേണ്ടിയാണ് അത്തരം സിനിമകൾ ചെയ്യേണ്ടി വന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു.

'മാഡം, എന്തിനാണ് നിങ്ങൾ ഇത്രയും മോശം സിനിമകളിൽ അഭിനയിച്ചത്?' എന്ന ഒരു ആരാധകന്റെ ചോദ്യം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് സുസ്മിത ഓർത്തെടുക്കുന്നു. 'ഞാൻ പോണോഗ്രഫിയിലല്ല അഭിനയിച്ചത്, പക്ഷേ അങ്ങേയറ്റം മോശമായ സി-ഗ്രേഡ് സിനിമകളിൽ എനിക്ക് അഭിനയിക്കേണ്ടി വന്നു. എന്റെ ആത്മാവിനെ ഞാൻ വിറ്റു. അന്ന് എനിക്ക് അതിൽ സന്തോഷമുണ്ടായിരുന്നില്ല, ഇന്നും അഭിമാനമില്ല. പക്ഷേ കുടുംബത്തെ രക്ഷിക്കാൻ എനിക്ക് മുന്നിൽ മറ്റ് വഴികളുണ്ടായിരുന്നില്ല.' സുസ്മിത വേദനയോടെ പറയുന്നു.

Read More: മാംസാഹാരം ഉപേക്ഷിച്ചതിന് കാരണം ലിയോനാർഡോ ഡികാപ്രിയോ; ഹോളിവുഡ് താരം ഗ്വിനെത്ത് പാൽട്രോ പറയുന്നു 

ജീവിതത്തിലെ തകർച്ചകളെക്കുറിച്ച് ഇത്രയധികം തുറന്നുപറയാനുള്ള ധൈര്യം എവിടെ നിന്നാണ് ലഭിച്ചതെന്ന ചോദ്യത്തിന് സുസ്മിതയുടെ മറുപടി ഇങ്ങനെ: 'ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദന അനുഭവിച്ച ഘട്ടത്തിലാണ് എനിക്ക് ആ ധൈര്യം ലഭിച്ചത്. എങ്ങുമെത്താത്ത ഒരു പ്രോജക്റ്റിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഞാൻ. ഡേറ്റുകൾ നൽകിയതിനാൽ എന്റെ ആദ്യ പ്രണയമായ നാടകത്തിൽ പോലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.’

‘വലിയൊരു മാനസികാഘാതത്തിലൂടെയാണ് ഞാൻ കടന്നുപോയത്. കലാകാരന്മാർ സമൂഹത്തിന് എന്തെങ്കിലും നൽകുന്നവരായിരിക്കണം. എനിക്ക് പ്രായപൂർത്തിയായ മക്കളുണ്ട്, ഒരാളുടെ വിവാഹവും കഴിഞ്ഞു. എന്റെ കയ്യിൽ എത്ര പണമുണ്ടെന്നോ, മേക്കപ്പ് എങ്ങനെയുണ്ടെന്നോ ചിന്തിക്കാതെ, എന്നെത്തന്നെ തുറന്നുപ്രകടിപ്പിക്കേണ്ട സമയമാണിത്.'

നാല് വർഷം നീണ്ട കടുത്ത സാമ്പത്തിക പ്രതിസന്ധി പണത്തോടുള്ള തന്റെ കാഴ്ചപ്പാടിനെ പൂർണമായും മാറ്റിമറിച്ചുവെന്ന് സുസ്മിത പറയുന്നു.

'ഞാൻ പണത്തെ ഒരു ഊർജ്ജമായാണ് കാണുന്നത്. അത് എനിക്ക് വേണ്ടി മാത്രമുള്ളതല്ല, പങ്കുവെക്കപ്പെടേണ്ടതാണ്. എന്റെ കയ്യിൽ അവസാനത്തെ ആയിരം രൂപ മാത്രം ബാക്കിയുണ്ടായിരുന്നപ്പോഴും ഞാൻ ചിന്തിച്ചിരുന്നത്, 'പണം വരും, ഞാൻ ആരെയും ദ്രോഹിച്ചിട്ടില്ല, അതുകൊണ്ട് എനിക്ക് വേണ്ടത് വന്നുചേരും' എന്നായിരുന്നു. നമ്മുടെ ഉദ്ദേശ്യശുദ്ധിക്കനുസരിച്ച് പ്രപഞ്ചം നമുക്ക് അനുകൂലമായി മാറുമെന്ന് ഞാൻ തിരിച്ചറിഞ്ഞു.'

90-കളിൽ ദൂരദർശനിൽ തരംഗമായ 'ക്യാപ്റ്റൻ കുക്ക്' ഉപ്പിന്റെ പരസ്യത്തിൽ അഭിനയിക്കുമ്പോൾ താൻ ആദ്യത്തെ കുഞ്ഞിനെ ആറ് മാസം ഗർഭിണിയായിരുന്നുവെന്ന് സുസ്മിത ഓർത്തെടുക്കുന്നു. ഇന്നത്തെ കാലത്തെപ്പോലെ സെലിബ്രിറ്റികളുടെ ഗർഭകാലം അന്ന് ആഘോഷിക്കപ്പെട്ടിരുന്നില്ലെന്നും അവർ തുറന്നുപറഞ്ഞു.

'പ്രസവത്തിന് നാല് ദിവസം മുമ്പ് വരെ ഞാൻ അഭിനയിച്ചിരുന്നു. 'താര’ എന്ന സീരിയലിലായിരുന്നു അത്. വലിയൊരു കസേരയിൽ ഇരുത്തി പുതപ്പ് കൊണ്ട് മൂടിയാണ് അന്ന് ഷൂട്ട് ചെയ്തിരുന്നത്. അതിന് മുമ്പ്, ഞാൻ മൂന്ന് മാസം ഗർഭിണിയായിരുന്നപ്പോൾ ആ സീരിയലിൽ ഒരു കുഞ്ഞിനെ വായുവിലേക്ക് എറിയുന്ന രംഗം ചെയ്യേണ്ടി വന്നു.’

‘ആദ്യമായി അമ്മയാകാൻ പോകുന്ന എനിക്ക് അത് വലിയ ഞെട്ടലായിരുന്നു. കുഞ്ഞിനെ താഴെ ആളുകൾ പിടിച്ചുകൊള്ളുമെന്ന് സംവിധായകൻ ഉറപ്പുനൽകിയതുകൊണ്ട് ഞാൻ ആ ഷോട്ട് ചെയ്തു. പക്ഷേ, ഷോട്ട് കഴിഞ്ഞതും ഞാൻ പൊട്ടിക്കരഞ്ഞു പോയി. ഇനിയൊരിക്കലും ഇത് ചെയ്യാൻ കഴിയില്ലെന്ന് ഞാൻ അവരോട് പറഞ്ഞു.'

‘കുഞ്ഞുങ്ങൾ ജനിച്ച ശേഷവും അവരെ ഷൂട്ടിങ് സെറ്റുകളിൽ കൂടെ കൊണ്ടുപോയിരുന്നു. അന്ന് ഇന്നത്തെപ്പോലെ ആഡംബര കാരവനുകളൊന്നും ഉണ്ടായിരുന്നില്ല. സാധാരണ മുറികളിലാണ് ഞങ്ങൾ വിശ്രമിച്ചിരുന്നത്. ഷൂട്ടിങ്ങിനിടയിൽ സ്റ്റാഫുകൾ കുഞ്ഞിനെ കൊണ്ടുവരും, ഞാൻ പാലുകൊടുക്കും.’

‘ഞങ്ങൾ വയറുകാട്ടി ഫോട്ടോഷൂട്ടുകളൊന്നും നടത്തിയിരുന്നില്ല, അതിനെ ആഘോഷമാക്കിയിരുന്നില്ല. കുഞ്ഞിനെയും നോക്കി ജോലിയും ചെയ്ത് ജീവിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ സ്വാഭാവികമായ കാര്യമായിരുന്നു,' സുസ്മിത വ്യക്തമാക്കി.

Read More: 'ആ സംശയം നമ്മളെ ഉള്ളിൽ നിന്ന് കൊല്ലും'; രണ്ടുതവണ ഗർഭമലസിയതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ഗൗഹർ ഖാൻ 

2002-ലാണ് സുസ്മിതയുടെയും ഭർത്താവിന്റെയും ജീവിതം കീഴ്‌മേൽ മറിഞ്ഞത്. ഇരുവരും ചേർന്ന് നടത്തിയിരുന്ന പ്രയാസ് പ്രൊഡക്ഷൻ എന്ന മീഡിയ കമ്പനി വലിയ സാമ്പത്തിക പ്രതിസന്ധിയിലാവുകയും പാപ്പരാവുകയും ചെയ്തു. പുതിയ സാങ്കേതികവിദ്യയെയും നിക്ഷേപ രീതികളെയും കുറിച്ചുള്ള അറിവില്ലായ്മയായിരുന്നു തകർച്ചയ്ക്ക് കാരണം.

ഇതോടെ ഏകദേശം ഒരു കോടി രൂപയുടെ കടബാധ്യത അവരുടെ തലയിലായി. കടം നൽകിയവരും റിക്കവറി ഏജന്റുമാരും വീട്ടിലെത്തി അസഭ്യം പറയാനും ഭീഷണിപ്പെടുത്താനും തുടങ്ങിയതോടെ ജീവിതം ദുസ്സഹമായി. കുഞ്ഞുങ്ങൾ ചെറുതായിരുന്ന ആ കാലഘട്ടത്തിൽ, കുടുംബത്തെ സംരക്ഷിക്കാൻ മറ്റ് മാർഗങ്ങളില്ലാതെയാണ് സുസ്മിത വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്.

കിട്ടുന്ന പണമെല്ലാം കടം വീട്ടാനായി മാറ്റിവെച്ചു. മൂന്ന് നാല് വർഷത്തെ കഠിനാധ്വാനത്തിലൂടെയാണ് ഭർത്താവും സുസ്മിതയും ചേർന്ന് ആ ഒരു കോടി രൂപയുടെ കടം പൂർണ്ണമായും വീട്ടിത്തീർത്തത്. കടബാധ്യതകൾ തീർത്തതിന് പിന്നാലെ മക്കളുടെ ഉന്നതവിദ്യാഭ്യാസം എന്ന വലിയ ഉത്തരവാദിത്തം മുന്നിലെത്തി. പഠനത്തിൽ മിടുക്കരായിരുന്ന മക്കളെ വിദേശത്തയച്ച് പഠിപ്പിക്കണമെന്നത് സുസ്മിതയുടെ വലിയ ആഗ്രഹമായിരുന്നു.

ഇന്ത്യയിൽ നല്ല കോളേജുകളില്ലേ എന്ന് ഭർത്താവ് ചോദിച്ചെങ്കിലും, മക്കൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകണമെന്ന് അവർ ഉറപ്പിച്ചു. അങ്ങനെ ഒരാളെ ഓസ്ട്രേലിയയിലേക്കും മറ്റൊരാളെ ന്യൂസിലൻഡിലേക്കും ബിരുദപഠനത്തിനായി അയച്ചു. വിദേശപഠനത്തിന്റെ ഭീമമായ ചെലവുകൾ താങ്ങുന്നതിനായി, മുന്നിൽ വന്ന സിനിമകളെല്ലാം സ്വീകരിക്കാൻ അവർ നിർബന്ധിതയായി.

അഭിനയത്തിന് പുറമെ അധ്യാപികയായി ജോലി ചെയ്തും, തികച്ചും ഒരു സാധാരണക്കാരിയുടെ ജീവിതം നയിച്ചുമാണ് അവർ ആ പ്രതിസന്ധികളെ അതിജീവിച്ചത്. ഇന്ന് സാമ്പത്തികമായി സുരക്ഷിതയായ സുസ്മിത, തന്റെ ആത്മാവിനെ സ്പർശിക്കുന്ന കഥാപാത്രങ്ങൾ മാത്രമേ തിരഞ്ഞെടുക്കാറുള്ളൂ.

ഡബ്ബ കാർട്ടൽ, നയി നവേലി തുടങ്ങിയ പ്രോജക്റ്റുകളിലും, വ്യത്യസ്ത ജാതിയിലും വർഗത്തിലും പെട്ട മൂന്ന് സ്ത്രീകളുടെ ജീവിതം പറയുന്ന നാരിബായ് എന്ന ഏകാംഗ നാടകത്തിലൂടെയും അവർ അഭിനയരംഗത്ത് സജീവമാണ്.

Content Highlights: Discover how Sushmita Mukherjee tackled a severe financial crisis, acting in low-grade films to repay debts and secure her family's future.